Sunday, May 28, 2017

ഒല-മഹീന്ദ്ര ഇലക്‌ട്രിക്‌ വാഹന യാത്രാ പദ്ധതിക്ക്‌ തുടക്കം




കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ബഹുമുഖ ഇലക്‌ട്രിക്‌ വാഹന പദ്ധതിയും ഒല ഇലക്‌ട്രിക്‌ ചാര്‍ജ്‌ സ്റ്റേഷനും നാഗ്‌പൂര്‍ എയര്‍പോര്‍ട്ട്‌ സമുച്ചയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇ-ബസ്‌, ഇ കാപ്‌, ഇ- റിക്ഷ, ഇ- ഓട്ടോ തുടങ്ങി വിവിധ വിഭാഗത്തിലുള്ള യാത്രാവാഹനങ്ങളെ ഒറ്റ പ്ലാറ്റ്‌ഫോമില്‍ കൊണ്ടുവന്ന്‌ യാത്രാസൗകര്യമൊരുക്കുന്ന പദ്ധതിയാണിത്‌. ഒലയും മഹീന്ദ്ര ഇലക്‌ട്രിക്കും കേന്ദ്രസര്‍ക്കാരിനോട്‌ ചേര്‍ന്നാണ്‌ ഈ പൈലറ്റ്‌ പദ്ധതി നടപ്പാക്കുന്നത്‌.
ഈ പദ്ധതിയില്‍ മഹീന്ദ്രയുടെ 100 ഇ 20 പ്ലസ്‌ വാഹനങ്ങള്‍ ഉള്‍പ്പെടെ ഇരുന്നൂറോളം വാഹശേഖരമാണ്‌ ഇപ്പോഴുള്ളത്‌. ടാറ്റ മോട്ടോഴ്‌സ്‌, ടിവിഎസ്‌, കൈനറ്റിക്‌, ബിവൈഡി തുടങ്ങി മറ്റു കമ്പനികളുടെ വാഹനങ്ങളും ഇതിലുള്‍പ്പെടുന്നു. ഒല ആപ്‌ ഉപയോഗിച്ച്‌ യാത്രക്കാര്‍ക്ക്‌ വാഹനങ്ങള്‍ ബുക്ക്‌ ചെയ്യാം.
ബഹുമുഖ ഇലക്‌ട്രിക യാത്രാവാഹനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം നാഗ്‌പൂര്‍ നഗരത്തിലെ നാലു കേന്ദ്രങ്ങളിലായി അമ്പതിലധികം ഒല ഇലക്‌ട്രിക്‌ ചാര്‍ജിംഗ്‌ പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്‌. ഇതിനായി ഒല കമ്പനി 50 കോടി രൂപയുടെ നിക്ഷേപവും നടത്തിയിട്ടുണ്ട്‌. ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന ഡ്രൈവര്‍മാര്‍ക്ക്‌ പരിശീലനവും അറ്റകുറ്റപ്പണികള്‍ക്കായി ഉപയോഗിക്കേണ്ട ഇന്‍- കാര്‍- ടെക്‌നോളജിയില്‍ പ്രവീണ്യം നല്‍കുന്നതിനും ഒല നിക്ഷേപം നടത്തിയിട്ടുണ്ട്‌. മഹീന്ദ്ര പോലുള്ള വാഹന നിര്‍മാതക്കളുടെ സഹകരണത്തോടെയാണ്‌ പരിശീലനം നടപ്പാക്കുന്നത്‌.
പദ്ധതിയുടെ ഉദ്‌ഘാടനം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌, കേന്ദ്ര റോഡ്‌, ദേശീയപാത, ഷിപ്പിംഗ്‌ മന്ത്രി നിതിന്‍ ഗഡ്‌കരി എന്നിവര്‍ നാഗപ്പൂര്‍ എയര്‍പോര്‍ട്ട്‌ സമുച്ചയത്തില്‍ സംയുക്തമായി നിര്‍വഹിച്ചു. മഹാരാഷ്‌ട്ര ഗതാഗതമന്ത്രി ദിവാകര്‍ റാവത്ത്‌, മഹാരാഷ്‌ട്ര ട്രാന്‍സ്‌പോര്‍ട്ട്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ്‌ സൗനിക്‌, അഡീഷണല്‍ കമ്മീഷണര്‍ സതീഷ്‌ സഹസ്രബുദ്ധേ, മോര്‍ത്ത്‌ ജോയിന്റ്‌ സെക്രട്ടറി അഭയ്‌ ദാംലെ തുടങ്ങിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 
ഒല, മഹീന്ദ്ര തുടങ്ങിയ കമ്പനികള്‍ നിലനില്‍ക്കുന്ന ഗതാഗതസൗകര്യങ്ങള്‍ ഒരുക്കുവാന്‍ കാണിക്കുന്ന പ്രതിബദ്ധത കണക്കിലെടുത്ത്‌ സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ ഇലക്‌ട്രിക്‌ വാഹനങ്ങളേയും വാറ്റ്‌, റോഡ്‌ ടാക്‌സ്‌, രജിസ്‌ട്രേഷന്‍ ഫീസ്‌ തുടങ്ങിയവില്‍നിന്ന്‌ ഒഴിവാക്കിയിരിക്കുകയാണെന്ന്‌ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്‌ ഉദാഘാടന ചടങ്ങില്‍ പറഞ്ഞു.
ഗതാഗതഘടന, ഇന്ധന ആശ്രയത്വം എന്നിവയില്‍ പുനര്‍വിചിന്തനവും പൊളിച്ചെഴുത്തും ഏറ്റവും ആവശ്യമാണ്‌. 2030-ഓടെ ഇലക്‌ട്രിക്‌ വെഹിക്കിള്‍ രാജ്യമായി മാറുന്ന പദ്ധതിക്ക്‌ നാം തുടക്കം കുറിച്ചിരിക്കുകയാണെന്നും ഉദ്‌ഘാടന ചടങ്ങില്‍ കേന്ദ്ര ഉപരതല ഗതാഗതവകുപ്പ്‌ മന്ത്രി നിതിന്‍ ഗാഡ്‌കരി പറഞ്ഞു.
ഒല സിഇഒയും കോ ഫൗണ്ടറുമായ ഭവിഷ്‌ അഗര്‍വാള്‍, മഹീന്ദ്ര ആന്‍ഡ്‌ മഹീന്ദ്ര മാനേജിംഗ്‌ ഡയറക്‌ടര്‍ ഡോ. പാവന്‍ ഗോയങ്ക, കൈനറ്റിക്‌ ഗ്രീന്‍ എനര്‍ജി ആന്‍ഡ്‌ പവര്‍ സൊലൂഷന്‍സ്‌ ലിമിറ്റഡ്‌ ഫൗണ്ടറും സിഇഒയുമായ സുലജ ഫിറോദിയ മോട്‌വാനി തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...