Tuesday, November 12, 2019

സിഎംഎഫ്ആർഐയുടെ മത്സ്യ-ഭക്ഷ്യ-കാർഷിക മേള




കൊച്ചി: മത്സ്യപ്രേമികൾക്കൊരു സന്തോഷ വാർത്ത. പിടയ്ക്കുന്ന കാളാഞ്ചിയും തിലാപ്പിയയും മറ്റ് മത്സ്യങ്ങളും ജീവനോടെ സ്വന്തമാക്കണമെങ്കിൽ ഹൈക്കോർട്ടിന് സമീപമുള്ള കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) വരാം.  കർഷകർ നേരിട്ടാണ് സ്വന്തമായി കൃഷിചെയ്ത് വിളവെടുത്ത മീൻ എത്തിക്കുന്നത്. നാളെ (വ്യാഴം) മുതൽ 16 വരെ സിഎംഎഫ്ആർഐയിൽ നടക്കുന്ന മത്സ്യ-ഭക്ഷ്യ-കാർഷിക മേളയിൽ മീൻ മാത്രമല്ല, കാർഷിക കൂട്ടായ്മയിൽ വിളയിച്ച് ഗുണമേൻമയുള്ള അനേകം ഉൽപന്നങ്ങളും വിവിധ കൃഷിരീതികളുടെ പ്രദർശനങ്ങളുമുണ്ട്. സ്വദേശി ശാസ്ത്രപ്രസ്ഥാനവുമായി സഹകരിച്ചാണ് പരിപാടി.

ലക്ഷദ്വീപിലെ ജൈവ ഉൽപന്നങ്ങൾ, പലഹാരങ്ങൾ തുടങ്ങിയവയ്ക്കായി മേളയിൽ പ്രത്യേക പവലിയനുണ്ട്. ജൈവരീതിയിൽ കൃഷി ചെയ്ത നൂറുകണക്കിന് നിത്യോപയോഗ കാർഷികോൽപന്നങ്ങൾക്ക് പുറമെ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ മേൽനോട്ടത്തിൽ ഉൽപാദിപ്പിച്ച മായം കലരാത്തതും ഉയർന്ന ഗുണമേന്മയുള്ളതുമായ സുഗന്ധവ്യഞ്ജനങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങളായ പലയിനം എണ്ണകൾ, സോപ്പുകൾ, തുളസി ഫെയ്‌സ് വാഷ് പോലുള്ള സൗന്ദര്യവർധക വസ്തുക്കൾ, കറി പൗഡറുകൾ തുടങ്ങിയവയും മേളയിൽ ലഭ്യമാകും. ജൈവ പച്ചക്കറി, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, മീനിൽ നിന്നുള്ള മൂല്യവർധിത ഉൽപനങ്ങൾ, അത്യുൽപാദന ശേഷിയുള്ള മഞ്ഞൾ, ഇഞ്ചി തുടങ്ങിയവയുടെ വിത്തുകളും കുറ്റിക്കുരുമുളകിന്റെ തൈകളുമടക്കം അനേകം ഉൽപ്പന്നങ്ങൾ മേളയിൽ നിന്ന് വാങ്ങാം.  നീര, ശുദ്ധമായ വെളിച്ചെണ്ണ, തേങ്ങ ചിപ്‌സ്, നീര ഉപയോഗിച്ചുള്ള സ്വീറ്റ്‌സ് തുടങ്ങിയ ഉൽപ്പന്നങ്ങൾ നാളികേര വികസന ബോർഡിന്റെ സ്റ്റാളിൽ ലഭിക്കും. വാഴക്കന്ന്, കറിവേപ്പ്, പാഷൻ ഫ്രൂട്ട്, പൈനാപ്പിൾ തുടങ്ങിയുള്ള ഫലവൃക്ഷതൈകൾ, ജൈവപച്ചക്കറി വിത്തുകൾ, ചക്ക പൗഡർ, വിവിധ ജൈവവളങ്ങൾ, ജൈവകീടിനാശിനി, വേപ്പെണ്ണ, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ ഉൽപ്പന്നങ്ങളും മേളയിൽ ലഭിക്കും.

തിലാപ്പിയ ഭക്ഷ്യമേള
കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ മത്സ്യ കർഷകസംഘങ്ങൾ പ്രാദേശികമായി കൃഷിചെയ്ത തിലാപ്പിയയുടെ ലൈവ് കിച്ചണാണ് മേളയുടെ മറ്റൊരു പ്രധാന ആകർഷണം. തിലാപിയ കറി, പൊരിച്ചത്, പൊള്ളിച്ചത് തുടങ്ങിയ വിവഭങ്ങൾക്കൊപ്പം തിലാപിയയുടെ പോഷകമൂല്യങ്ങളെ കുറിച്ചുള്ള ബോധവൽകരണവുമുണ്ടാകും.

കാർഷിക സാങ്കേതികവിദ്യകളുടെ പ്രദർശനത്തിൽ,  ഹൈഡ്രോപോണിക്്കൃഷിയിൽ   ഉപയോഗിക്കുന്ന പുല്ലുൽപാദിപ്പിക്കുന്ന യന്ത്രമടക്കമുള്ള ഉപകരണങ്ങളഉടെ പ്രദർശനം കർഷകർക്ക് പുത്തനറിവ് നൽകും.  

ഈസി ബാങ്ക് വായ്പ
ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാർഷിക സംരഭങ്ങൾ തുടങ്ങുന്നവർക്ക് ബാങ്ക് വായ്പ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് പ്രത്യേക ലോൺമേളയും നടത്തുന്നുണ്ട്. ഇതിനുള്ള രേഖകൾ സഹിതം വരുന്നവർക്ക് മേളയിൽ വെച്ചുതന്നെ വായ്പ അനുവദിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ബാങ്ക് പ്രതിനിധികളോട് സംശയം തീർക്കാനും അവരം ലഭിക്കും. ഇതിനു പുറമെ, നബാർഡിന്റെ നേതൃത്വത്തിൽ കാർഷികോൽപന്നങ്ങളുടെ ബയർ സെല്ലർ മീറ്റും നടക്കും.

ജൈവകർഷകർ, കർഷക ഉൽപാദന കമ്പനികൾ, സ്വയം സഹായക സംഘങ്ങൾ എന്നിവർക്ക് പുറമെ, കാർഷിക സർവകലാശാല, വിവിധ കേന്ദ്രഗവേഷണ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവരുടെ സ്റ്റാളുകളും മേളയിലുണ്ടാകും. സമയം രാവിലെ 10 മുതൽ രാത്രി 9 വരെ.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...