Tuesday, December 10, 2019

kochi design week


താമസിക്കാന്‍ 96 ചതുരശ്ര അടി സ്ഥലം മതി,
പ്രതിഷ്ഠാപനവുമായി കൊച്ചി ഡിസൈന്‍ വീക്ക്

കൊച്ചി: കിടപ്പുമുറി, പഠന മേശ, എല്ലാ സജ്ജീകരണവുമുള്ള ബാത്‌റൂം, ഭക്ഷണത്തിന് സംവിധാനങ്ങള്‍, എന്നിങ്ങനെ എല്ലാമടങ്ങിയ  വാസസ്ഥലം, അതും കേവലം 96 ചതുരശ്ര അടി സ്ഥലത്ത്!

ഡിസംബര്‍ 12 ന് കൊച്ചിയില്‍ ആരംഭിക്കുന്ന ഡിസൈന്‍ വീക്ക് ഉച്ചകോടിയുടെ ഭാഗമായി അവതരിപ്പിക്കുന്ന ഈ പ്രതിഷ്ഠാപനം ഒരുക്കിയിരിക്കുന്നത് എംജി റോഡിലാണ്. പ്രതിഷ്ഠാപനത്തിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്ക് നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. ഡിസൈന്‍ വീക്കിന്റെ പങ്കാളിയായ അസെറ്റ് ഫൗണ്ടേഷനാണ് ഇതിന്റെ ശില്പികള്‍.

ഡിസൈന്‍ വീക്ക് നടക്കുന്ന 12, 13, 14 തിയതികളില്‍ അസെറ്റ് ഹോംസിന്റെ രവിപുരത്ത് എംജി റോഡിലുള്ള അസെറ്റ് മൂഗ്രേസ് പ്രൊജക്ട് സൈറ്റില്‍  പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രതിഷ്ഠാപനം കാണാനവസരമുണ്ട്.

കൊച്ചി ഡിസൈന്‍ വീക്കിന്റെ ആദ്യ ലക്കത്തില്‍ സുസ്ഥിര നിര്‍മ്മാണ രീതികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ ആശയത്തെക്കുറിച്ച് അസെറ്റ് ഫൗണ്ടേഷന്‍ ആലോചിക്കുന്നതെന്ന് അസെറ്റ് ഹോംസ് എംഡി സുനില്‍ കുമാര്‍ വി പറഞ്ഞു. ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍, അവിവാഹിതരായ ജോലിക്കാര്‍ തുടങ്ങി നിരവധി പേര്‍ക്ക് സഹായകരമാകുന്നതാണ് പദ്ധതി. മാറിയ സാഹചര്യത്തില്‍ വൃത്തിയും ശുചിത്വവും ജീവിതത്തിലെ വലിയ ഘടകങ്ങളായി മാറിയിട്ടുണ്ട്. ഈ വിഭാഗത്തിന് ഏറ്റവും പറ്റിയ വാസസ്ഥലം രൂപകല്‍പ്പന ചെയ്യുകയെന്നതായിരുന്നു വെല്ലുവിളിയെന്ന് അദ്ദേഹം പറഞ്ഞു.

ഡിസൈന്‍ വീക്കിലൂടെ  ഉയര്‍ന്നു വന്ന ആശയങ്ങള്‍ സാധാരണക്കാരന് ഉപയോഗപ്രദമാകുന്ന രീതിയില്‍ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ പരിപാടിയുടെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുകയാണെ് ഉച്ചകോടിയുടെ സ്‌പെഷ്യല്‍ ഓഫീസറും മുഖ്യമന്ത്രിയുടെ ഐടി ഫെലോയുമായ അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു. പ്രളയത്തിനു ശേഷമുള്ള സുസ്ഥിര നിര്‍മ്മാണത്തെക്കുറിച്ചായിരുന്നു കഴിഞ്ഞ വര്‍ഷം നടന്ന ഡിസൈന്‍ വീക്കിന്റെ പ്രമേയം. അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഉച്ചകോടിയുടെ പ്രധാന പങ്കാളികളായ അസെറ്റ് ഫൗണ്ടേഷന്‍ മുന്‍കയ്യെടുത്ത് ഈ നിര്‍മ്മിതി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
  
12 അടി നീളവും 8 അടി വീതിയുമുള്ളതാണ് വാസസ്ഥലം. അതില്‍ മടക്കി വയ്ക്കാവുന്ന് രീതിയിലാണ് കട്ടിലും ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളത്. ഐടി പാര്‍ക്കുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നതാണ് ഈ ഡിസൈന്‍. കുറഞ്ഞ ചെലവില്‍ ഇത് ലഭ്യമാക്കാനും കഴിയും.

രൂപകല്‍പ്പനയിലും വാസ്തുവിദ്യയിലും രാജ്യത്തെ ഏറ്റവും വലിയ ഹബ്ബാക്കി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ്  സംസ്ഥാന ഇലക്‌ട്രോണിക്‌സ്-ഐടി വകുപ്പ് ഡിസൈന്‍ വീക്ക് ഉച്ചകോടി ഒരുക്കുന്നത്. ഡിസൈനുമായി ബന്ധപ്പെട്ട സമസ്തമേഖലയിലെ നൂതന പ്രവണതകളും സമ്പ്രദായങ്ങളുമുള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ അന്താരാഷ്ട്ര വിദഗ്ധരുള്‍പ്പെടെ അയ്യായിരത്തില്‍പരം പേരാണ് പങ്കെടുക്കുന്നത്.  https://kochidesignweek.org/  എന്ന വെബ്‌സൈറ്റ് വഴി ഉച്ചകോടിയില്‍ രജിസ്റ്റര്‍ ചെയ്യാം.  

https://www.facebook.com/kochidesignweek/

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...