Friday, January 15, 2016

മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികളുടെ ഗവേഷണ ആശയങ്ങളും




കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പ്രഥമ മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികളുടെ നവീനാശയങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ വ്യവസായ വകുപ്പ്‌ തീരുമാനിച്ചു.

കേരളത്തിലെ വിദ്യാലയങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആശയങ്ങളും നിര്‍മ്മാണ മാതൃകകളും പ്രദര്‍ശിപ്പിക്കാനും പേറ്റന്റ്‌ നേടിയെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക്‌ എക്‌സ്‌പോയില്‍ അവസരം ലഭിക്കും. സംസ്ഥാന വ്യവസായ വകുപ്പ്‌ സംഘടിപ്പിക്കുന്ന മെഷിനറി എക്‌സ്‌പോയില്‍ വാണിജ്യതാത്‌പര്യത്തിനപ്പുറമായി സംസ്ഥാനത്തെ വാണിജ്യ, വ്യവസായ, ഗവേഷണ മേഖലയെ പ്രോത്സാഹിപ്പിക്കാന്‍ ഇതിലൂടെ കഴിയും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള നൂറ്റി ഇരുപത്തഞ്ചോളം മെഷിനറി നിര്‍മ്മാതാക്കളും മേളയില്‍ പങ്കെടുക്കുന്നുണ്ട്‌. 11 മേഖലകളിലുള്ള നൂതന യന്ത്രസാമഗ്രികളുടെ പ്രദര്‍ശനമാണ്‌ അങ്കമാലിയിലെ അഡ്‌ലക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഈ മാസം 28 മുതല്‍ 30 വരെ നടക്കുന്നത്‌.

നൂതനാശയങ്ങളും അവയെ അടിസ്ഥാനമാക്കി സൃഷ്ടിച്ച മാതൃകകളും പ്രദര്‍ശിപ്പിക്കാന്‍ ലഭിക്കുന്ന ഈ സുവര്‍ണാവസരത്തിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താവുന്ന ആശയങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കാനും കഴിയുമെന്ന്‌ വ്യവസായ വകുപ്പ്‌ ഡയറക്ടര്‍ ശ്രീ പി.എം ഫ്രാന്‍സിസ്‌ പറഞ്ഞു. ഇങ്ങനെ അധ്യയനത്തോടൊപ്പം തന്നെ വ്യവസായ ലോകവുമായി ബന്ധപ്പെടാനും വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരമുണ്ടാകും.

മെഷിനറി എക്‌സപോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ലഭിക്കുന്ന ഈ അവസരത്തെക്കുറിച്ച്‌ വ്യവസായ വകുപ്പ്‌ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ട്‌. അതത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോജക്ടുകള്‍ അധ്യാപകര്‍ തന്നെ പ്രാഥമികമായി വിലയിരുത്തി സാക്ഷ്യപ്പെടുത്തി വ്യവസായ വകുപ്പിന്‌ അയയ്‌ക്കണം. വ്യവസായ വകുപ്പിന്റെ വിദഗ്‌ധ സമിതി പരിശോധിച്ച്‌ മികച്ചതെന്നു കണ്ടെത്തുന്ന പ്രൊജക്ടുകള്‍ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കും. ഇതിനായി മാത്രം അഞ്ച്‌ സ്റ്റാളുകള്‍ സൗജന്യമായി നല്‍കുമെന്നും വ്യവസായ വകുപ്പ്‌ അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക്‌ തങ്ങളുടെ ആശയങ്ങളും മാതൃകകളും പ്രദര്‍ശിപ്പിക്കാന്‍ മാത്രമല്ല, എക്‌സപോയില്‍ പങ്കെടുക്കുന്ന വ്യവസായികളുമായും വിദഗ്‌ധരുമായും ആശയങ്ങള്‍ പങ്കുവയ്‌ക്കാനും അവയെ വാണിജ്യപരമായി ഉപയോഗിക്കാനുമാവും. ആശയങ്ങള്‍ പലര്‍ക്കുമുണ്ടാകുമെങ്കിലും അവ യാഥാര്‍ത്ഥ്യമാക്കാനുള്ള സാങ്കേതിക പരിജ്ഞാനം ഉണ്ടാകാറില്ലെന്നും ഈ കുറവ്‌ പരിഹരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ എക്‌സ്‌പോയിലൂടെ സാധിക്കുമെന്നും ശ്രീ പി.എം ഫ്രാന്‍സിസ്‌ ചൂണ്ടിക്കാട്ടി. മികച്ചതെന്നു തോന്നുന്ന മാതൃകകള്‍ പ്രദര്‍ശകര്‍ക്ക്‌ വാങ്ങാന്‍ സാധിക്കുന്ന രീതിയില്‍ സംവിധാനമൊരുക്കും.

സംസ്ഥാനത്ത്‌ വ്യവസായം വളര്‍ത്തുന്നതിന്‌ ഏറ്റവും അനുയോജ്യമായ മേഖലയാണ്‌ സൂക്ഷ്‌മചെറുകിട വ്യവസായങ്ങള്‍. ഈ മേഖലയില്‍ സ്റ്റാര്‍ട്ടപ്‌ സംരംഭങ്ങള്‍ക്ക്‌ ഏറെ സംഭാവനകള്‍ നല്‍കാനാകും. ഐടി മേഖലയിലുള്‍പ്പെടെ സ്റ്റാര്‍ട്ടപ്‌ സംരംഭങ്ങള്‍ ഉണ്ടായിട്ടുളളത്‌ യുവാക്കളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ്‌. ഐടി മേഖലയിലേതിനു സമാനമായ മുന്നേറ്റം ചെറുകിട വ്യവസായ സംരംഭങ്ങളിലും ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രോത്സാഹനം നല്‍കേണ്ടത്‌ അത്യാവശ്യമാണെന്നും പി.എം ഫ്രാന്‍സിസ്‌ പറഞ്ഞു. അത്‌ ലക്ഷ്യമാക്കിയാണ്‌ മെഷിനറി എക്‌സ്‌പോയില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവസരം ഒരുക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്വകാര്യസര്‍ക്കാര്‍ മേഖലയിലുളള പത്ത്‌ സ്ഥാപനങ്ങളുമായി സഹകരിച്ചാണ്‌ മെഷിനറി എക്‌സ്‌പോ സംഘടിപ്പിക്കുന്നത്‌. എംഎസ്‌എംഇ ഡവലപ്‌മന്റ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌, കെഎസ്‌ഐഡിസി, ഫിക്കി, സിഐഐ, സിഐഎഫ്‌ഐ, എന്‍എസ്‌ഐസി, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌ എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ടെക്‌നോളജി, കുസാറ്റ്‌, കേരള ബ്യൂറോ ഓഫ്‌ ഇന്‍ഡസ്‌ട്രിയല്‍ പ്രൊമോഷന്‍ തുടങ്ങിയവയാണ്‌ വ്യവസായവകുപ്പുമായി സഹകരിക്കുന്നത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...