Tuesday, September 15, 2015

വിൻഡോസിനു പകരം രാജ്യമൊട്ടാകെ ഇനി ബോസ്

ഭാരത സര്‍ക്കാര്‍ രാജ്യത്തെ എല്ലാ ഓഫീസുകളിലേക്കും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം കൊണ്ടുവരുന്നു. ഓപ്പണ്‍ സോഴ്സ് അടിസ്ഥാനമാക്കി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക് (സെന്റര്‍ ഫോര്‍ ഡവല്‌പ്മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കമ്പ്യൂട്ടിംഗ്) വികസിപ്പിച്ചെടുത്ത ബോസ് (ഭാരത് ഓപ്പറേറ്റിംഗ് സിസ്റ്റം സൊല്യൂഷന്‍സ്) എന്ന ഒഎസ് ആയിരിക്കും ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേയും കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കേണ്ടിവരിക.
ഇത്തരത്തില്‍ ബോസ് ഒഎസ് ഉപയോഗിക്കുന്നതിലൂടെ വിന്‍ഡോസ് പോലെയുള്ള പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റം പണം കൊടുത്ത് വാങ്ങുന്നതിലൂടെയുള്ള ഭീമമായ സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ സര്‍ക്കാരിന് സാധിക്കും. കേരളത്തില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐടി@സ്കൂള്‍, സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതിയാണ് പിന്‍തുടരുന്നത്. ലൈസന്‍സ് ആവശ്യമില്ലാത്ത ഓപ്പണ്‍സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിനെ പ്രത്യേകം കസ്റ്റമൈസ് ചെയ്താണ് സ്കൂളുകളില്‍ ഉപയോഗിക്കുന്നത്. ഇതിലൂടെ സോഫ്റ്റ്‌വെയര്‍ വിലകൊടുത്തു വാങ്ങുന്നത് ഒഴിവാക്കി വൻ സാമ്പത്തികലാഭം ഉണ്ടാക്കാന്‍ കേരള സര്‍ക്കാരിന് സാധിക്കുന്നുണ്ട്. ഈ മാതൃകയിലാണ് കേന്ദ്രസര്‍ക്കാാര്‍ രാജ്യമൊട്ടാകെയുള്ള ഔദ്യോഗിക ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കംപ്യൂട്ടറുകളെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ നിയന്ത്രണത്തിലാക്കുന്നത്.
സി-ഡാക് നേരത്തേ വികസിപ്പിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിച്ചുവരുന്ന ബോസിന്റെ പോരായ്മകള്‍ പരിഹരിക്കപ്പെട്ട വെര്‍ഷന്‍ ആയിരിക്കും രാജ്യമൊട്ടാകെ അവതരിപ്പിക്കപ്പെടുക. ഇതിലൂടെ ഏകീകൃത ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം. ഈ മാസം അവസാനത്തോടെ ബോസ് ഔദ്യോഗിക ഒഎസ് ആക്കിക്കൊണ്ടുള്ള പ്രഖ്യാപനം കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിലവിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെ നുഴഞ്ഞുകയറ്റം തടയുന്നതിനും ഡാറ്റാ ചോര്‍ച്ചകളില്‍ നിന്ന് ഔദ്യോഗിക കംപ്യൂട്ടറുകളെ പൂര്‍ണ്ണമായി സംരക്ഷിക്കുന്നതും ലക്ഷ്യമിട്ടാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം. ലിനക്സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ബോസെന്ന സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം 2007-ല്‍ നാഷണല്‍ റിസോഴ്സ് സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ഓഫ് ഇന്ത്യ (എന്‍.ആര്‍.സി.എഫ്.ഒ.എസ്.എസ്) ആണ് ആദ്യമായി വികസിപ്പിച്ചെടുത്തത്.
2013-ല്‍ ഔദ്യോഗികമായി പുറത്തിറക്കിയ ബോസ് ഒഎസില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിൽ ഗുജറാത്ത് സാങ്കേതിക സര്‍വ്വകലാശാല, ഡി.ആര്‍.ഡി.ഒ എന്നിവയുടെ സഹകരണവും കേന്ദ്ര സർക്കാർ തേടിയിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ പ്രാദേശികമായ വികാസം ലക്ഷ്യമിട്ടും കേരള സര്‍ക്കാരിന്റെ ഐസിഫോസ് (ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍) എന്ന സ്ഥാപനം തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബോസിന്റെ വരവോടെ രാജ്യമൊട്ടാകെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ കൂടുതല്‍ പ്രചാരം നേടുകയും ഈ മേഖലയില്‍ പ്രവര്‍ത്തനങ്ങൾക്ക് ഈ തീരുമാനം പുത്തന്‍ ഉണര്‍വേകുകയും ചെയ്യുമെന്ന് കരുതുന്നു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...