Sunday, July 27, 2014

കൊച്ചിക്ക്‌ ആഘോഷമായി മറൈന്‍ ഡ്രൈവില്‍ ഇന്ത്യന്‍ കരകൗശല ഉത്‌പന്നങ്ങള്‍




കൊച്ചി: യുവജനങ്ങളെ ഏറെ ആകര്‍ഷിച്ചുകൊണ്ട്‌ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങളുമായി സില്‍ക്ക്‌ ആന്‍ഡ്‌ കോട്ടണ്‍ ഫാബ്‌ (ക്രാഫ്‌റ്റ്‌സ്‌ ഓഫ്‌ ഇന്ത്യ) പ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ഹൈക്കോടതി ജംഗ്‌ഷനു സമീപം മറൈന്‍ ഡ്രൈവ്‌ മൈതാനിയിലാണ്‌ കൃഷ്‌ണ ഖാദി ഗ്രാം ഉദ്യോഗ്‌ സംസ്ഥാന്‍ ഓഗസ്റ്റ്‌ 17 വരെ സംഘടിപ്പിക്കുന്ന വിശാലവും വിപുലവുമായ മേള. വിവിധതരം ഫര്‍ണിച്ചറുകള്‍, ഹാന്‍ഡ്‌ലൂം പ്രിന്റുകള്‍, ഡ്രസ്‌ മെറ്റീയലുകള്‍, ജ്വല്ലറി ബോക്‌സുകള്‍, പോട്ടറി ഉത്‌പന്നങ്ങള്‍, ലതര്‍ ഉത്‌പന്നങ്ങള്‍ എന്നിവയുടെ നീണ്ടനിര തന്നെ ഇവിടെ കാണാം. ഹാര്‍ഡ്‌ വുഡ്‌ ഫര്‍ണിച്ചറുകള്‍ക്കു പുറമെ മുളയും മാവുമൊക്കെ ഉപയോഗിച്ച്‌ നിര്‍മിച്ച സവിശേഷമായ ഫര്‍ണിച്ചറുകളും ഇവിടെ അണിനിരത്തിയിരിക്കുന്നു.
ഒഡിഷയില്‍ നിന്നുള്ള ധക്കര ക്രാഫ്‌റ്റുകള്‍, ബിഹാറിലെ മധുബനി പെയിന്റിംഗുകള്‍, മധ്യപ്രദേശില്‍ നിന്നുള്ള ബ്രാസ്‌ ശില്‍പ്പങ്ങള്‍, ശാന്തിനികേതന്‍ ലേഡീസ്‌ ലതര്‍ ബാഗുകള്‍, കൊല്‍ക്കത്തയിലെ ധക്കായി, ജംദാനി, ഛത്തിസ്‌ഗഡിലെ ബുങ്കര്‍ ക്രാഫ്‌റ്റുകള്‍, കോസ സില്‍ക്ക്‌, അഹിംസ സില്‍ക്ക്‌ തുടങ്ങി അതിവിശിഷ്‌ടങ്ങളായ ഒട്ടേറെ ഉത്‌പന്നങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരകൗശല വിദഗ്‌ധരും കലാകാരന്മാരും ഈ മേളയില്‍ എത്തിച്ചിട്ടുണ്ട്‌. ബ്ലോക്ക്‌ പ്രിന്റുകളില്‍ ബെഡ്‌ ഷീറ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ തുണിത്തരങ്ങള്‍, രാജസ്ഥാനില്‍ നിന്നുള്ള ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയാണു മറ്റൊരു പ്രത്യേകത.
സഹറാന്‍പൂരില്‍ നിന്നുള്ള റോട്ട്‌ അയണ്‍ ഫര്‍ണിച്ചറുകള്‍, ബദോയി സില്‍ക്ക്‌, വൂളന്‍ കാര്‍പ്പറ്റുകള്‍, ഖേഡ്‌ക കോട്ടണ്‍ ബെഡ്‌ ഷീറ്റുകള്‍, ജൂട്ട്‌ ഉപയോഗിച്ചു നിര്‍മിച്ച ലേഡീസ്‌ ജന്റ്‌സ്‌ സ്ലീപ്പറുകള്‍, ഹരിയാന ടെറക്കോട്ട, പത്‌ചിത്ര പെയന്റിംഗുകള്‍, മീററ്റില്‍ നിന്നുള്ള കുഷ്യന്‍ കവറുകള്‍, ഉത്തര്‍ പ്രദേശിലെ കുര്‍ജ പോട്ടറി തുടങ്ങി അത്യപൂര്‍വ വസ്‌തുക്കളും ഇവിടെ പ്രദര്‍ശന വില്‍പ്പനയ്‌ക്കുണ്ട്‌.
സാരികളും ഡ്രസ്‌ മെറ്റീരിയലുകളുമാണ്‌ മറ്റൊരു വിഭാഗം. ആന്ധ്രാ പ്രദേശില്‍ നിന്നുള്ള വെങ്കടഗിരി, മംഗളഗിരി, പോച്ചാംപള്ളി, കലംകരി, കോട്ടണ്‍ ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവ ആരെയും ആകര്‍ഷിക്കും. ബിഹാറില്‍ നിന്നുള്ള ടസ്സര്‍, മട്‌ക, ഖാദി സില്‍ക്ക്‌, ജമ്മു കശ്‌മീരില്‍ നിന്നുള്ള എംബ്രോയ്‌ഡറി ചെയ്‌ത പശ്‌മിന ഷാളുകള്‍, മധ്യപ്രദേശിലെ ഛന്ദേരി, മഹേശ്വരി സാരികള്‍ എന്നിവയും ശ്രദ്ധേയമാണ്‌.
ത്രിപുര ബാംബൂ പെയ്‌ന്റിംഗ്‌, ഒഡിഷ ട്രൈബല്‍ ആര്‍ട്ട്‌ പെയ്‌ന്റിംഗ്‌, ഒഡിഷ പെയ്‌ന്റിംഗ്‌, ജൂട്ട്‌ ബാഗുകള്‍, ജൂട്ട്‌ ജ്വല്ലറി, ജൂട്ട്‌ പെയന്റിംഗുകള്‍, ഹൈദരാബാദ്‌ പേള്‍ ജ്വല്ലറി, കുറേസിയ വര്‍ക്കുകള്‍, ഗ്ലാസ്‌ ഗിഫ്‌റ്റുകള്‍, ഹോം ഫര്‍ണിഷിംഗ്‌ ഉത്‌പന്നങ്ങള്‍ എന്നിവയെല്ലാം ഈ ആഘോഷവേളയില്‍ ഇവിടെനിന്നു സ്വന്തമാക്കാം. ഇവയ്‌ക്കു പുറമേ ലേഡീസ്‌ പെഴ്‌സുകളും അക്‌സസറികളും അടക്കം എണ്ണമറ്റ ഒട്ടേറെ കരകൗശല ഉത്‌പന്നങ്ങള്‍ മേളയിലുണ്ട്‌. ദിവസവും രാവിലെ 11 മണി മുതല്‍ രാത്രി 9 മണി വരെയാണു പ്രദര്‍ശന വില്‍പ്പന.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...