Tuesday, March 13, 2018

രക്ഷാകര്‍ത്തൃ-അധ്യാപക ആശയവിനിമയവും മെച്ചപ്പെടുത്താന്‍ സ്‌കൂള്‍വിസാര്‍ഡ്‌




ദൈനംദിന സ്‌കൂള്‍ ഭരണനിര്‍വഹണവും രക്ഷാകര്‍ത്തൃ-അധ്യാപക
ആശയവിനിമയവും മെച്ചപ്പെടുത്താന്‍ സ്‌കൂള്‍വിസാര്‍ഡ്‌ 


കൊച്ചി: ക്ലാസ്‌ കട്ട്‌ ചെയ്‌ത്‌ കറങ്ങാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇനി കഷ്ടകാലം. മാതാപിതാക്കളെയും അധ്യാപകരെയും കുട്ടികളെയും ബന്ധിപ്പിക്കാന്‍ തയ്യാറാക്കിയ സ്‌കൂള്‍ വിസാര്‍ഡ്‌ ആപ്പിലൂടെ കുട്ടികളുടെ ഹാജര്‍നില മാതാപിതാക്കള്‍ക്ക്‌ അപ്പപ്പോള്‍ അറിയാനാകും. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്‌ട്‌ സൊല്യൂഷ്യന്‍സാണ്‌ സ്‌കൂള്‍വിസാര്‍ഡ്‌ വികസിപ്പിച്ചിരിക്കുന്നത്‌.

ഫീസ്‌ അടവ്‌, ഹാജര്‍ രേഖപ്പെടുത്തല്‍, ചിത്രങ്ങള്‍, സര്‍ക്കുലറുകള്‍, സന്ദേശങ്ങള്‍ തുടങ്ങിയവ പങ്കുവെക്കല്‍ മുതലായ സ്‌കൂള്‍ സംബന്ധ ദൈനംദിന പ്രവര്‍ത്തികളെ ഏകോപ്പിക്കാന്‍ ഈ ആപ്പിലൂടെ സാധിക്കും. അവധി ആവശ്യപ്പെടുന്നതിനും സ്‌്‌കൂള്‍ ബസ്‌
ട്രാക്ക്‌ ചെയ്യുന്നതിനും ഇതില്‍ സംവിധാനമുണ്ട്‌്‌. ആപ്പിന്റെ ഡിജിറ്റല്‍ വാളില്‍ സ്‌കൂള്‍ കാലഘട്ടത്തിലെ കുട്ടികളുടെ എല്ലാ നേട്ടങ്ങളും രേഖപ്പെടുത്തുന്നതിനാല്‍ രക്ഷിതാക്കള്‍ക്ക്‌ അവ കാണാനും കഴിയും. കൂടാതെ ഇ-ഡയറി സംവിധാനം മാതാപിതാക്കള്‍ക്ക്‌ അധ്യാപകരുമായി ആശയവിനിമയം നടത്താനും കുട്ടികളുടെ പഠനപുരോഗതി അറിയാനും സഹായിക്കും. 
അധ്യാപകര്‍ക്ക്‌ മാതാപിതാക്കളുമായുള്ള ആശയവിനിമയം എളുപ്പമാക്കുന്നതാണ്‌ സ്‌കൂള്‍ വിസാര്‍ഡ്‌ ആപ്പിന്റെ മറ്റൊരു സവിശേഷത. പിടിഎ യോഗങ്ങളുടെ ക്രമീകരണം, യോഗത്തിന്റെ മിനിറ്റ്‌സുകള്‍ രേഖപ്പെടുത്തല്‍ തുടങ്ങി നടക്കാനിരിക്കുന്ന പ്രവര്‍ത്തികള്‍, പുതിയ വാര്‍ത്തകളും ബുള്ളറ്റിനുകളും പങ്കുവെക്കല്‍, സ്‌കൂള്‍ മാനേജ്‌മെന്റ്‌ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്‌ രക്ഷിതാക്കളില്‍ നിന്ന്‌ പ്രതികരണങ്ങള്‍ രേഖപ്പെടുത്തി സര്‍വ്വേകള്‍ നടത്തല്‍ മുതലായ പ്രവര്‍ത്തനങ്ങളും ഈ ആപ്പിലൂടെ സാധ്യമാകും. ഓണ്‍ലൈന്‍ ആക്ടിവിറ്റി രജിസ്‌ട്രേഷന്‍ മാനേജ്‌മെന്റ്‌ സിസ്‌റ്റവും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പില്‍ ലഭ്യമാണ്‌. 
സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക്‌ ഡിജിറ്റല്‍ വാളിലൂടെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങളും വിവരങ്ങളും അറിയാനും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഹാജര്‍ നില വിലയിരുത്താനും സ്റ്റാഫ്‌ മീറ്റിംഗും മറ്റ്‌ പരിപാടികളും ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാനും ആപ്പിലൂടെ സാധിക്കും.
ദൈനംദിന സ്‌കൂള്‍ ഭരണനിര്‍വഹണത്തില്‍ ക്രിയാത്മകമായ മാറ്റം കൊണ്ടുവരാനും അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്താനും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പ്‌ സഹായകമാകുമെന്ന്‌ സോഫ്‌ട്‌ സൊല്യൂഷന്‍സ്‌ എംഡിയും സിഇഓയുമായ ദിലീപ്‌ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജോലി ചെയ്യുന്ന മാതാപിതാക്കള്‍ക്ക്‌ കുട്ടികളുടെ സ്‌കൂള്‍ ഫീസ്‌ അടയ്‌ക്കാന്‍ ക്യൂവില്‍ നിന്ന്‌്‌ ബുദ്ധിമുട്ടേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു. 
`ഞങ്ങളുടെ സ്‌കൂള്‍ അഭിമുഖീകരിച്ച ആശയവിനിമയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഓരോ ലെവലിലും മാതാപിതാക്കളെയും അധ്യാപകരെയും ഉള്‍പ്പെടുത്താനും സ്‌കൂള്‍വിസാര്‍ഡ്‌ ആപ്പിലൂടെ സാധ്യമായി. മാത്രമല്ല ഹാജര്‍ രേഖപ്പെടുത്തല്‍, ഡയറി മുഖേനയുള്ള ആശയവിനിമയം, പെയ്‌മെന്റ്‌ തുടങ്ങി വിവിധ സ്‌കൂള്‍ അനുബന്ധപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞത്‌ രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള വിനിമയ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ സഹായകമായി,` കൊല്ലം ആലുംമൂട്‌ യുപിജി സ്‌കൂള്‍ മാനേജര്‍ മുകേഷ്‌ എം.ജി പറഞ്ഞു. 


പിഡിലൈറ്റ്‌ ഇന്‍ഡസ്‌ട്രീസും ജോവാറ്റും പരസ്‌പര സഹകരണത്തിന്‌




കൊച്ചി: രാജ്യത്തെ മുന്‍നിര പശ നിര്‍മ്മാതാക്കളായ പിഡിലൈറ്റ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡ്‌ ജര്‍മ്മന്‍ കമ്പനിയായ ജോവാറ്റ്‌ എസ്‌ഇയുമായി പരസ്‌പര സഹകരണത്തിലേര്‍പ്പെടുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പശ നിര്‍മ്മിക്കുന്നതില്‍ ആഗോള വമ്പന്‍മാരാണ്‌ ജോവാറ്റ്‌ എസ്‌ഇ. സഹകരണത്തിന്റെ ഭാഗമായി ജോവാറ്റിന്റെ ഇന്ത്യയിലെ വിതരണം പിഡിലൈറ്റ്‌ നിര്‍വഹിക്കും. ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാള്‍ എന്നിവിടങ്ങളിലും ജോവാറ്റ്‌ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുക പിഡിലൈറ്റായിരിക്കും. ഇതിന്‌ പുറമേ ഹോട്ട്‌ മെല്‍ട്ട്‌ പശകളുടെ സാങ്കേതിക വിദ്യ പരസ്‌പരം കൈമാറുകയും ചെയ്യും.
നീണ്ടു നില്‍ക്കുന്ന പരസ്‌പര സഹകരണത്തിലൂടെ ഇരു കമ്പനികള്‍ക്കും വിപണിയില്‍ കൂടുതല്‍ ശക്തരാകാന്‍ സാധിക്കുമെന്നാണ്‌ പ്രതീക്ഷ. ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും മികച്ച സാങ്കേതിക വിദ്യയും ഉല്‍പ്പന്നങ്ങളും പ്രദാനം ചെയ്യാനും ഇത്‌ വഴി സാധിക്കും. 

അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ അല്‍ ഖാസി റസ്റ്റോറന്റ്‌




കൊച്ചി: അനാഥ കുട്ടികളുടെ വിശപ്പകറ്റാന്‍ ലക്ഷ്യമിട്ട്‌ വ്യത്യസ്‌തമായ റസ്റ്റോറന്റ്‌ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗാന്ധി നഗര്‍ സലീംരാജന്‍ റോഡില്‍ ആരംഭിച്ച അല്‍ ഖാസി റസ്‌റ്റോറന്റാണ്‌ ഉപഭോക്താക്കള്‍ക്ക്‌ സ്വാദൂറും വിഭവങ്ങള്‍ വിളമ്പുന്നതിനോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്‌. ഉദ്‌ഘാടനച്ചടങ്ങിലും ഈ റസ്റ്റോറന്റ്‌ വ്യത്യസ്ഥത പുലര്‍ത്തി. ജനസേവ ശിശുഭവനിലെ ഒരു സംഘം കുട്ടികളും ഹൈബി ഈഡന്‍ എംഎല്‍എയും ചേര്‍ന്നാണ്‌ റസ്റ്റോറന്റിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചത്‌. 
യുഎഇയില്‍ റസ്റ്റോറന്റും അഡ്വര്‍ട്ടൈസിംഗ്‌ ബിസിനസിലും ഏര്‍പ്പെട്ടിരിക്കുന്ന കാസിം മൂര്യാടാണ്‌ അല്‍ ഖാസി റസ്റ്റോറന്റിന്റെ ഉടമ. `റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക്‌ ആവശ്യക്കാരായ കുട്ടികള്‍ക്ക്‌ ഭക്ഷണം ദാനം ചെയ്യുന്നതിന്‌ ഒരു 'ഫുഡ്‌ വാള്‍' സ്ഥാപിച്ചിട്ടുണ്ട്‌. റസ്റ്റോറന്റില്‍ നിന്നും വാങ്ങുന്ന കൂപ്പണ്‍ ഈ വാളില്‍ പതിപ്പിക്കാവുന്നതാണ്‌. 50, 100, 200 രൂപാ കൂപ്പണുകളാണ്‌ ഇവിടെയുള്ളത്‌. തങ്ങള്‍ക്ക്‌ സാധിക്കുന്ന തുകയ്‌ക്കുള്ള കൂപ്പണ്‍ വാങ്ങി അതില്‍ ഫോണ്‍ നമ്പറും മറ്റും എഴുതി ഈ വാളില്‍ പതിക്കാം. ഇങ്ങനെ സംഭാവന ചെയ്യുന്ന തുകയ്‌ക്കുള്ള ഭക്ഷണം മാസത്തിലൊരു ദിവസം അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക്‌ നല്‍കും,` കാസിം മൂര്യാട്‌ പറഞ്ഞു. ഇതിന്‌ പുറമേ റസ്റ്റോറന്റിന്റെ ലാഭത്തില്‍ നിന്നും ഒരു വിഹിതം കുറഞ്ഞത്‌ 5000 രൂപ പ്രതിമാസം അനാഥാലയങ്ങള്‍ക്ക്‌ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജനസേവ ശിശുഭവന്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ചടങ്ങില്‍ ജനസേവ ശിശുഭവനുള്ള 5000 രൂപയുടെ ആദ്യ ചെക്ക്‌ ചെയര്‍മാന്‍ ജോസ്‌ മാവേലിക്ക്‌ കാസിം മൂര്യാട്‌ കൈമാറി. 

ആഫ്രോ-ഏഷ്യന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക്‌ സിഎംഎഫ്‌ആര്‍ഐ പരിശീലനം നല്‍കുന്നു






കൊച്ചി:ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ്‌ഓര്‍ഗനൈസേഷനിലെ (എഎആര്‍ഡിഒ) 13 അംഗരാജ്യങ്ങളിലെ ഗവേഷകരെ പരിശീലിപ്പിക്കുന്നതിനുള്ള രാജ്യാന്തര ശില്‍പശാല ഇന്ന്‌ (ബുധന്‍) മുതല്‍ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്‌ആര്‍ഐ) ആരംഭിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും എഎആര്‍ഡിഒയും തമ്മിലുള്ള അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായാണ്‌ശില്‍പശാല. രാവിലെ 10.30 ന്‌ നടക്കുന്ന ഉദ്‌ഘാടന ചടങ്ങില്‍ എഎആര്‍ഡിഒ സെക്രട്ടറി ജനറല്‍വാസി ഹസന്‍ അല്‍ ഷ്രൈന്‍ മുഖ്യാതിഥിയാകും. കുഫോസ്‌ വൈസ്‌ചാന്‍സലര്‍ ഡോ എ രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്യും. എഎആര്‍ഡിഒ ഗവേഷണ വിഭാഗം മേധാവിഡോഖുഷ്‌നൂദ്‌ അലി സംബന്ധിക്കും.

രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന ശില്‍പശാലയില്‍ തായ്‌വാന്‍, ഇറാഖ്‌, ജോര്‍ദാന്‍, ലെബനോന്‍, ഒമാന്‍, ഫലസ്‌തീന്‍, സുഡാന്‍, ടുണീഷ്യ, മലേഷ്യ, മലാവി, ലിബിയ, മൗറീഷ്യസ്‌, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ്‌ സംബന്ധിക്കുന്നത്‌. ഇന്ത്യന്‍ മത്സ്യമേഖലയിലെ ഗവേഷണ-വികസന മേഖലകളെക്കുറിച്ചാണ്‌ പരിശീലനം. സമുദ്രമത്സ്യ പരിപാലനം, സമുദ്രപരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ഉത്തരവാദിത്വ പൂര്‍ണ മത്സ്യബന്ധനം, സമുദ്രകൃഷിതുടങ്ങിയവിവിധ മേഖലകളുമായി ബന്ധപ്പെട്ട്‌ വിദഗ്‌ധര്‍ സംസാരിക്കും. കൂടാതെ, പ്രായോഗിക പരിശീലനം, ഹാര്‍ബറുകള്‍, മത്സ്യകൃഷിയിടങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനവുമുണ്ടാകും.

സമുദ്ര കൂടുകൃഷി, മത്സ്യസമ്പത്തിന്റെശാസത്രീയ നിര്‍ണയംതുടങ്ങി 70 വര്‍ഷത്തെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിവികസിപ്പിച്ച സാങ്കേതികവിദ്യകള്‍ വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്ക്‌ പരിചയപ്പെടുത്തും.

കാര്‍ഷിക-ഗ്രാമ വികസന മേഖലകളില്‍ പുരോഗതികൈവരിക്കുന്നതിന്‌ ആഫ്രിക്കയിലെയും ഏഷ്യയിലെയും രാജ്യങ്ങള്‍ തമ്മിലുള്ള പരസ്‌പര സഹകരണംമെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഗവണ്‍മെന്റല്‍ സംഘടനയാണ്‌ ആഫ്രിക്കന്‍ ഏഷ്യന്‍ റൂറല്‍ ഡവലപ്‌മെന്റ്‌ഓര്‍ഗനൈസേഷനിലെ (എഎആര്‍ഡിഒ). നിലവലവില്‍ രണ്ട്‌ ഭൂഖണ്ഡങ്ങളില്‍ നിന്നായി 32 അംഗരാജ്യങ്ങളുണ്ട്‌. ഡല്‍ഹിയാണ്‌ സംഘടനയുടെ ആസ്ഥാനം. ഇന്ത്യയില്‍കേന്ദ്ര ഗ്രമാ വികസന മന്ത്രാലയമാണ്‌ എഎആര്‍ഡിഒ അംഗരാജ്യങ്ങള്‍ക്ക്‌ കാര്‍ഷിക ഗ്രാമവികസന മേഖലകളിലെ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍സാങ്കേതിക പരിശീലനം നല്‍കുന്നത്‌.

അനിന്ദിത്‌ റെഡ്‌ഢി മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദ ഇയര്‍




ചെന്നൈ: ഫെഡറേഷന്‍ ഓഫ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്ബ്‌സ്‌ ഓഫ്‌ ഇന്ത്യയുടെ (എഫ്‌.എം.എസ്‌.സി.ഐ) പോയ വര്‍ഷത്തെ ദേശീയ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ പേഴ്‌സണ്‍ ഓഫ്‌ ദ ഇയറായി ഹൈദരാബാദ്‌ സ്‌പീഡ്‌ സെന്‍സേഷന്‍ അനിന്ദിത്‌ റെഡ്‌ഢിയെ തെരഞ്ഞെടുത്തു. കഴിഞ്ഞ സീസണില്‍ രണ്ടു ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ കിരീടം നേടിയതാണ്‌ 2014 മുതല്‍ ദേശീയ മത്സരങ്ങളില്‍ സജീവ പങ്കാളിത്തമുള്ള 26കാരനായ അനിന്ദിതിനെ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. എഫ്‌.ഐ.എ വേള്‍ഡ്‌ മോട്ടോര്‍ സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗം ഗൗതം സിംഗാനിയ, പ്രസിഡന്റ്‌ അക്‌ബര്‍ ഇബ്രാഹിം എന്നിവര്‍ ചേര്‍ന്ന്‌ അവാര്‍ഡ്‌ സമ്മാനിച്ചു. 
മോട്ടോര്‍സ്‌പോര്‍ട്‌സ്‌ രംഗത്തെ സമഗ്ര സംഭാവനകള്‍ക്ക്‌ കെ.ഡി മദനനെ ലൈഫ്‌ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. അര്‍ജ്ജുന്‍ മൈനി, ജെഹാന്‍ ദറുവാല, ആദിത്യ പട്ടേല്‍, അര്‍മാന്‍ ഇബ്രാഹിം, അഭിലാഷ്‌ പി.ജി, ഗൗരവ്‌ ഗില്‍, ഐശ്വര്യ പി.എം, റയാന ബീ, കല്യാണി.വി പോട്ടേകര്‍, മിരാ എര്‍ദ തുടങ്ങിയവരാണ്‌ വിവിധ വിഭാഗങ്ങളിലെ മറ്റു അവാര്‍ഡ്‌ ജേതാക്കള്‍.

ഹോണ്ടയുടെ 160സിസി എക്‌സ്‌-ബ്ലേഡ്‌ വിതരണം ആരംഭിച്ചു





കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യയുടെ പുതിയ 160 സിസി സ്‌പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്‌സ്‌-ബ്ലേഡിന്റെ വില പ്രഖ്യാപിച്ചു. ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച എക്‌സ്‌-ബ്ലേഡിന്റെ ഡല്‍ഹിയിലെ എക്‌സ്‌ ഷോറും വില 78,500 രൂപയാണ്‌.
പുതുതലമുറയ്‌ക്കും ജെന്‍-ഇസഡിനുമുള്ളതാണ്‌ തീഷണവും ഭാവി വിളിച്ചോതുന്നതുമായ രൂപകല്‍പ്പനയിലുള്ള എക്‌സ്‌-ബ്ലേഡെന്നും മാര്‍ച്ച്‌ മുതല്‍ ഇവയുടെ വിതരണം ആരംഭിച്ചെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്‌ സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ്‌ ആന്‍ഡ്‌ മാര്‍ക്കറ്റിങ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ യാദ്‌വീന്ദര്‍ സിങ്‌ ഗുലേരിയ പറഞ്ഞു. കൂടുതല്‍ സ്റ്റൈലിലുള്ള ഹോണ്ടയുടെ പുതിയ ബൈക്കില്‍ എച്ച്‌ഇടി 160സിസി എന്‍ജിനാണ്‌ പരീക്ഷിച്ച്‌ ഉപയോഗിച്ചിരിക്കുന്നതെന്നും ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള എക്‌സ്‌-ബ്ലേഡില്‍ പല പുതുമകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും ഒറ്റ നോട്ടം മാത്രം മതി പുതിയ 160സിസി എക്‌സ്‌-ബ്ലേഡിന്റെ സ്റ്റൈല്‍ മനസിലാക്കാനെന്നും അദേഹം കൂട്ടിചേര്‍ത്തു.
മുന്നില്‍ നിന്നും നോക്കിയാല്‍ പ്രഭാവത്തോടെയുള്ള നില്‍പ്പും ആദ്യമായി എല്‍ഇഡി ഉപയോഗിച്ചിരിക്കുന്ന ഹെഡ്‌ലാമ്പും ചേര്‍ന്ന്‌ റോബോട്ടിക്‌ ലുക്ക്‌ നല്‍കുന്നു. സാധാരണ ഹാലജന്‍ ലാമ്പുകളെ അപേക്ഷിച്ച്‌ എക്‌സ്‌-ബ്ലേഡിന്റെ ഹെഡ്‌ലാമ്പ്‌ കൂടുതല്‍ വെളിച്ചം പരത്തുന്നു. 9 എല്‍ഇഡി പൊസിഷന്‍ ലാമ്പ്‌ എക്‌സ്‌-ബ്ലേഡിനെ വേറിട്ടു നിര്‍ത്തുന്നു. റേസര്‍ എഡ്‌ജുകളോടെയുള്ള എല്‍ഇഡി ടെയില്‍ ലാമ്പും കനം കുറഞ്ഞ വിധത്തിലുള്ള ഇന്ധന ടാങ്കും, വാഹനത്തെ മണ്ണു പിടിക്കുന്നതില്‍ നിന്നും തടയുന്ന പിന്നിലെ ടയറിന്റെ മറയും ക്രോം ടിപ്പോടുകൂടിയ മഫ്‌ളറും എല്ലാം ചേര്‍ന്ന്‌ എക്‌സ്‌-ബ്ലേഡിന്‌ സ്‌പോര്‍ട്ടി ലുക്ക്‌ നല്‍കുന്നു.
ഹോണ്ടയുടെ വിശ്വസനീയമായ 162.71 സിസി എച്ച്‌ഇടി എന്‍ജിന്‍ മികച്ച പ്രകടനവും കാര്യക്ഷമതയും കാഴ്‌ചവയ്‌ക്കും. 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്‌പി തരുന്നു. 6000ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. എക്‌സ്‌-ബ്ലേഡിന്‌ വേഗത്തിലുള്ള ആക്‌സിലറേഷനും കൂടുതല്‍ ലോഡ്‌ കയറ്റാനുള്ള ശേഷിയുമുണ്ട്‌.
സ്‌പോര്‍ട്ടി ലുക്കും പ്രായോഗികതയും ഒത്തു ചേരുന്ന എക്‌സ്‌-ബ്ലേഡില്‍ ലിങ്ക്‌ ടൈപ്പ്‌ ഗിയര്‍ ഷിഫ്‌റ്ററാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. വീതിയുള്ള 130എംഎം പിന്‍ ടയര്‍, മോണോ ഷോക്ക്‌ റിയര്‍ സസ്‌പെന്‍ഷന്‍ എന്നിവ കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. സുഖകരവും സുരക്ഷിതവുമായ യാത്രയ്‌ക്കാണ്‌ എക്‌സ്‌-ബ്ലേഡ്‌ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്‌. നീളമുള്ള സീറ്റ്‌, സീല്‍ ചെയിന്‍, ഹസാര്‍ഡ്‌ സ്വിച്ച്‌ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്‌. നൂതനമായ ഡിജിറ്റല്‍ മീറ്ററില്‍ സര്‍വീസ്‌ സൂചന, ഡിജിറ്റല്‍ ക്ലോക്ക്‌, ഗിയര്‍ പൊസിഷന്‍ എന്നിവയെല്ലാം അറിയാം. 
രാജ്യത്തുടനീളമുള്ള ഹോണ്ടയുടെ ഡീലര്‍മാരിലൂടെ 5000 രൂപ നല്‍കി എക്‌സ്‌-ബ്ലേഡ്‌ ബുക്ക്‌ ചെയ്യാം. മാറ്റ്‌ മാര്‍വല്‍ ബ്ലൂ മെറ്റാലിക്‌, മാറ്റ്‌ ഫ്രോസണ്‍ സില്‍വര്‍ മെറ്റാലിക്‌, പേള്‍ സ്‌പാര്‍ത്തന്‍ റെഡ്‌, പേള്‍ ഇഗ്നിയസ്‌ ബ്ലാക്ക്‌, മാറ്റ്‌ മാര്‍ഷല്‍ ഗ്രീന്‍ മെറ്റാലിക്‌ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ എക്‌സ്‌-ബ്ലേഡ്‌ ലഭ്യമാണ്‌. 

മിനിമം ബാലന്‍സ്‌ ചാര്‍ജുകള്‍ എസ്‌.ബി.ഐ. 75 ശതമാനം വരെ കുറച്ചു




കൊച്ചി: പ്രതിമാസ ശരാശരി ബാലന്‍സ്‌ സൂക്ഷിക്കാത്തതിന്റെ നിരക്കുകള്‍ ഗണ്യമായി കുറക്കാന്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ തീരുമാനിച്ചു. 2018 ഏപ്രില്‍ ഒന്നു മുതലായിരിക്കും പുതുക്കിയ നിരക്കുള്‍ പ്രാബല്യത്തിലാവുക. വിവിധ മേഖലകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ്‌ ഈ തീരുമാനം. 
മെട്രോ, നഗര മേഖല എന്നീ കേന്ദ്രങ്ങളില്‍ ശരാശരി പ്രതിമാസ ബാലന്‍സ്‌ സൂക്ഷിക്കാത്തതിനുള്ള നിരക്കുകള്‍ പരമാവധി 50 രൂപയും ജി.എസ്‌.ടി.യും എന്നത്‌ 15 രൂപയും ജി.എസ്‌.ടി.യും എന്നാക്കി കുറച്ചു. ഇതേ രീതിയില്‍ അര്‍ധ നഗര, ഗ്രാമീണ മേഖലകളില്‍ നിരക്കുകള്‍ 40 രൂപയും ജി.എസ്‌.ടി.യും എന്നത്‌ യഥാക്രമം 12 രൂപയും ജി.എസ്‌.ടി.യും പത്തു രൂപയും ജി.എസ്‌.ടി.യും എന്ന നിലകളിലേക്കു കുറച്ചിട്ടുണ്ട്‌. 
തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നുള്ള അഭിപ്രായങ്ങളും അവരുടെ വികാരങ്ങളും മാനിച്ചാണ്‌ തങ്ങള്‍ നിരക്കുകളില്‍ കുറവു വരുത്തിയതെന്ന്‌ എസ്‌.ബി.ഐ.യുടെ റീട്ടെയില്‍ ആന്റ്‌ ഡിജിറ്റല്‍ ബാങ്കിങ്‌ മാനേജിങ്‌ ഡയറക്ടര്‍ പി.കെ. ഗുപത പറഞ്ഞു. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ക്കാണ്‌ തങ്ങള്‍ എന്നും മുന്‍തൂക്കം നല്‍കിയിരുന്നതെന്നും ഉപഭോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള തങ്ങളുടെ നിരവധി നീക്കങ്ങളില്‍ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ നിന്ന്‌ നിരക്കുകള്‍ ഒന്നും ഈടാക്കാത്ത ബി.എസ്‌.ബി.ഡി. അക്കൗണ്ടുകളിലേക്കു മാറാന്‍ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ അവസരമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബാങ്കിന്‌ 41 കോടി സേവിങ്‌സ്‌ അക്കൗണ്ടുകളോടെ ശക്തമായ അടിത്തറയാണുള്ളത്‌. ഇതില്‍ 16 കോടി അക്കൗണ്ടുകള്‍ പി.എം.ജെ.ഡി.വൈ, ബി.എസ്‌.ബി.ഡി. വിഭാഗങ്ങളിലുള്ളവയും പെന്‍ഷന്‍കാര്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഗുണഭോക്താക്കള്‍ തുടങ്ങിയവരുടേതാണ്‌. ഇതിനു പുറമേ 21 വയസു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും ഇളവ്‌ അനുവദിച്ചിട്ടുണ്ട്‌. ശരാശരി പ്രതിമാസ ബാലന്‍സുമായി ബന്ധപ്പെട്ട ഈ ഇളവ്‌ 25 കോടി ഉപഭോക്താക്കള്‍ക്ക്‌ നേട്ടമാവും. 
ഉപഭോക്താക്കള്‍ക്ക്‌ ബാങ്കിന്റെ സാധാരണ സേവിങ്‌സ്‌ അക്കൗണ്ടില്‍ നിന്ന്‌ ബേസിക്‌ സേവിങ്‌സ്‌ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ (ബി.എസ്‌.ബി.ഡി.) എപ്പോള്‍ വേണമെങ്കിലും സൗജന്യമായി മാറാമെന്നും ബാങ്ക്‌ വ്യക്തമാക്കിയിട്ടുണ്ട്‌. ശരാശരി പ്രതിമാസ ബാലന്‍സ്‌ സൂക്ഷിക്കാതെ തന്നെ അടിസ്ഥാന സേവിങ്‌സ്‌ ബാങ്‌്‌ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌ ഈ അക്കൗണ്ടുകള്‍. ഈ അക്കൗണ്ടുകളുടെ സവിശേഷതകള്‍ ബാങ്ക്‌ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. 

ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക പങ്കാളി




കൊച്ചി : ശ്രീലങ്കയില്‍ നടക്കുന്ന ഹീറോ നിദാഹാസ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക എയര്‍ലൈന്‍ പങ്കാളികളായി ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ നിയമിച്ചു. 
കൊളംബോയിലെ ആര്‍.പ്രേമദാസ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്റ്റേഡിയത്തില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ കാണാന്‍ ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയില്‍ നിന്നും വന്‍തോതിലുള്ള സന്ദര്‍ശക പ്രവാഹമാണുള്ളത്‌.
ഈ സന്ദര്‍ശനപ്രവാഹം നേരിടാന്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ സുസജ്ജമാണെന്ന്‌, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ചീഫ്‌ കൊമേഴ്‌സ്യല്‍ ഓഫീസര്‍ ശിവ രാമചന്ദ്രന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍ ആയ, ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ ഇന്ത്യയിലെ 14 നഗരങ്ങളില്‍ നിന്ന്‌ ആഴ്‌ചതോറും 135 സര്‍വീസുകള്‍ നടത്തുന്നുണ്ട്‌. മെല്‍ബണിലേയ്‌ക്കും ഈയിടെ പുതിയ സര്‍വീസ്‌ ആരംഭിച്ചിട്ടുണ്ട്‌.
മെല്‍ബണ്‍ മാരത്തണ്‍, റംബിള്‍ ഇന്‍ ജംഗള്‍, കൊളംബോ മാരത്തണ്‍ എന്നിവയിലൂടെ കായിക രംഗത്ത്‌ പ്രതിബദ്ധത തെളിയിച്ച ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്‌ ലഭിച്ച അംഗീകാരമാണ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ എയര്‍ലൈന്‍ പാര്‍ട്‌ണര്‍ നിയമനം എന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റ്‌ പ്രേമികള്‍ക്കും സഞ്ചാരികള്‍ക്കുമായി, ത്രിരാഷ്‌ട്ര ടൂര്‍ണമെന്റിനോടനുബന്ധിച്ച്‌ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌.
ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്‌ ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഫൈനല്‍ മാര്‍ച്ച്‌ 18 നാണ്‌. മാര്‍ച്ച്‌ 14 ന്‌ ബംഗ്ലാദേശുമായാണ്‌ ഇന്ത്യയുടെ അടുത്ത മത്സരം.

ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസിന്റെ എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍

ആസ്‌റ്റര്‍ മെഡ്‌സിറ്റിയില്‍മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസിന്റെ
എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍



കൊച്ചി: ഇന്ത്യയില്‍ത്തന്നെ ഇതാദ്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഓഗ്‌മെന്റഡ്‌ റിയാലിറ്റി (എ.ആര്‍) വെയ്‌ന്‍ ഫൈന്‍ഡര്‍ ഉപയോഗിക്കുന്നു. കുറഞ്ഞ ചെലവില്‍ രോഗികള്‍ക്ക്‌ അസ്വസ്ഥതയും വേദനയുമില്ലാതെ രക്തക്കുഴലുകളില്‍ കുത്തിവയ്‌പ്പ്‌ നടത്തുന്നതിന്‌ കേരളത്തില്‍നിന്നുള്ള സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനിയായ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസ്‌ രൂപകല്‍പ്പന ചെയ്‌തതാണ്‌ വെയ്‌ന്‍ ഫൈന്‍ഡര്‍.
ആശുപത്രികളില്‍ രക്തമെടുക്കുന്നതിനോ, ഐവി ഉപയോഗിക്കുന്നതിനോ സിരകള്‍ കണ്ടെത്തുന്നത്‌ പലപ്പോഴും ബുദ്ധിമുട്ടാണ്‌. എന്നാല്‍, വെയ്‌നസ്‌ എആര്‍ 100 ത്വക്കിന്‌ മുകളിലായി കാണിക്കുമ്പോള്‍ സിരകള്‍ വ്യക്തമായി കാണാനാവും. ഇതുവഴി രോഗിയുടെ മാനസികസമ്മര്‍ദ്ദവും വേദനയും കുറയ്‌ക്കാനും സിരകള്‍ കണ്ടെത്തുന്നതിനായി ഒന്നിലധികം തവണ കുത്തിവയ്‌ക്കുന്നത്‌ ഒഴിവാക്കുന്നതിനും സാധിക്കും.
വേദനയും ആശങ്കയും സമ്മര്‍ദ്ദവുമില്ലാതെ രക്തമെടുക്കുന്നതിനും ഐവി ഇടുന്നതിനും ഡോക്ടര്‍മാരേയും രോഗികളെയും സഹായിക്കുന്നതാണ്‌ ഇന്ത്യയിലെ തന്നെ ആദ്യത്തെ എ.ആര്‍. വെയ്‌ന്‍ ഫൈന്‍ഡര്‍ എന്ന്‌ ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒയും കേരള ക്ലസ്റ്റര്‍ ഹെഡുമായ ഡോ. ഹരീഷ്‌ പിള്ള പറഞ്ഞു.
രണ്ടുവര്‍ഷം മുമ്പ്‌ വിശദമായ ഗവേഷണങ്ങളിലൂടെ രൂപപ്പെടുത്തി പരീക്ഷണങ്ങള്‍ നടത്തി അധികൃതരുടെ അംഗീകാരം നേടിയെടുത്തതാണ്‌ വെയ്‌നക്‌സ്‌ എ.ആര്‍. 100.
വിദേശത്തുനിന്ന്‌ ഇറക്കുമതി ചെയ്യുന്ന വെയ്‌ന്‍ ഫൈന്‍ഡറുകള്‍ക്ക്‌ ഉയര്‍ന്ന വിലയായതിനാല്‍ ഇന്ത്യയില്‍ വെയ്‌ന്‍ ഫൈന്‍ഡറുകള്‍ സാധാരണയായി ഉപയോഗിക്കുന്നില്ലെന്ന്‌ മെഡ്‌ട്ര ഇന്നവേറ്റീവ്‌ ടെക്‌നോളജീസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ സിഇഒ എസ്‌. സുജിത്‌ പറഞ്ഞു. കുറഞ്ഞ ചെലവില്‍ ആരോഗ്യപരിചരണം ലഭ്യമാക്കാന്‍ വെയ്‌നക്‌സ എ.ആര്‍. 100 സഹായിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.  

വശ്യസുഗന്ധവുമായി പോണ്ട്‌സ്‌ സ്‌റ്റാര്‍ലൈറ്റ്‌ ടാല്‍ക്‌ വിപണിയില്‍



കൊച്ചി: ഐതിഹാസിക സൗന്ദര്യ വര്‍ധക ബ്രാന്റ്‌ പോണ്ട്‌സിന്റെ വശ്യസുഗന്ധം പകരുന്ന സ്‌റ്റാര്‍ലൈറ്റ്‌ പെര്‍ഫ്യൂംഡ്‌ ടാല്‍ക്‌ വിപണിയില്‍.പോണ്ട്‌സ്‌ ബ്രാന്‍ഡ്‌ അംബാസഡര്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം കാജല്‍ അഗര്‍വാള്‍ പുതിയ ടാല്‍കം പൗഡറിന്റെ വിപണനോദ്‌ഘാടനം നിര്‍വഹിച്ചു.

ഇന്ത്യന്‍ വനിതകളുടെ സൗന്ദര്യ സങ്കല്‍പങ്ങള്‍ക്ക്‌ അനുസരിച്ച്‌ വിപണിക്ക്‌ പ്രിയപ്പെട്ട ഉല്‍പന്നങ്ങളുമായി എക്കാലവും മുന്‍നിരയിലുളള പോണ്ട്‌സ്‌ അന്താരാഷ്ട്ര നിലവാരത്തിലുളള സുഗന്ധദ്രവ്യ ബ്രാന്‍്‌റുകളോടു ചേര്‍ന്ന്‌ നില്‍കുന്ന മനംമയക്കുന്ന സുഗന്ധമാണ്‌ സ്‌റ്റാര്‍ലൈറ്റിലൂടെ അവതരിപ്പിക്കുന്നത്‌.

പാഷന്‍ഫ്രൂട്ട്‌ ബ്ലൂബെറി എന്നിവയുടെ സങ്കരസുഗന്ധമുളള ടോപ്‌ നോട്ടും നനുത്ത കസ്‌തൂരിയുടെ സുഗന്ധ പഞ്ചാത്തലവും സ്റ്റാര്‍ലൈറ്റിനെ ഇതര ടാല്‍കുകളില്‍ നിന്ന്‌ വ്യത്യസ്‌തമാക്കുന്നു. ജാസ്‌മിന്‍, മാന്‍ഡറിന്‍,റാസ്‌പ്‌ബെറി, പിങ്ക്‌ ഓര്‍ക്കിഡ്‌ എന്നിവയുടെ സുഖകരമായ സമ്മിശ്രങ്ങളും ഇതിനകമ്പടിയായെത്തുമ്പോള്‍ പോണ്ട്‌സ്‌ ആരാധാകര്‍ക്ക്‌ ഇതൊരു പുത്തന്‍ അനുഭവമാകും.

ആറ്‌ മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സുഗന്ധമാണ്‌ സ്‌റ്റാര്‍ലൈറ്റ്‌ ഉറപ്പു നല്‍കുന്നത്‌. 50,100,300 ഗ്രാമെ ബോട്ടിലുളില്‍ ലഭ്യമായ സ്‌റ്റാര്‍ലൈറ്റിന്‌ വില യഥാക്രമം 55 രൂപ, 99 രൂപ, 225 രൂപ

സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡ്‌സില്‍ ശോഭ ലിമിറ്റഡിന്‌ മൂന്ന്‌ പുരസ്‌കാരങ്ങള്‍


കൊച്ചി: ഇന്ത്യയിലെ മികച്ചതും വിശ്വസ്‌തവുമായ റിയല്‍ എസ്‌റ്റേറ്റ്‌ ബ്രാന്‍ഡായ ശോഭ ലിമിറ്റഡിന്‌ പത്താമത്‌ കണ്‍സ്‌ട്രക്ഷന്‍ ഇന്‍ഡസ്‌ട്രി ഡെവലപ്‌മെന്റ്‌ കൗണ്‍സില്‍ (സിഐഡിസി) വിശ്വകര്‍മ്മ അവാര്‍ഡ്‌സ്‌ 2018ല്‍ മൂന്ന്‌ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ്‌ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്‌. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും മൂന്നാം തവണയുമാണ്‌ ശോഭ ഈ അവാര്‍ഡുകള്‍ സ്വന്തമാക്കുന്നത്‌. ഇന്ത്യന്‍ നിര്‍മ്മാണവ്യവസായത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ സമഗ്രസംഭാവനകള്‍ നല്‍കി, അവരവരുടെ പ്രത്യേക മേഖലയില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമാണ്‌ സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡുകള്‍ നല്‍കിവരുന്നത്‌.

1000 കോടി ടേണ്‍ഓവറുള്ള ശോഭ ലിമിറ്റഡ്‌ 'മികച്ച പ്രൊഫഷണലി മാനേജ്‌ഡ്‌ കമ്പനി' എന്ന ബഹുമതി കൂടാതെ ശ്രീ കുറുംബ എഡ്യൂക്കേഷന്‍ ആന്റ്‌ ചാരിറ്റബിള്‍ ട്രസ്റ്റുമായി ചേര്‍ന്ന്‌ കേരളത്തിലെ ദുര്‍ബലജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പ്രവര്‍ത്തനത്തിന്‌ 'സോഷ്യല്‍ ഡെവലപ്‌മെന്റ്‌ ആന്റ്‌ ഇംപാക്‌റ്റ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡും കരസ്ഥമാക്കി. ഇതിന്‌ പുറമേ 'മികച്ച കണ്‍സ്‌ട്രക്ഷന്‍ പ്രൊജക്ട്‌സ്‌' അവാര്‍ഡിന്‌ ശോഭയുടെ തൃശൂരുള്ള ആഡംബര പാര്‍പ്പിട പദ്ധതി ശോഭ സഫയര്‍ അര്‍ഹമായി.

സിഐഡിസി വിശ്വകര്‍മ്മ അവാര്‍ഡ്‌സില്‍ ഒരിക്കല്‍ക്കൂടി മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, മികച്ച പ്രവര്‍ത്തനങ്ങളിലൂടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട ഉപഭോക്താക്കള്‍ക്ക്‌ ഉയര്‍ന്ന ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കാന്‍ കഴിയുന്നുവെന്നും ശോഭ ലിമിറ്റഡ്‌ മാനേജിംഗ്‌ ഡയറക്ടറും വൈസ്‌ ചെയര്‍മാനുമായ ജെ.സി. ശര്‍മ്മ പറഞ്ഞു. നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കി വരുന്ന ശോഭ ലിമിറ്റഡിന്‌, ഈ അവാര്‍ഡുകള്‍ ഓരോ മേഖലയിലും നടത്തുന്ന ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്‌ മുന്‍ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പ്രദീപ്‌ ഭാര്‍ഗവ അധ്യക്ഷനായ സിഐഡിസി ജൂറിയില്‍ കര്‍ശനമായ തെരഞ്ഞെടുപ്പ്‌ പ്രക്രിയയിലൂടെ നൂറോളം നോമിനികളെ പിന്നിലാക്കിയാണ്‌ ശോഭ ലിമിറ്റഡ്‌ ഈ വിജയം കരസ്ഥമാക്കിയത്‌.

ബാഗേജ് ട്രാക്ക് ചെയ്യാനുള്ള സൗകര്യം ഇനി മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസില്‍

അഭ്യന്തര- വിദേശ യാത്രക്കാര്‍ക്ക് മുന്‍കൂറായി ബുക്ക് ചെയ്യാം കൊച്ചി: യാത്രക്കാര്‍ക്ക് തങ്ങളുടെ ബാഗേജുകളെക്കുറിച്ചുള്ള തത്സമയവിവരങ്ങള്‍ നല്‍കു...