Wednesday, August 27, 2014

ഇന്ത്യന്‍ ഓയിലിന്റെ പെട്രോളിയം ബള്‍ക്ക്‌ ടെര്‍മിനല്‍ പ്രധാനമന്ത്രി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു



പെട്രോളിയം ശുദ്ധീകരണ വിപണന രംഗത്തെ പ്രമുഖ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോളിയം ബള്‍ക്ക്‌ സ്റ്റോറേജ്‌ ടെര്‍മിനല്‍, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. ജാര്‍ഖണ്‌ഡിലെ ദിയോഘര്‍ ജില്ലയിലെ ജസിദിയിലാണ്‌ പടുകൂറ്റന്‍ സംഭരണി.
ഇന്ത്യന്‍ ഓയിലിന്റെ പുതിയ സംഭരണിയില്‍ നിന്നുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ തടസരഹിതമായ വിതരണം ഈ മേഖലയുടെ വ്യവസായ വികസനത്തിന്‌ ആക്കം കൂടുമെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു.
പുതിയ പെട്രോളിയം സംഭരണി, വരും വര്‍ഷങ്ങളിലുണ്ടാകാവുന്ന പെട്രോളിന്റെ ആവശ്യകത കൂടി നിറവേറ്റാന്‍ പര്യാപ്‌തമാണെന്ന്‌ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അഭിപ്രായപ്പെട്ടു. ജാര്‍ഖണ്‌ഡ്‌ മേഖലയിലെ ഉരുക്ക്‌, ബോക്‌സൈറ്റ്‌, മൈക്ക, കല്‍ക്കരിഖനി വ്യവസായങ്ങളുടെ വളര്‍ച്ചയ്‌ക്കും ഈ സംഭരണി സഹായകമാകുമെന്ന്‌ പ്രധാന്‍ ചൂണ്ടിക്കാട്ടി.
ഹാല്‍സിയ - ബറൗണി പൈപ്പ്‌ലൈന്‍ വഴിയാണ്‌ ജസീദി ടെര്‍മിനലിലേക്ക്‌ പെട്രോളിയം ഉല്‍പന്നങ്ങള്‍ എത്തുക. 31,600 കിലോലിറ്ററാണ്‌ സംഭരണശേഷി. ബൊക്കാറോ, ധന്‍ബാദ്‌, ഗിരിദി, ദിയോഘര്‍, ജാംതാര, ഗോദ, ദുംക, പക്കുര്‍, സാഹിബ്‌ ഗഞ്ച്‌ എന്നീ വിപണികളിലേയ്‌ക്കാണ്‌ ഇവിടെ നിന്നും പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവ എത്തുക.
ജാര്‍ഖണ്‌ഡിലെ കുന്തിയില്‍ പുതിയൊരു ഇന്ത്യന്‍ ഓയില്‍ ടെര്‍മിനല്‍ കൂടി പൂര്‍ത്തിയാക്കുന്നുണ്ട്‌. ഇന്ത്യന്‍ ഓയിലിന്റെ നിര്‍ദ്ദിഷ്‌ട പാരാദ്വീപ്‌ റിഫൈനറിയില്‍ നിന്നാണ്‌ കുന്തിയിലെ ടെര്‍മിനലിലേയ്‌ക്ക്‌ ഉല്‍പ്പന്നങ്ങള്‍ എത്തുക. ധന്‍ബാദിലും, റാഞ്ചിയിലും ടാറ്റാനഗറിലും ആണ്‌ ഇന്ത്യന്‍ ഓയിലിന്റെ മറ്റ്‌ സംഭരണികള്‍.
26 ഏക്കര്‍ ഭൂമിയില്‍ 109 കോടി രൂപ ചെലവഴിച്ചാണ്‌ ജസിദിയിലെ കൂറ്റന്‍ സംഭരണി നിര്‍മ്മിച്ചിരിക്കുന്നത്‌. പ്രതിദിനം 160-180 ട്രക്കുകള്‍ നിറയ്‌ക്കാനുള്ള സൗകര്യവും ഉണ്ട്‌. 

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...