Wednesday, January 13, 2016

ഇന്‍ഫോപാര്‍ക്ക്‌ രണ്ടാം ഘട്ടം - 'ഇന്ദീവരം' 21-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും


ഇന്‍ഫോപാര്‍ക്ക്‌ രണ്ടാം ഘട്ടം - 'ഇന്ദീവരം' 
21-ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്യും



കൊച്ചി: ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിലെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായ ആദ്യ കെട്ടിടം 'ഇന്ദീവരം' മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനുവരി 21-ന്‌ വൈകുന്നേരം അഞ്ചു മണിക്ക്‌ ഉദ്‌ഘാടനം ചെയ്യും.3.3 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമുള്ള പുതിയ കെട്ടിടത്തില്‍ 3000 പേര്‍ക്ക്‌ ജോലി ലഭിക്കും
വ്യവസായ, ഐടി വകുപ്പ്‌ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍, സഹകരണവകുപ്പ്‌ മന്ത്രി സി.എന്‍. ബാലകൃഷ്‌ണന്‍, ഇന്നസെന്റ്‌ എംപി, ബി.ഡി. ദേവസി എംഎല്‍എ, വ്യവസായ, ഐടി വകുപ്പ്‌ സെക്രട്ടറി പി.എച്ച്‌. കുര്യന്‍ ഐഎഎസ്‌, ഇന്‍ഫോപാര്‍ക്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായര്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിലെ പ്രമുഖ ഉപയോക്താക്കളായ അല്‍മോതാഹിത എജ്യൂക്കേഷന്‍, യൂവിയോണിക്‌സ്‌ ടെക്‌, യോപ്‌റ്റിമിസോ ഐടി സൊല്യൂഷന്‍സ്‌, ബ്രാഡോക്ക്‌ ഇന്‍ഫോടെക്‌, ഐസിറ്റി അക്കാദമി എന്നിവയുടെ താക്കോല്‍ദാനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നതാണ്‌. 
വില്ലകള്‍ പോലെയുള്ള കെട്ടിടങ്ങള്‍ പുതുക്കിയെടുത്താണ്‌ ഇന്‍ഫോപാര്‍ക്ക്‌ തൃശൂര്‍ ഒന്നാം ഘട്ടത്തില്‍ ബിസിനസ്‌ ആവശ്യങ്ങള്‍ക്കായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും എസ്‌എംഇകള്‍ക്കും നല്‍കിയത്‌. കഴിഞ്ഞ അഞ്ചു വര്‍ഷമായി 30 കമ്പനികള്‍ ഇവിടെ വിജയകരമായി പ്രവര്‍ത്തിക്കുന്നു. എഴുന്നൂറ്‌ പേര്‍ക്കാണ്‌ ഇവിടെ ഇപ്പോള്‍ ജോലി ലഭിച്ചിരിക്കുന്നത്‌. കൂടുതല്‍ ആധുനിക സൗകര്യങ്ങള്‍ക്ക്‌ അന്വേഷണങ്ങളുള്ളതിനാല്‍ വലിയ കമ്പനികളെ ആകര്‍ഷിക്കാനാണ്‌ 'ഇന്ദീവരം' (നീലത്താമര) എന്ന പേരില്‍ രണ്ടാം ഘട്ടത്തില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്‌. ആറേക്കറില്‍ ഒറ്റ ബ്ലോക്കായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തിന്‌ ബേസ്‌മെന്റ്‌, ഗ്രൗണ്ട്‌, ടെറസ്‌ എന്നിവ കൂടാതെ ആറുനിലകളിലായി 3.3 ലക്ഷം ചതുരശ്രയടി വിസ്‌തീര്‍ണമാണുള്ളത്‌. ബാങ്ക്‌, എടിഎം, ഓഡിറ്റോറിയം, പാന്‍ട്രി, ഫസ്റ്റ്‌ എയ്‌ഡ്‌ റൂം, പൊതുവായ സമ്മേളന മുറികള്‍ എന്നിവ ഗ്രൗണ്ട്‌ ഫ്‌ളോറിലും, ടെറസില്‍ ഫുഡ്‌ കോര്‍ട്ടുകളും, തുറന്ന പാര്‍ക്കിംഗ്‌ സൗകര്യങ്ങളുമുണ്ട്‌. 
ഇന്ദീവരത്തിലെ താഴത്തെ നിലയിലും ഒന്നാം നിലയിലും സ്‌റ്റാര്‍ട്ടപ്പുകള്‍ക്കും എസ്‌എംഇകള്‍ക്കും ഉതകുന്ന രീതിയില്‍ പ്ലഗ്‌ ആന്‍ഡ്‌ പ്ലേ സൗകര്യങ്ങളാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒന്നു മുതല്‍ ആറുവരെ നിലകള്‍ പ്രമുഖ കമ്പനികളുടെ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ആഭ്യന്തരവിപണി ലക്ഷ്യമിട്ടതിനാല്‍ പ്രത്യേക സാമ്പത്തികമേഖല ഇല്ലാതെയായിരുന്നു ആദ്യഘട്ടത്തില്‍ ഇന്‍ഫോപാര്‍ക്ക്‌ തൃശൂര്‍ വികസിപ്പിച്ചെടുത്തത്‌. എന്നാല്‍, ഇന്ദീവരം പ്രത്യേക സാമ്പത്തികമേഖലയായി പ്രഖ്യാപിച്ചതിനാല്‍ കയറ്റുമതി ലക്ഷ്യമിട്ട്‌ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക്‌ ഗുണകരമാകും. 
മൂന്നുവര്‍ഷങ്ങള്‍കൊണ്ട്‌ 76 കോടി രൂപ മുതല്‍മുടക്കിലാണ്‌ ഇന്ദീവരം പൂര്‍ത്തിയാക്കിയത്‌. ഇതോടെ ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിനായുള്ള ആകെ മുതല്‍മുടക്ക്‌ 100 കോടിയായി. കെഎസ്‌ഇബിയുടെ പ്രത്യേക ഫീഡറും 11 കെവി സബ്‌സ്റ്റേഷനുമാണ്‌ വൈദ്യുതിയുടെ കാര്യത്തില്‍ ഇന്ദീവരത്തിന്‌ തുണയാകുന്നത്‌. കൂടാതെ 100 ശതമാനം ജനറേറ്റര്‍ ബായ്‌ക്കപ്പുമുണ്ട്‌. ചാലക്കുടി പുഴയില്‍നിന്ന്‌ സ്വന്തമായി ജലവിതരണ സംവിധാനമുണ്ട്‌. 500-ല്‍ അധികം കാറുകള്‍ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യം ഇവിടെയുണ്ട്‌. 
പ്രമുഖ ഐടി ഹബ്ബായി ഇന്‍ഫോപാര്‍ക്ക്‌ തൃശൂരിനെ വികസിപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന്‌ ഇന്‍ഫോപാര്‍ക്ക്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ഋഷികേശ്‌ നായര്‍ പറഞ്ഞു. ഇന്‍ഫോപാര്‍ക്ക്‌ തൃശൂരില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ കൊച്ചിയോടൊപ്പം മികച്ച വളര്‍ച്ച നേടാന്‍ സാധിക്കും. ഇന്ദീവരത്തില്‍നിന്നു മാത്രം മൂവായിരം തൊഴിലവസരങ്ങളുണ്ടാകും. ഇവിടുത്തെ സൗകര്യങ്ങളും സ്ഥലവും പൂര്‍ണമായി ഉപയോഗപ്പെടുത്തുമ്പോള്‍ പതിനായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂവായിരം പേര്‍ക്ക്‌ നേരിട്ട്‌ തൊഴില്‍ ലഭിക്കുമ്പോള്‍ ഈ മേഖലയില്‍ 15,000 പേര്‍ക്ക്‌ പരോക്ഷമായി തൊഴില്‍ ലഭിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...