Wednesday, June 14, 2017

വിസാ തട്ടിപ്പുകള്‍ക്കെതിരെ ശക്തമായ പ്രചാരണവുമായി വി.എഫ്‌.എസ്‌. ഗ്ലോബല്‍





എളുപ്പത്തില്‍ പണമുണ്ടാക്കാനായി നിരവധി തട്ടിപ്പുകളാണ്‌ പലരും ദിവസം തോറും മെനഞ്ഞെടുക്കുന്നത്‌. ബാങ്കിങ്‌, ആതിഥേയ വ്യവസായ രംഗം, വിദ്യാഭ്യാസം, യാത്ര തുടങ്ങിയ മേഖലകളിലായി തട്ടിപ്പുകളുടെ വ്യാപ്‌തി വര്‍ധിച്ചു വരുന്നതാണ്‌ ഓരോ ദിവസവും കാണുന്നത്‌. ഇതിനിടെ വിസാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികളും ഉയര്‍ന്നു വരുന്നത്‌ ലോകത്തിലെ ഏറ്റവും വലിയ വിസാ സേവന സ്ഥാപനമായ വി.എഫ്‌.എസ്‌. ഗ്ലോബലിനെ ആശങ്കപ്പെടുത്തുന്നുണ്ട്‌. ഇതു കണക്കിലെടുത്ത്‌ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ വിസാ തട്ടിപ്പുകള്‍ തടയുക എന്ന പ്രമേയവുമായി പ്രത്യേക പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാനാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ തീരുമാനിച്ചിരിക്കുന്നത്‌. ആഗോള വ്യാപകമായി 52 സര്‍ക്കാരുകള്‍ക്കായി വിസാ സേവനങ്ങള്‍ ലഭ്യമാക്കുന്ന വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഈ പ്രചാരണ പരിപാടിയെ അതിന്റേതായ പ്രാധാന്യത്തോടെയാണ്‌ അവതരിപ്പിക്കുന്നത്‌. വിദേശത്തെ ജോലിയെക്കുറിച്ചോ കുടിയേറ്റത്തെക്കുറിച്ചോ വി.എഫ്‌.എസ്‌. വിസാ ഏജന്റുമാര്‍ എന്ന വ്യാജേന തെറ്റായ വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിനെതിരെ പൊതുജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുകയാണ്‌ ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. 
കേരളം, ആന്ധ്രാ പ്രദേശ്‌, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നും ചണ്ഡിഗഡ്‌, ജലന്ധര്‍ പോലുള്ള ഇടത്തരം നഗരങ്ങളില്‍ നിന്നുമാണ്‌ കൂടുതല്‍ പരാതികള്‍ ലഭിക്കുന്നത്‌. ആസ്‌ട്രേലിയ, ന്യൂസിലാന്റ്‌, കാനഡ തുടങ്ങിയിടങ്ങളിലേക്കുള്ള കുടിയേറ്റം സംബന്ധിച്ച വ്യാജ വാഗ്‌ദാനങ്ങളെക്കുറിച്ചാണ്‌ ഈ പരാതികള്‍ ഏറെയും. 
ഇതിനിടെ വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഉപഭോക്താക്കളുമായി ബന്ധപ്പെടുന്ന മേഖലകളായ കോള്‍ സെന്ററുകള്‍, ഇന്‍വോയ്‌സ്‌, രശീതികള്‍, എസ്‌.എം.എസുകള്‍, ഇമെയിലുകള്‍ എന്നിവയില്‍ തട്ടിപ്പുകള്‍ക്കെതിരായ സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതിക്കു തുടക്കം കുറിച്ചിരുന്നു. ഇപ്പോള്‍ നടന്നു വരുന്ന തട്ടിപ്പുകളെക്കുറിച്ച്‌ പൊതുജനങ്ങളെ മൊത്തത്തിലും വിസാ അപേക്ഷകരെ പ്രത്യേകമായും ബോധവല്‍ക്കരിക്കുന്നതിനാണ്‌ ഈ സന്ദേശങ്ങള്‍ വഴി ശ്രമിക്കുന്നത്‌. 
വളരെ ലളിതമായ രീതി ഉപയോഗിച്ചാണ്‌ തട്ടിപ്പുകാര്‍ വിസാ അപേക്ഷകരെ കുടുക്കിലാക്കുന്നത്‌. സംശയാലുക്കളല്ലാത്ത വിസാ അപേക്ഷകരെ വി.എഫ്‌.എസ്‌. ഗ്ലോബലില്‍ നിന്നെന്ന വ്യാജേന ഫോണ്‍ ചെയ്യുക എന്നതാണ്‌ ഇതിന്റെ ആദ്യ പടി. വിളിക്കുന്ന ഫോണിന്റെ നമ്പര്‍ സ്‌പൂഫിങ്‌ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിച്ചു മറക്കുകയും ചെയ്യും. കോള്‍ ലഭിക്കുന്നവര്‍ക്ക്‌ ഇത്‌ രജിസ്‌ട്രേഡ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ നമ്പറില്‍ നിന്നുള്ള കോളാണെന്നു തോന്നുകയും ചെയ്യും. വിളിക്കുന്നതിനിടെ കമ്പനി വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ച്‌ പരിശോധന നടത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്യും. 
ഇങ്ങനെ വിളിക്കുന്നയാള്‍ വിദേശത്തെ ജോലി സംബന്ധിച്ചോ കുടിയേറ്റം സംബന്ധിച്ചോ വാഗ്‌ദാനങ്ങള്‍ നല്‍കും. അതുമല്ലെങ്കില്‍ വിസാ അപേക്ഷകരോട്‌ അതു നിരസിക്കപ്പെടുന്നതിനോ നാടു കടത്തപ്പെടുന്നതിനോ ഉള്ള സാധ്യതകളെക്കുറിച്ചു സൂചന നല്‍കും. ഇങ്ങനെയെത്തുന്ന ആദ്യ ഫോണ്‍ കോളിനു തുടര്‍ച്ചയായി ഔദ്യോഗികമെന്നു തോന്നിക്കുന്ന രീതിയില്‍ വ്യാജമായ തൊഴില്‍ ഓഫര്‍ ലെറ്ററുകള്‍ തയ്യാറാക്കി അയക്കുകയും ചെയ്യും. വ്യാജ ഇമെയില്‍ വിലാസങ്ങള്‍ സൃഷ്ടിച്ച്‌ അതില്‍ നിന്നായിരിക്കും ഇങ്ങനെ മെയിലുകള്‍ അയക്കുക. ഇങ്ങനെ ഒരു അടിത്തറ സൃഷ്ടിച്ചു കഴിഞ്ഞാല്‍ അപേക്ഷകരോട്‌ മൊത്തമായ ഒരു തുക ബാങ്ക്‌ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാനാവും തുടര്‍ന്ന്‌ ആവശ്യപ്പെടുക. ഇമെയിലില്‍ സൂചിപ്പിച്ചിരിക്കുന്ന അക്കൗണ്ടിലേക്കു നിക്ഷേപം നടത്താനാവും പലപ്പോഴും ആവശ്യപ്പെടുക. 
ചെറിയൊരു വിഭാഗം വി.എഫ്‌.എസ്‌. വിസാ അപേക്ഷകരെങ്കിലും ഈ കെണിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌ എന്നതു നിര്‍ഭാഗ്യകരമാണ്‌. ഇത്തരം വിസാ തട്ടിപ്പുകളെക്കുറിച്ചു ജാഗ്രത പുലര്‍ത്താന്‍ ആവശ്യപ്പെട്ടാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍ ഉപഭോക്താക്കള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ ആരംഭിച്ചത്‌. കോള്‍ സെന്ററുകള്‍, എസ്‌.എം.എസ്‌. അലര്‍ട്ട്‌, വെബ്‌സൈറ്റ്‌ പുതുക്കലുകള്‍, ഇമെയിലുകള്‍ തുടങ്ങിയവ വഴിയാണ്‌ ഈ മുന്നറിയിപ്പുകള്‍ നല്‍കുന്നത്‌. ഫോണിലൂടെയോ ഇമെയിലൂടെയോ അപേക്ഷകരുടെ വ്യക്തിഗത വിവരങ്ങള്‍ തേടാനോ പണമടക്കലുകള്‍ നടത്താനോ ജോലി വാഗ്‌ദാനങ്ങള്‍ നല്‍കാനോ വി.എഫ്‌.എസ്‌. ഗ്ലോബലിന്റെ ജീവനക്കാരേയോ ഏജന്റുമാരേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നതാണ്‌ വസ്‌തുത. ഏതെങ്കിലും രാജ്യത്തേക്കുള്ള കുടിയേറ്റം സംബന്ധിച്ച വാഗ്‌ദാനങ്ങളുടെ കാര്യത്തിലും ഇതു തന്നെയാണ്‌ സ്ഥിതി. ഇതിനു പുറമെ, വിസാ അപേക്ഷകര്‍ തങ്ങളുടെ പാസ്‌പോര്‍ട്ട്‌ വിവരങ്ങളും വിസാ അപേക്ഷാ നമ്പറുകളും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യപ്പെുത്തരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ട്വിറ്റര്‍, ഫെയ്‌സ്‌ബുക്ക്‌ എന്നിവ പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന്‌ ഇത്തരം വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനും പിന്നീട്‌ ദുരുപയോഗം ചെയ്യാനും തട്ടിപ്പുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന്‌ ഓര്‍മിക്കണം. 
വിസാ അപേക്ഷകര്‍ തട്ടിപ്പിനിരയാകാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ മനസ്സിലാക്കാനും ചില മാര്‍ഗ്ഗങ്ങളുണ്ട്‌. വിസാ അപേക്ഷകര്‍ക്കുള്ള എല്ലാ മെയിലുകളും ജിമെയില്‍, യാഹൂ പോലെ പൊതുവായി ഉപയോഗിക്കപ്പെടുന്ന വ്യക്തിഗത വിലാസങ്ങള്‍ വ്യാജമായി സൃഷ്ടിച്ച്‌ അതില്‍ നിന്ന്‌ അയക്കുന്നതാണെങ്കില്‍ അതു ശ്രദ്ധിക്കണം. തട്ടിപ്പുകാര്‍ പൊതുവേ ഏതെങ്കിലും വ്യക്തിഗത ബാങ്ക്‌ അക്കൗണ്ട്‌ നല്‍കി അതില്‍ മുന്‍കൂറായി പണം അടക്കാന്‍ ആവശ്യപ്പെടും. വിസാ അപേക്ഷകള്‍ നിരസിക്കപ്പെടുമെന്നോ നാടുകടത്തപ്പെടുമെന്നോ ഭീഷണിപ്പെടുത്തിയാവും ഇതാവശ്യപ്പെടുക. ക്രമം തെറ്റി പതിവ്‌ അനുപാതത്തില്‍ നിന്നു വ്യത്യസ്ഥമായി വി.എഫ്‌.എസ്‌. ഗ്ലോബല്‍ ലോഗോകള്‍ ജോലി വാഗ്‌ദാനം ചെയ്‌തു കൊണ്ടുള്ള കത്തുകളില്‍ ഉപയോഗിച്ചിരിക്കാം. വിസാ അപേക്ഷകര്‍ക്കു നല്‍കുന്ന മറ്റു വ്യാജ കരാറുകളിലും ഇവ കണ്ടേക്കാം. അപേക്ഷകര്‍ പണം നല്‍കി കഴിഞ്ഞാല്‍ ഉടനെ തന്നെ തട്ടിപ്പുകാര്‍ എല്ലാ ആശയ വിനിമയങ്ങളും അവസാനിപ്പിക്കുന്നതും കാണാം. 
അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന മികച്ച വ്യക്തിത്വമുള്ള വിശ്വാസ്യതയുള്ള സ്ഥാപനമാണ്‌ വി.എഫ്‌.എസ്‌. ഗ്ലോബല്‍.52 രാജ്യങ്ങളിലായി ദശലക്ഷക്കണക്കിനു വിസാ അപേക്ഷകര്‍ക്കാണിതു സേവനം നല്‍കുന്നത്‌. എല്ലാ മേഖലകളിലും തികഞ്ഞ ജാഗ്രത പുലര്‍ത്തി ഐ.ടി. സംവിധാനങ്ങള്‍ കൃത്യമായി പുതുക്കി മുന്നേറുന്നതാണ്‌ വി.എഫ്‌.എസിന്റെ രീതി. ഇതിനു പുറമെ ബന്ധപ്പെട്ട എല്ലാവരുമായും തുടര്‍ച്ചയായ ആശയ വിനിമയം നടത്തി വി.എഫ്‌.എസ്‌. ഗ്ലോബലിന്റെ എല്ലാ ഉപഭോക്താക്കള്‍ക്കും സുരക്ഷാ സംബന്ധമായ വിവരങ്ങള്‍ ലഭ്യമാക്കുന്നു എന്നും ഉറപ്പാക്കുന്നുണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...