Monday, September 7, 2020

വ്യവസായ സൗഹൃദ റാങ്കിംഗ്: അവ്യക്തത മാറ്റാന്‍ കേരളം കേന്ദ്രത്തെ സമീപിച്ചു

തിരുവനന്തപുരം: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച 2019-ലെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ അവ്യക്തതയുണ്ടെന്ന് കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) വ്യക്തമാക്കി. സ്കോറിങ്ങിനും റാങ്കിങ്ങിനുമുള്ള മാനദണ്ഡങ്ങള്‍ കാണിക്കാതെയും ഫീഡ്ബാക്ക് സംബന്ധമായ വിശദാംശങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും റാങ്ക് ചെയ്തതിലാണ് അവ്യക്തതയെന്ന് കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ശ്രീ എസ് ഹരികിഷോര്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍റേണല്‍ ട്രേഡിനെ (ഡിപിഐഐടി) സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിപിഐഐടി വെബ്സൈറ്റിലാണ് സെപ്റ്റംബര്‍ അഞ്ചിന് വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ റാങ്ക് പ്രസിദ്ധീകരിച്ചത്. 2019-ലെ ബിസിനസ് റിഫോം ആക്ഷന്‍ പ്ലാനിന്‍റെ ഭാഗമായി 187 ദൗത്യങ്ങളായിരുന്നു ഓരോ സംസ്ഥാനവും പൂര്‍ത്തിയാക്കേണ്ടിയിരുന്നത്. ഇതില്‍ 157 എണ്ണം അതായത് 85 ശതമാനം കേരളം പൂര്‍ത്തിയാക്കിയിരുന്നു. റാങ്ക് പ്രസിദ്ധീകരിച്ച കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റില്‍ ഈ പൂര്‍ത്തീകരണ ശതമാനം ലഭ്യമല്ല. ഇങ്ങനെ പൂര്‍ത്തീകരിച്ച റിഫോം ആക്ഷന്‍ പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ടവരില്‍നിന്ന് പ്രതികരണങ്ങള്‍ ശേഖരിച്ച ശേഷം ആ സ്കോറിന്‍റെ (ഫീഡ്ബാക് സ്കോര്‍) അടിസ്ഥാനത്തില്‍ റാങ്ക് തീരുമാനിച്ചുവെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ സ്കോര്‍ സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റില്‍ ലഭ്യമല്ല. സ്കോറിങ്ങിനും റാങ്കിങ്ങിനും മാനദണ്ഡമാക്കിയ വിവരങ്ങളും ഫീഡ്ബാക്ക് സംബന്ധമായതുമായ വിശദാംശങ്ങളും സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കാതെയും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാതെയും റാങ്ക് ചെയ്തതിലാണ് അവ്യക്തതയുള്ളത്. അതുകൊണ്ടാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് ഡിപിഐഐടിയെ സെപ്റ്റംബര്‍ അഞ്ചിനുതന്നെ സമീപിച്ചതെന്ന് ശ്രീ ഹരികിഷോര്‍ പറഞ്ഞു. ഈസ് ഓഫ് ഡൂയിങ് ബിസിനസിന്‍റെ വെബ്സൈറ്റില്‍ റിഫോംസ് ഒന്നുംതന്നെ നടപ്പാക്കിയിട്ടില്ലെന്ന് കാണിക്കുന്ന ലക്ഷദ്വീപിന് പതിനഞ്ചാം സ്ഥാനം നല്‍കിയിട്ടുണ്ട്. 2018-19ല്‍ ബിസിനസ് റീഫോം ആക്ഷന്‍ പ്ലാനിനു വേണ്ടിയുള്ള ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ് മാനദണ്ഡങ്ങള്‍ ഡിപിഐഐടി അവതരിപ്പിച്ചപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ പലതിലും ഇപ്പോള്‍ റാങ്കിങ് പ്രഖ്യാപിച്ചപ്പോള്‍ മാറ്റമുണ്ടായിട്ടുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഒരുമിച്ച് പരിഗണിച്ച് റാങ്കിങ് നല്‍കിയത് ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല് വര്‍ഷമായി ബിസിനസ് റിഫോം ആക്ഷന്‍ പ്ലാന്‍ നടപ്പിലാക്കുന്നതില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തി പടിപടിയായി മുന്നേറിക്കൊണ്ടിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ലക്ഷ്യങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ശതമാനക്കണക്കില്‍ ഇങ്ങനെയാണ്- 2015-16: 22.8, 2016-17: 26.9, 2017-18: 52.56, 2018-19: 85. കേരളത്തെ വ്യവസായ സൗഹൃദമാക്കാനും നിക്ഷേപങ്ങള്‍ ലഭിക്കത്തക്ക രീതിയിലുള്ള വ്യവസായാന്തരീക്ഷം കേരളത്തില്‍ സൃഷ്ടിക്കാനുമായി നൂതനവും സജീവുമായ നിരവധി നടപടികളാണ് കേരള സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. ഇതിനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സ്വീകരിച്ച പ്രധാന നടപടികള്‍ ഇവയാണ്: 1. നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കും സേവനദാതാക്കള്‍ക്കും ഏറ്റവും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വേണ്ടതരത്തില്‍ പുതിയ വ്യവസായ നയം പ്രഖ്യാപിച്ചു. 2. കേരള ഇന്‍വെസ്റ്റ്മെന്‍റ് പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ട് 2018 എന്ന നിയമ നിര്‍മാണം നടത്തി. നിലവിലുള്ള ഏഴ് നിയമങ്ങളില്‍ ഭേദഗതി വരുത്തി വ്യവസായങ്ങള്‍ ആരംഭിക്കാനായി വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും അനുവാദം ഉടന്‍തന്നെ ലഭിക്കത്തക്ക രീതിയില്‍ ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം ഇത്തരമൊരു നിയമ നിര്‍മാണം നടത്തുന്നത്. വ്യവസായം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ അനുമതികള്‍ക്ക് കാലതാമസമൊഴിവാക്കാനും അഡ്മിനിസ്ട്രേഷനില്‍ സുതാര്യതയും ഉത്തരവാദിത്തവും കൊണ്ടുവരാനും വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് ലഭിക്കാനുള്ള കാലതാമസമൊഴിവാക്കാനും അപേക്ഷകള്‍ ഉടനടി തീര്‍പ്പാക്കാന്‍ ഒരു അംഗീകൃത പ്രവര്‍ത്തന ക്രമം (സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് പ്രൊസീജര്‍ -എസ്ഒപി) നടപ്പാക്കാനും ഇതുവഴി കഴിഞ്ഞിട്ടുണ്ട്. 3. കേരള മൈക്രോ സ്മോള്‍ മീഡിയം എന്‍റര്‍പ്രൈസ് (എംഎസ്എംഇ) ഫെസിലിറ്റേഷന്‍ ആക്ട് 2019 എന്ന നിയമ നിര്‍മ്മാണമാണ് വ്യവസായ സൗഹൃദ കേരളം രൂപീകരിക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ മറ്റൊരു നടപടി. ചെറുകിട സംരംഭകരും സര്‍ക്കാരും തമ്മില്‍ മികച്ച ബന്ധം സ്ഥാപിക്കാനും ചെറുകിട സംരംഭങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതരത്തില്‍ സംവിധാനമൊരുക്കാനും ഈ നിയമനിര്‍മാണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഈ നിയമ പ്രകാരം മലിനീകരണ നിയന്ത്രണ ബോര്‍ഡ് റെഡ് കാറ്റഗറിയായി നോട്ടിഫൈ ചെയ്യാത്ത സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കു ആദ്യ മൂന്ന് വര്‍ഷം സംസ്ഥാന നിയമങ്ങള്‍ പ്രകാരമുള്ള ലൈസന്‍സ് വേണ്ട എന്ന വ്യവസ്ഥ കൊണ്ടുവന്നു. ഇതുപ്രകാരം ലൈസന്‍സോ അപ്രൂവലോ പെര്‍മിറ്റോ ആവശ്യമില്ലാതെ എംഎസ്എംഇ പ്രോജക്ടുകള്‍ കേരളത്തിലാരംഭിക്കാന്‍ കഴിയുന്നുവെന്ന പ്രധാന നേട്ടം കൈവരിക്കാന്‍ വ്യവസായ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഈ നിയമം നിലവില്‍ വന്നശേഷം ഇതിന്‍റെ ആനുകൂല്യത്തില്‍ 3559 ചെറുകിട സംരംഭങ്ങള്‍ തുടങ്ങിയെന്നത് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിജയത്തിലേക്കെത്തുന്നുവെന്നതിനുള്ള തെളിവാണ്. 4. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും വ്യവസായ പാര്‍ക്കുകള്‍ക്കുവേണ്ടി നിലവിലുള്ള ഏകജാലക സംവിധാനത്തില്‍ മാറ്റം വരുത്തി കേരള സ്റ്റേറ്റ് സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് ഏരിയ ഡെവലപ്പ്മെന്‍റ് ആക്ട് എന്ന സമഗ്ര നിയമം നടപ്പിലാക്കി. 5. ഈസ് ഓഫ് ഡൂയിങ് ബിസിനസ് സംബന്ധിച്ച വിശദാംശങ്ങളെക്കുറിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥര്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി അസെന്‍ഡ്-കേരള 2019 എന്ന ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. 6. 2020 ജനുവരിയില്‍ അസെന്‍ഡ്-കേരള 2020 എന്ന ബൃഹത്തായ നിക്ഷേപ പ്രോത്സാഹന പരിപാടിയും സംസ്ഥാന സര്‍ക്കാര്‍ നടത്തി. കേരളത്തില്‍ നിക്ഷേപം നടത്താന്‍ അനുയോജ്യമായ നൂറിലധികം വ്യവസായ പ്രോജക്ടുകള്‍ നിക്ഷേപം നടത്താന്‍ താത്പര്യമുള്ളവര്‍ക്കുമുന്നില്‍ അവതരിപ്പിച്ച് 2600-ലധികം പ്രമുഖ വ്യവസായികളുടെ കൂട്ടായ്മയിലൂടെ കേരളത്തെ നിക്ഷേപ സൗഹൃദമാക്കാനുള്ള വിവിധ നയങ്ങള്‍ ശുപാര്‍ശ ചെയ്യാനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അസെന്‍ഡ് 2020-ലൂടെ സാധിച്ചു. 7. കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫേസ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പെരന്‍റ് ക്ലിയറന്‍സ് (കെസ്വിഫ്റ്റ്) എന്ന വെബ്സൈറ്റ് രൂപീകരിക്കുകയും നിക്ഷേപകര്‍ക്കുള്ള അംഗീകാരങ്ങളും ലൈസന്‍സുകളും നല്‍കുന്നതിനുള്ള ഏകജാലക സംവിധാനമായി ഈ വെബ്സൈറ്റ് മാറ്റുകയും ചെയ്തു. 8. നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇന്‍വെസ്റ്റ് കേരള പോര്‍ട്ടല്‍ എന്ന സംയോജിത വെബ്സൈറ്റ് രൂപീകരിച്ചുകൊണ്ട് നിക്ഷേപ തത്പരരായവരെ ആകര്‍ഷിച്ച് അവര്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന ഏകജാലക സംവിധാനം നടപ്പിലാക്കി. 9. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിക്ഷേപ, സൗഹൃദ നയങ്ങളെക്കുറിച്ച് വ്യവസായികള്‍, വിവിധ ലൈസന്‍സുകള്‍/ക്ലിയറന്‍സുകള്‍ എന്നിവയ്ക്കായി വ്യവസായികള്‍ സമീപിക്കുന്ന വകുപ്പുകളിലെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും മറ്റുമായി ഇരുനൂറിലധികം ബോധവല്‍കരണ-പരിശീലന പരിപാടികളും സംഘടിപ്പിച്ചു. വ്യവസായികള്‍ക്കും സംരംഭകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായുള്ള പ്രത്യേക ശില്‍പ്പശാലകളും ഇതിന്‍റെ ഭാഗമായി നടത്തി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണക്ടിവിറ്റിയിലും ആശയ വിനിമയ സംവിധാനങ്ങളിലും നൈപുണ്യ വികസനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും കേരളം ഏറെ നേട്ടങ്ങള്‍ കൈവരിക്കുകയും പുരോഗതി നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ വ്യവസായങ്ങള്‍ ആരംഭിക്കാനും ഇവിടേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനുമുള്ള പ്രധാന കാരണമായി ഇത് മാറിയിട്ടുമുണ്ടെന്ന് കെഎസ്ഐഡിസി എംഡി ചൂണ്ടിക്കാട്ടി. 2016 മുതല്‍ 52,137 ചെറുകിട സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചിട്ടുള്ളത്. കേരളത്തിലെ ചെറുകിട വ്യവസായ മേഖലയിലെ 40 ശതമാനവും ഈ നാല് വര്‍ഷം കൊണ്ട് ആരംഭിച്ചതാണെന്നും ഇതുവഴി 4500 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേക്കെത്തിയിട്ടുണ്ടെന്നും രണ്ടു ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭ്യമായിട്ടുണ്ടെന്നും മനസ്സിലാക്കുമ്പോള്‍ വ്യവസായ മേഖലയില്‍ കേരളം പുതിയ പുരോഗതി കൈവരിച്ചുകൊണ്ട് മുന്നേറുന്നുവെന്ന് വ്യക്തമാകുമെന്ന് ശ്രീ ഹരികിഷോര്‍ പറഞ്ഞു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...