Sunday, July 27, 2014

ഓഹരി നിക്ഷേപത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ സാമ്പത്തിക അച്ചടക്കം


                                                       അനൂപ്‌ ഭാസ്‌ക്കര്‍,
                                            യു.ടി.ഐ. അസറ്റ്‌ മാനേജുമെന്റ്‌ കമ്പനി
ഓഹരി വിപണിയിലെ നിക്ഷേപ അവസരങ്ങള്‍ വിലയിരുത്തുമ്പോള്‍ പലരും പഴയ അനുഭവങ്ങളുമായി അതിനെ താരതമ്യപ്പെടുത്താറുണ്ട്‌. ഇതു ചെയ്യേണ്ടതുണ്ട്‌. എന്നാല്‍ എല്ലായിപ്പോഴും ഇതു ശരിയായി വരണമെന്നില്ല. മറ്റെന്തിനേക്കാളും സാമ്പത്തിക അച്ചടക്കമാണ്‌ ഓഹരി വിപണിയുമായി ബന്ധപ്പെട്ട്‌ ഏറ്റവും പ്രധാനപ്പെട്ടത്‌ എന്നേ പറയാനാവൂ. ഇതേ രീതിയില്‍ തന്നെയാണ്‌ ഓഹരി വിപണിയുടെ കുതിപ്പുകള്‍ അവലോകനം ചെയ്യുന്നതുമായി ബന്ധപ്പെട്ട രീതികളും. പലപ്പോഴും വിപണിയുടെ മുന്നേറ്റം യുക്തിസഹമായ നിലവാരങ്ങള്‍ക്കും മുകളിലേക്കു പോകുന്നുവെന്ന്‌ പലരും അഭിപ്രായപ്പെടാറുണ്ട്‌. ഇവിടെയൊരു ഉദാഹരണം പരിശോധിക്കാം. 2008 ജനുവരിയില്‍ നിഫ്‌റ്റി 6,000 എന്ന നിലയിലെത്തിയതില്‍ നിന്നു വ്യത്യസ്ഥമാണ്‌ 2010 ഡിസംബറില്‍ 6,000 എത്തിയത്‌. 2013 ജനുവരിയിലെ 6,000 ഇവ രണ്ടില്‍ നിന്നും വ്യത്യസ്‌തമാണ്‌. ഈ നിലവാരങ്ങളുടെ കാര്യങ്ങള്‍ മാത്രമെടുത്തു കൊണ്ട്‌ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ അതാതു വേളകളിലുള്ള സ്ഥിതിഗതികളെ പഴയ അനുഭവങ്ങളുമായി താരതമ്യം ചെയ്യരുതെന്നു തന്നെയാണിതു ചൂണ്ടിക്കാട്ടുന്നത്‌.
ഇത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകര്‍ക്ക്‌ ആശ്രയിക്കാവുന്ന ഒരു സൂചകം പ്രൈസ്‌ -ഇക്വിറ്റി അനുപാതമാണ്‌. ഇത്‌ 21-22 ഇരട്ടിയാകുമ്പോഴേക്ക്‌ വിപണിയില്‍ ഇടിവിനുള്ള പ്രവണതകള്‍ കടന്നു വരും. 2008 ല്‍ 23 ഇരട്ടിയില്‍ ട്രേഡിങ്‌ നടന്നു കൊണ്ടിരിക്കുമ്പോഴാണ്‌ വിപണിയില്‍ തിരുത്തല്‍ ആരംഭിച്ചത്‌. നിലവില്‍ 17 ഇരട്ടി എന്ന നിലയില്‍ മാത്രമാണ്‌ ഇപ്പോള്‍ വ്യാപാരം നടന്നു കൊണ്ടിരിക്കുന്നത്‌.
ഓഹരി നിക്ഷേപത്തിനായി എസ്‌.ഐ.പി. മാതൃക പിന്തുടരുന്നതിന്റെ നേട്ടങ്ങളാണ്‌ ഇവയില്‍ നിന്നെല്ലാം നമുക്കു കണ്ടെത്താനാവുക. ഓരോ മാസവും പി.എഫിലേക്ക്‌ കൃത്യമായ തുക നല്‍കുന്ന രീതിയില്‍ ഓഹരി നിക്ഷേപത്തിനായി എന്തു കൊണ്ട്‌ പണം മാറ്റി വെച്ചു കൂട എന്നു ചോദിക്കുന്നതാവും ഇവിടെ കൂടുതല്‍ ഉചിതം. വിപണിയുടെ നിലകളെക്കുറിച്ചോ പ്രൈസ്‌-ഇക്വിറ്റി റേഷ്യോകളെക്കുറിച്ചോ ആശങ്കയില്ലാതെ നിക്ഷേപിക്കാനാവും ഇതിലൂടെ അവസരം ലഭിക്കുക. അടിസ്ഥാന ഓഹരി സൂചികകളെക്കാള്‍ മികച്ച വരുമാനം ലഭിക്കുന്ന ഫണ്ടുകളാണെങ്കില്‍ പണപ്പെരുപ്പത്തേക്കാള്‍ നിക്ഷേപം ലഭിക്കാനുള്ള അവസരമാകും ഇതിലൂടെ ലഭിക്കുക. എന്നാല്‍ നിക്ഷേപകര്‍ക്കു പലര്‍ക്കും ഈയൊരു രീതിയെക്കുറിച്ചുള്ള കൃത്യമായ ധാരണകളില്ലെന്നതാണു വസ്‌തുത.
നിക്ഷേപ വേളയില്‍ നടത്തേണ്ട മറ്റൊന്ന്‌ ആപേക്ഷികമായ വിലയിരുത്തലുകളാണ്‌. ഒരു കമ്പനിക്ക്‌ ആയിരം കോടി രൂപയിലേറെ വരുമാനമുണ്ടെന്നു കരുതുക. ചില മേഖലകളില്‍ ഇതു മികച്ചതായി കണക്കാനാവുമ്പോള്‍ മറ്റു ചില മേഖലകളില്‍ അതത്ര മികച്ചൊരു നിലയാവണമെന്നില്ല. വളരെ പ്രാധാന്യത്തോടെ വിലയിരുത്തേണ്ട മറ്റൊന്ന്‌ കമ്പനിയുടെ മാനേജുമെന്റിന്റെ ചരിത്രമാണ്‌. ഇതു കൂടി പ്രാധാന്യത്തോടെ വിലയിരുത്തിയ ശേഷമാകണം നിക്ഷേപം നടത്തേണ്ടത്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...