കൊച്ചി: വിപണിയിലെ ആവശ്യകത കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരമുള്ള മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ തയ്യാറാക്കുന്നതിന് പൂര്‍ണമായും യന്ത്രവല്‍ക്കരിച്ച പുതിയ നിര്‍മ്മാണ പ്ലാന്റ് സര്‍ക്കാര്‍ സ്ഥാപിക്കുമെന്ന് ഫിഷറീസ്, തുറമുഖ, എക്‌സൈസ് വകുപ്പു മന്ത്രി ശ്രീ കെ ബാബു പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ മൂല്യവര്‍ദ്ധിതമത്സ്യ ഉല്‍പ്പന്നമായ ഡ്രിഷ് കേരളയുടെ വിപണനോദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ടണ്‍ ഉല്‍പ്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ വിശദമായ രൂപരേഖ ദേശീയ ഫിഷറീസ് ബോര്‍ഡിനു സമര്‍പ്പിച്ചിട്ടുണ്ട്. നിലവിലുള്ളതിന്റെ മൂന്നിരട്ടിയാണ് പുതിയ പ്ലാന്റിന്റെ ശേഷി. കൂടുതല്‍ മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി സര്‍ക്കാര്‍ വിപണിയില്‍ സജീവമാകുന്നതിലൂടെ കേരളത്തിന്റെ തീരദേശങ്ങളിലെ വലിയൊരു വിഭാഗം വനിതകള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
മത്സ്യവിതരണക്കാരുടെ സഹായത്തോടെ പുതിയ ഉല്‍പ്പന്നങ്ങള്‍ കേരളത്തിലൂടനീളം ലഭ്യമാക്കുമെന്ന് തീരദേശ വികസന കോര്‍പ്പറേഷന്‍ എംഡി ഡോ കെ അമ്പാടി പറഞ്ഞു. ഭാവിയില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാന വിപണികളിലേക്കും ഡ്രിഷ് കേരള ഉല്‍പ്പന്നങ്ങളെത്തിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലത്ത് ശക്തികുളങ്ങളരയിലെ പ്ലാന്റില്‍ ഉണക്കിയെടുത്ത നീണ്ടകര കരിക്കാടി, അഷ്ടമുടി തെള്ളി, മലബാര്‍ നത്തോലീ എന്നീ ഇനങ്ങള്‍ യഥാക്രമം നീണ്ടകര, അഷ്ടമുടി, മലബാര്‍ എന്നീ പേരുകളിലാകും വില്‍പ്പനക്കെത്തുന്നത്. ഫിഷ് ലാന്റിംഗ് സെന്ററുകളില്‍ നിന്ന് നേരിട്ട് ശക്തികുളങ്ങരയിലെ ആധുനിക പ്ലാന്റിലെത്തിക്കുന്ന മത്സ്യം വൃത്തിയാക്കി അന്താരാഷ്ട്ര നിലാവാരമനുസരിച്ച് ഉണക്കിയെടുക്കുന്നു. നിറവും ഗുണവും നഷ്ടപ്പെടാത്ത തരത്തിലാണ് പാക്കേജിംഗ്.