Monday, February 22, 2016

അക്വാട്ടിക്‌ അനിമല്‍ ഹെല്‍ത്ത്‌ ലാബ്‌ വരുന്നു



മത്സ്യ ഉത്‌പാദനം മൂന്നുവര്‍ഷത്തിനകം 1.5 ലക്ഷം ടണ്ണാകുമെന്ന്‌ മന്ത്രി ബാബു

കൊച്ചി: മല്‍സ്യ, ചെമ്മീന്‍ രോഗനിര്‍ണയത്തിനും ഫാം ഹെല്‍ത്ത്‌ മാനേജുമെന്റിനുമായി കേരളത്തിലൈ ആദ്യ അക്വാട്ടിക്‌ അനിമല്‍ ഹെല്‍ത്ത്‌ മാനേജുമെന്റ്‌ ആന്റ്‌ എന്‍വയണ്‍മെന്റ്‌ മാനേജുമെന്റ്‌ ലബോറട്ടറിയുടെ നിര്‍മാണപ്രവര്‍ത്തനത്തിന്‌ കൊച്ചിയില്‍ ഫിഷറീസ്‌മന്ത്രി കെ.ബാബു തുടക്കമിട്ടു. അടുത്ത മൂന്നു വര്‍ഷത്തിനകം കേരളത്തിലെ മല്‍സ്യോല്‍പ്പാദനം 1.5 ടണ്ണായി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള മല്‍സ്യസമൃദ്ധി പദ്ധതി വിജയമാണെന്നും ഇതിനുപയോഗിക്കുന്ന വിത്തുകളുടെ പരിശോധനയ്‌ക്ക്‌ ഈ ലാബ്‌ പ്രയോജനപ്പെടുമെന്നും ഫിഷറീസ്‌മന്ത്രി കെ.ബാബു പറഞ്ഞു. തേവരയില്‍ ഹെല്‍ത്ത്‌ ലാബിന്റെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 
മൂന്നു വര്‍ഷം മുമ്പ്‌ തുടങ്ങി മല്‍സ്യസമൃദ്ധി പദ്ധതിയില്‍ ഇന്ന്‌ ഉല്‍പ്പാദനം 1.2 ലക്ഷം ടണ്ണായിട്ടുണ്ട്‌. ഇതിനു വിത്ത്‌, വളം എന്നിവയ്‌ക്കുപുറമെ സൗജന്യ ഇന്‍ഷുറന്‍സുമുണ്ട്‌. ഈ സാഹചര്യത്തില്‍ കൃഷിക്കുപയോഗിക്കുന്ന വിത്തിന്റെ ഗുണമേന്മ പരിശോധിക്കേണ്ടതും അനിവാര്യമാണ്‌. 1.68 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ലാബ്‌ ഈയാവശ്യം നിറവേറ്റുമെന്ന്‌ അദ്ദേഹം പറഞ്ഞു. 
മല്‍സ്യവിത്തുല്‍പ്പാദനത്തില്‍ കേരളം താമസിയാതെ സ്വയംപര്യാപ്‌ത കൈവരിക്കും. ഭൂതത്താന്‍കെട്ട്‌, കല്ലട, തേവള്ളി, ഓടയം, നെയ്യാര്‍ ഡാം, തെന്മല എന്നിവടങ്ങളിലെ ഹാച്ചറികകള്‍ ഇതിനകം സജ്ജമായിക്കഴിഞ്ഞു. ഇവയില്‍ നിന്നുള്ള വിത്തിന്റെ പരിശോധനയും ഈ ലാബില്‍ നിര്‍വഹിക്കാന്‍ കഴിയും. കേരളം ഇതുവരെ കാണാത്ത രീതിയുള്ള വികസന പ്രവര്‍ത്തനമാണ്‌ ഫിഷറീസ്‌ മേഖലയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനകം നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
ചടങ്ങില്‍ ഹൈബി ഈഡന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. പ്രൊഫ.കെ.വി.തോമസ്‌ എം.പി., എം.എല്‍.എ.മാരായ ഡോമനിക്‌ പ്രസന്റേഷന്‍, ലൂഡി ലൂയീസ്‌ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഫിഷറീസ്‌ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എം. ഏലിയാസ്‌, നിര്‍മിതികേന്ദ്ര ജില്ല പ്രൊജക്ട്‌ മാനേജര്‍ പി.ജെ.ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു. ഫിഷറീസ്‌ ഡയറക്ടര്‍ മിനി ആന്റണി പദ്ധതിരൂപരേഖ അവതരിപ്പിച്ച്‌ സ്വാഗതവും അഡാക്ക്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ യു.എസ്‌. സജീവ്‌ നന്ദിയും പറഞ്ഞു. 
തേവരയിലെ ഫിഷര്‍മെന്‍ ട്രെയിനിങ്‌ സെന്റര്‍ കെട്ടിടം നവീകരിച്ചാണ്‌ പുതിയ ലാബ്‌ സ്ഥാപിക്കുന്നത്‌. കെട്ടിട നവീകരണത്തിനായി 1.12 കോടി രൂപയും ലാബ്‌ സ്ഥാപിക്കുന്നതിനായി 56 ലക്ഷം രൂപയുമാണ്‌ അനുവദിച്ചിട്ടുള്ളത്‌. ഇതില്‍ മൈക്രോബയോളജി, ഹിസ്‌റ്റോപാത്തോളജി, പി.സി.ആര്‍. ലാബുകള്‍ സജ്ജമാക്കും. ദേശീയ ഫിഷറീസ്‌ വികസന ബോര്‍ഡിന്റെ സഹായത്തോടെയാണ്‌ പദ്ധതി നടപ്പാക്കുക. വിത്ത്‌, മല്‍സ്യതീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധനയ്‌ക്ക്‌ ഈ ലാബ്‌ ഏറെ പ്രയോജനമാകും. 
ജലകൃഷിമേഖലയിലെ 10 മുതല്‍ 15 ശതമാനം വരെയുള്ള നഷ്ടത്തിന്‌ കാരണം മല്‍സ്യരോഗങ്ങളാണെന്നാണ്‌ കണ്ടെത്തല്‍. ആവാസവ്യവസ്ഥയിലെ മാറ്റം മൂലം മല്‍സ്യങ്ങള്‍ക്ക്‌ സമ്മര്‍ദം ഉണ്ടാകുകയും രോഗമുണ്ടാകുകയും ചെയ്യുന്നുണ്ട്‌. മല്‍സ്യക്കുളത്തില്‍ രോഗം പൊട്ടിപ്പുറപ്പെട്ടാല്‍ ചികില്‍സിച്ചു ഭേദമാക്കുക എളുപ്പമല്ല. ഇതിനുള്ള പ്രതിവിധിയില്‍ പ്രധാനം രോഗമില്ലാത്ത വിത്തുകള്‍ കര്‍ഷകര്‍ക്ക്‌ ലഭ്യമാക്കുകയെന്നതാണ്‌. ഇതിന്‌ ഈ ലാബിന്റെ പ്രവര്‍ത്തനം ഏറെ സഹായകമാകും. 


No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...