കേരളത്തിൽ മത്സ്യലഭ്യത കുറഞ്ഞു; മത്തി കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ
രാജ്യത്തെ മൊത്ത സമുദ്രമത്സ്യോൽപാദനത്തിൽ നേരിയ വർധനവ്
കൊച്ചി: കേരളത്തിൽ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ വൻ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുൻവർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്. 2019ൽ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആർഐ പുറത്തുവിട്ടത്.
കേരളീയരുടെ ഇഷ്ടമീനായ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ൽ ഇത് 77,093 ടൺ ആയിരുന്നു. 2012ൽ 3.9 ലക്ഷം ടൺ സംസ്ഥാനത്ത്് നിന്ന് പിടിച്ചിരുന്നു. അതിന് ശേഷമുള്ള ഓരോ വർഷങ്ങളിലും മത്തി കുറഞ്ഞുവന്നെങ്കിലും 2017ൽ ചെറിയ തോതിൽ കൂടി. എന്നാൽ, കഴിഞ്ഞ രണ്ട് വർഷങ്ങളിലും മത്തിയുടെ ഉൽപാദനം വീണ്ടും താഴോട്ടാണ്. സമുദ്രആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിക്കുന്നതാണ് കാരണം.
ഈ കണ്ടെത്തലിനെ തുടർന്ന്, കഴിഞ്ഞ വർഷം കേരളത്തിൽ മത്തി കുറയുമെന്ന് സിഎംഎഫ്ആർഐ നേരത്തെ തന്നെ പ്രവചിച്ചിരുന്നു. അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. ലഭിച്ചത് 40,554 ടൺ. 2018ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോൽപാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം (74,194 ടൺ).
ദേശീയതലത്തിൽ നേരിയ വർധനവ്
കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്തെ മൊത്തം സമുദ്രമത്സ്യോൽപാദനത്തിൽ 2.1 ശതമാനത്തിന്റെ നേരിയ വർധനവുണ്ട്. ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്. സംസ്ഥാനത്ത് മാത്രമല്ല, രാജ്യത്താകെ അയലയുടെ ലഭ്യതയിൽ ഇത്തവണ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ ആറ് വർഷമായി തുടർച്ചായി ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്തിനെ മറികടന്നാണ് തമിഴ്‌നാട് ഒന്നാമതെത്തിയത്. ഇന്ത്യയിലെ ആകെയുള്ള മത്സ്യലഭ്യതയിൽ 21.7 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം വിപണിയിൽ ആവശ്യക്കാരില്ലാത്തതും വാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്്. മത്സ്യത്തീറ്റ ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗക്കുന്നത്. കേരളത്തിൽ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകൾ കാരണം മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടായി. പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഒഡീഷ, കർണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കൂടിയപ്പോൾ കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിൽ ലഭ്യത കുറഞ്ഞു.
സാമ്പത്തിക മൂല്യം കൂടി
കഴിഞ്ഞ വർഷം രാജ്യത്താകെ ലാൻഡിംഗ് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 15.6 ശതമാനമാണ് വർധനവ്. കേരളത്തിൽ 12,387 കോടി രൂപയുടെ മത്സ്യമാണ് ലാൻഡിംഗ് സെന്ററുകളിൽ വിറ്റത്. 2.35 ശതമാനത്തിന്റെ വർധനവുണ്ട്.
ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 92,356 കോടി രൂപയുടെ മീനാണ് രാജ്യത്താകെ വിൽപന നടത്തിയത് (വർധനവ് 15%). കേരളത്തിൽ 17,515 കോടി രൂപയുടെ മീൻ ചില്ലറ വ്യാപാരത്തിലൂടെ വിൽപന നടത്തി. വർധനവ് 18.97 ശതമാനം.
ലാൻഡിംഗ് സെന്ററുകളിൽ ഒരു കിലോ മീനിന് 12.2 ശതമാനം കൂടി ശരാശരി വില 170.5 രൂപയും ചില്ലറ വ്യാപാരത്തിൽ 12 ശതമാനം കൂടി 258 രൂപയും ലഭിച്ചു.
സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് കണക്കുകൾ തയ്യാറാക്കിയത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, ഡോ ടി വി സത്യാനന്ദൻ, ഡോ പ്രതിഭ രോഹിത്, ഡോ പി യു സക്കറിയ, ഡോ പി ലക്ഷ്മിലത, ഡോ ഇ എം അബ്ദുസ്സമദ്, ഡോ ജോസിലിൻ ജോസ്, ഡോ ആർ നാരായണകുമാർ, ഡോ സി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
No comments:
Post a Comment