കൊച്ചി: നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി 3,976.65 കോടി രൂപയിലെത്തി. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേകാലയളവിലെ 3,059.74 കോടി രൂപയുടെ കയറ്റുമതിയില്‍ നിന്നും മുപ്പതു ശതമാനം വളര്‍ച്ചയാണ് ഇത്തവണ കൈവരിക്കാനായത്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യമിടുന്ന 14014 കോടി രൂപയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയില്‍ 28 ശതമാനവും ആദ്യ പാദത്തില്‍ നേടിയെടുക്കാനായി.
വെളുത്തുള്ളി, കുരുമുളക്, ചെറിയ ഏലം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ എണ്ണ, ഓലിയോറെസിന്‍ എന്നിവയുടെ കയറ്റുമതിയാണ് ഏപ്രില്‍-ജൂണ്‍ മാസത്തിലെ വളര്‍ച്ചയില്‍ ഗണ്യമായ പങ്കുവഹിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ മൊത്തം 215,215 ടണ്‍ സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷത്തെ സമാന കാലയളവിലെ കയറ്റുമതി 213,443 ടണ്‍ ആയിരുന്നു.
ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണികണ്ടെത്തുന്നതിനായി സ്‌പൈസസ് ബോര്‍ഡ് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഒന്നാം പാദത്തിലെ ഗണ്യമായ കയറ്റുമതി വളര്‍ച്ചയ്ക്ക് കാരണമെന്ന് സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജയതിലക് പറഞ്ഞു.
മുന്‍ വര്‍ഷത്തിലെ ഒന്നാം പാദത്തേക്കാള്‍ 201 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി കുരുമുളക് കയറ്റുമതി 635.9 കോടിരൂപയിലെത്തി. മുന്‍വര്‍ഷത്തെതില്‍ നിന്നും 148 ശതമാനം വളര്‍ച്ചയാണ് കുരുമുളകിന്റെ അളവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 3,725 ടണ്‍ സുഗന്ധ എണ്ണയും ഓലിയോറെസിനും 564.65 കോടി രൂപയുടെ കയറ്റുമതി രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെക്കാള്‍ 24 ശതമാനം വളര്‍ച്ചയും മൂല്യത്തില്‍ 40 ശതമാനം വര്‍ദ്ധനയും നേടാനായി.
കയറ്റുമതിചെയ്യപ്പെട്ട 4,250 ടണ്‍ പുതിനയും അനുബന്ധ ഉല്‍പ്പന്നങ്ങളും 455 കോടിരൂപയുടെ വിദേശ നാണ്യമാണ് നേടിത്തന്നത്. ഏകദേശം 430.8 കോടിരൂപയുടെ ജീരക കയറ്റുമതിയാണ് ആദ്യ പാദത്തില്‍ നടന്നത്. 24,500 ടണ്‍ മഞ്ഞള്‍ കയറ്റുമതിയിലൂടെ 238.4 കോടി രൂപ ലഭിച്ചു.
ആദ്യ പാദത്തില്‍ 10,500 ടണ്‍ ഉലുവയാണ് കയറ്റുമതി ചെയ്തത്. ഇതിലൂടെ 65,94 കോടി രൂപ ലഭിച്ചു. പോയവര്‍ഷം ഇത് 27.26 കോടിരൂപ, 5,922 ടണ്‍ എന്ന നിലയിലായയിരുന്നു. ഉലുവയുടെ മൂല്യത്തിലും 142 ശതമാനം വര്‍ദ്ധനയുണ്ടായി. 38.72 കോടി രൂപയുടെ ജാതിക്കയും ജാതിപത്രിയുമാണ് വിദേശത്ത് വിറ്റഴിഞ്ഞത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇവയുടെ കയറ്റുമതി 24.77 കോടിരൂപയായിരുന്നു.
കഴിഞ്ഞവര്‍ഷത്തെ നിരക്കായ 1381 രൂപയില്‍ നിന്നും നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ വലിയ ഏലത്തിന്റെ ശരാശരി വില കിലോയ്ക്ക് 1833 രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തിലെ ആദ്യ പാദത്തില്‍ നിന്നും 142 ശതമാനം വളര്‍ച്ച നേടി ചെറിയ ഏലത്തിന്റെ കയറ്റുമതിയിലൂടെ 91.69 കോടി രൂപ ലഭിച്ചു.
2014-15 വര്‍ഷത്തെ ആദ്യ പാദത്തില്‍ നിന്നും ഈ സാമ്പത്തിക വര്‍ഷം വെളുത്തുള്ളി കയറ്റുമതിയുടെ അളവില്‍ 272 ശതമാനവും മൂല്യത്തില്‍ 392 ശമാനവും വര്‍ദ്ധനവുണ്ടായി. 4,250 ടണ്‍ വെളുത്തുള്ളി കയറ്റുമതിയിലൂടെ 22.47 കോടിരൂപ ലഭിച്ചു. മുന്‍ വര്‍ഷം ആദ്യ പാദത്തില്‍ 1,142 ടണ്‍ കയറ്റുമതിയിലൂടെ 4.56 കോടിരൂപയാണ് നേടാനായത്. മല്ലി, കടുക്, പെരുംജീരകം, അയമോദകം എന്നിവയുടെ ശരാശരിവില മുന്‍വര്‍ഷത്തെ സമാന കാലയളവിന് തുല്യമാണ്.
No comments:
Post a Comment