കൊച്ചി: രാജ്യത്തെ പ്രമുഖ സംയോജിത അടിസ്ഥാനസൗകര്യ വായ്‌പാ സ്ഥാപനമായ ഐഡിഎഫ്‌സി ആരംഭിക്കുന്ന ബാങ്കിന് ഐഡിഎഫ്‌സി ബാങ്ക് എന്നു പേരിട്ട്, പുതിയ ലോഗോയും പുറത്തിറക്കി. ബാങ്ക് ഒക്‌ടോബര്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. ഈ വര്‍ഷം ജൂലൈയിലാണ് ഐഡിഎഫ്‌സിക്കു ബാങ്ക് തുടങ്ങാന്‍ അനുമതി ലഭിച്ചത്.
ഐഡിഎഫ്‌സി ലിമിറ്റഡിന്റെ വായ്‌പാ ബിസിനസ് പൂര്‍ണമായും ഐഡിഎഫ്‌സി ബാങ്കിന് കൈമാറും. ഐഡിഎഫ്‌സി ലിസ്റ്റഡ് ഹോള്‍ഡിംഗ് കമ്പനിയായി തുടരും.
ഐഡിഎഫ്‌സി ബാങ്കിന്റെ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായി ഡോ. രാജീവ് ലാലിനെ നിയമിച്ചു. മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ബെയ്‌ജാല്‍ നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി ഒമ്പതംഗ ഡയറക്‌ടര്‍ ബോര്‍ഡും രൂപീകരിച്ചു. മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ്, ഐസിആര്‍ഐഇആറില്‍ ഇന്‍ഫോസിസ് ചെയര്‍ പ്രഫസര്‍ (അഗ്രികള്‍ച്ചര്‍) അശോക് ഗുലാത്തി, ലോകബാങ്കിന്റെ മുന്‍ മാനേജിംഗ് ഡയറക്‌ടര്‍ (ഓപ്പറേഷന്‍സ്) ഗൗതം കാജി, ഗോള്‍ഡ്‌മാന്‍ സാക്‌സ് മുന്‍ മാനേജിംഗ് ഡയറക്‌ടര്‍ അജയ് സോന്ധി, സിറ്റി ബാങ്ക് ഇന്ത്യ മുന്‍ സിഎഫ്‌ഒ അഭിജിത് സെന്‍, സ്വാധാര്‍ മൈക്രോഫിനാന്‍സ് സ്ഥാപക വീണ മാന്‍കര്‍, ഐഡിഎഫ്‌സി മാനേജിംഗ് ഡയറക്‌ടറും സിഇഒയുമായ വിക്രം ലിമായെ എന്നിവരാണി ഡയറക്‌ടര്‍ ബോര്‍ഡിലെ മറ്റ് അംഗങ്ങള്‍.
രാജ്യത്തിന്റെ മാറ്റത്തേയും ഊര്‍ജത്തേയും യുവത്വത്തേയും പ്രതീക്ഷയേയും പ്രതിഫലിപ്പിക്കുന്ന വളരെ വര്‍ണപ്പകിട്ടേറിയ ലോഗോയാണ് ഐഡിഎഫ്‌സി ബാങ്ക് സ്വീകരിച്ചിട്ടുളളത്. ആധുനിക ഇന്ത്യയുടെ ഈ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന വയലറ്റ്, മഞ്ഞ, പിങ്ക്, ഓറഞ്ച് നിറങ്ങളടങ്ങിയ തെളിവുളള ലോഗോ ആണ് ബാങ്ക് സ്വീകരിച്ചിട്ടുളളതെന്ന് മാനേജിംഗ് ഡയറക്‌ടര്‍ ഡോ. രാജീവ് ലാല്‍ പറഞ്ഞു. പ്രസന്നമായ ഈ നിറങ്ങള്‍ ഐഡിഎഫ്‌സി ബാങ്കിന്റെ സുതാര്യതയെ എടുത്തുകാട്ടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഐഡിഎഫ്‌സി ബാങ്ക്: ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലേക്കു പ്രവേശിക്കുന്ന ഏറ്റവും പുതിയ ബാങ്കായ ഐഡിഎഫ്‌സി ബാങ്ക് ഒക്‌ടോബര്‍ ഒന്നിനു പ്രവര്‍ത്തനം തുടങ്ങും. മികച്ച സാങ്കേതിക വിദ്യയുടെയും കാര്യക്ഷതയുടേയും പിന്‍ബലത്തില്‍ കമ്പനികള്‍, രാജ്യത്തെമ്പാടുമുളള നഗരം- ഗ്രാമീണ ഉപഭോക്താക്കള്‍ക്ക് മികച്ച ബാങ്കിംഗ് സൊലൂഷന്‍ നല്‌കുകയെന്നതാണ് ബാങ്കിന്റെ ലക്ഷ്യം. ഇടപാടുകാര്‍ക്കു പുതിയൊരു ബാങ്കിംഗ് അനുഭവം ലഭ്യമാക്കുകയാണ് ഐഡിഎഫ്‌സി ബാങ്ക്. 1997-ല്‍ പ്രവര്‍ത്തനം തുടങ്ങിയതു മുതല്‍ ഐഡിഎഫ്‌സി നല്‌കിയിരുന്നതുപോലെ അടിസ്ഥാനസൗകര്യമേഖലയ്‌ക്കുളള പിന്തുണ ഐഡിഎഫ്‌സി ബാങ്കും തുടര്‍ന്നും നല്‌കും.