വരുംതലമുറ ഡിജിറ്റല്‍ പേമെന്റ് സംവിധാനം ഒരുക്കാനായി
ടെക്‌പ്രോസസും ഏഷ്യാനെറ്റ് മൊബൈല്‍ ടിവിയുമായി പങ്കാളിത്തം
കൊച്ചി: ഏഷ്യാനെറ്റ് വരിക്കാര്‍ക്കു വരുംതലമുറ ഡിജിറ്റല്‍
പേമെന്റ് സംവിധാനം ഒരുക്കുവാനായി ഇന്ത്യയിലെ പ്രമുഖ ഇല്‌ക്‌ട്രോണിക് പേമെന്റ്
പ്ലാറ്റ്‌ഫോമായ ടെക്‌പ്രോസസും ഏഷ്യാനെറ്റ് മൊബൈല്‍ ടിവിയുമായി പങ്കാളിത്തം
പ്രഖ്യാപിച്ചു. കേരളത്തിലെ ഏറ്റവും വലിയ കേബിള്‍ ടിവി നെറ്റ്‌വര്‍ക്കായ
ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ രൂപം നല്‌കിയ ആപ്പാണ് ഏഷ്യാനെറ്റ്
മൊബൈല്‍ ടിവി.
രാജ്യത്തിനകത്തും പുറത്തുമുള്ള ഏഷ്യാനെറ്റ് മൊബൈല്‍ ടിവി
വരിക്കാര്‍ക്കു സുരക്ഷിതവും സൗകര്യപ്രദവുമായ കേന്ദ്രീകൃത ബഹുമുഖ ഡിജിറ്റല്‍
പേമെന്റ് സംവിധാനമാണ് ഈ കൂട്ടുകെട്ടിലൂടെ ഒരുക്കുന്നത്. യുഎഇക്കു പുറമേ
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ആന്ധ്രാപ്രദേശ്,
തെലുങ്കാന എന്നിവിടങ്ങളില്‍ ഏഷ്യാനെറ്റിനു വന്‍തോതില്‍ വരിക്കാരുണ്ട്. കര്‍ണാടകം,
ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍ മാത്രമായി ഏഷ്യാനെറ്റിന് അഞ്ചു
ലക്ഷത്തോളം വരിക്കാരുണ്ട്.
2006 മുതല്‍ ഏഷ്യാനെറ്റ് അവരുടെ സേവനങ്ങള്‍
ഡിജിറ്റലൈസ് ചെയ്‌തുവരികയായിരുന്നു. ഈ ലക്ഷ്യത്തോട് ഒത്തുപോകുന്ന വിധത്തില്‍
ഏഷ്യാനെറ്റ് പുതിയ പേമെന്റ് പ്ലാറ്റ്‌ഫോം സ്വീകരിക്കുകയാണ്. ക്രെഡിറ്റ്,
ഡെബിറ്റ് കാര്‍ഡ്, കാഷ് കാര്‍ഡ്, ഇ-വാലറ്റ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ
വിവിധ പേമെന്റ് രീതികള്‍ക്കു യോജിച്ച വിധത്തിലുള്ള പേമെന്റ് ഗേറ്റ്‌വേ സര്‍വീസ്
ലഭ്യമാക്കുന്നു. ഓരോ പേമെന്റും അതാതു ദിവസം അപ്‌ഡേറ്റ് ചെയ്‌തു ഒറ്റ
ഡാഷ്‌ബോര്‍ഡില്‍ ലഭ്യമാക്കുകയും ചെയ്യുന്നു. പേമെന്റ് സംബന്ധിച്ച വിവരങ്ങള്‍
ഉപഭോക്താവിനു നിശ്ചിത സമയത്തിനുള്ളില്‍ അന്വേഷിച്ചറിയാനുള്ള സംവിധാനവും
ലഭ്യമാക്കിയിട്ടുണ്ട്.
പ്രതിമാസ ബില്ലുകള്‍ അടയ്‌ക്കാനുള്ള സംവിധാനം അടുത്ത
തലമുറ പേമെന്റ് പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കിയിട്ടള്ളതിനാല്‍ ഇനി മുതല്‍
ഉപഭോക്താവിനു ക്യൂ നില്‌ക്കേണ്ടതായി വരികയില്ല. ടെക് പ്രോസസ് പേമെന്റ്
പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പ്രതിമാസ, ത്രൈമാസ, അര്‍ധവാര്‍ഷിക, വാര്‍ഷിക വരിസംഖ്യ
സുരക്ഷിതമായും സൗകര്യപ്രദമായും ഏതു സമയത്തും എവിടെനിന്നും അടയ്‌ക്കുവാന്‍
കഴിയും.
ഏഷ്യാനെറ്റിന്റെ ബിസിനസ് ലക്ഷ്യം നേടുവാന്‍ ടെക് പ്രോസസിന്റെ അടുത്ത
തലമുറ പേമെന്റ് പ്ലാറ്റ്‌ഫോം സഹായകമാകുമെന്ന് ടെക് പ്രോസസ് സിഇഒ കുമാര്‍
കാര്‍പ് അഭിപ്രായപ്പെട്ടു. ഏഷ്യാനെറ്റ് മൊബൈല്‍ ടിവി വരിക്കാര്‍ക്ക് അത്രയ്‌ക്കു
സുരക്ഷിതമായി ഏതു പേമെന്റ് രീതിയിലും വരിസംഖ്യ അടയ്‌ക്കുവാന്‍ സാധിക്കും. ഈ
പേമെന്റ് സംവിധാന എത്തുന്നതോടെ ഏഷ്യാനെറ്റിന്റെ ഓണ്‍ലൈന്‍ ഇടപാടില്‍ വര്‍ധന
പ്രതീക്ഷിക്കാമെന്നും അതുവഴി ചെലവുകള്‍ കുറയ്‌ക്കാന്‍ കഴിയുമെന്നും കുമാര്‍
കാര്‍പ് കൂട്ടിച്ചേര്‍ക്കുന്നു.