Monday, February 29, 2016

ആമ്പല്ലൂര്‍ ഇലക്ട്രോണിക്‌ പാര്‍ക്കില്‍ പ്രതീക്ഷിക്കുന്നത്‌ 1000 കോടിയുടെ വ്യവസായ നിക്ഷേപം



കൊച്ചി: ആമ്പല്ലൂരില്‍ കെഎസ്‌ഐഡിസി നിര്‍മിക്കുന്ന ഇലക്ട്രോണിക്‌ പാര്‍ക്കിന്റെ പ്രഖ്യാപനവും ഭൂമി കൈമാറലും എക്‌സൈസ്‌ തുറമുഖ വകുപ്പു മന്ത്രി കെ.ബാബു നിര്‍വഹിച്ചു. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 1000 കോടി രൂപയുടെ വ്യവസായ നിക്ഷേപമാണ്‌ ഇവിടെ പ്രതീക്ഷിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 5000 പേര്‍ക്ക്‌ നേരിട്ടു തൊഴില്‍ ലഭിക്കുമെന്നും കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. അരുന്ധതിയമ്മ, രേവമ്മ എന്നിവരില്‍ നിന്ന്‌ ഏറ്റെടുത്ത ഭൂമിവിലയുടെ ചെക്ക്‌ കൈമാറ്റമാണ്‌ പ്രാഥമികമായി മന്ത്രി നിര്‍വ്വഹിച്ചത്‌.
സ്ഥലമെടുപ്പ്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ രണ്ടു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ അധ്യക്ഷത വഹിച്ച സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി അനൂബ്‌ ജേക്കബ്‌ പറഞ്ഞു. പദ്ധതിക്കു വേണ്ടിയുള്ള ഏറ്റവും പ്രധാനപ്പെട്ട തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള അനുമതി ലഭ്യമായിക്കഴിഞ്ഞു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ്‌ മന്ത്രാലയത്തിന്റെ അനുമതിക്കായുള്ള പ്രാരംഭനടപടികള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ആമ്പല്ലൂര്‍, മുളന്തുരുത്തി, മണക്കുന്നം വില്ലേജുകളില്‍ കോണോത്ത്‌ പുഴയുടെ ഇരുകരകളിലുമായി കിടക്കുന്ന 1500 ഏക്കര്‍ ഭൂമിയില്‍ 100 ഏക്കറിലാണ്‌ ഇലക്ട്രോണിക്‌ പാര്‍ക്ക്‌ നിര്‍മിക്കുന്നത്‌. കൊച്ചി തുറമുഖത്തുനിന്നും 25 കിലോമീറ്ററും രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ 40 കിലോമീറ്ററും മാത്രമാണ്‌ ഇവിടേക്കുള്ള ദൂരം. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കാതെ നിര്‍മിക്കപ്പെടുന്ന ഈ പദ്ധതിക്കായി 2650 കോടി രൂപയാണ്‌ സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്‌. 600 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസനമാണ്‌ ആദ്യഘട്ടത്തില്‍ നടപ്പാക്കുക. മൊബൈല്‍ ഉപകരണങ്ങള്‍, പവര്‍ ഇലക്ട്രോണിക്‌സുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സുകള്‍, ഐടി സിസ്റ്റമുകളും ഹാര്‍ഡ്‌വെയറുകളും, ഇന്‍ഡസ്‌ട്രിയല്‍ ഇലക്ട്രോണിക്‌സ്‌, ഓട്ടോമൊബീല്‍ ഇലക്ട്രോണിക്‌സ്‌, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ഉല്‍പാദനമായിരിക്കും ഇവിടെ പ്രധാനമായും നടക്കുകയെന്ന്‌ ആമ്പല്ലൂര്‍ ഇലക്‌ട്രോണിക്‌സ്‌ പാര്‍ക്കിന്റെ സ്‌പെഷല്‍ ഓഫീസറും കെഎസ്‌ഐഡിസി ജനറല്‍ മാനേജറുമായ കെ.ജി. അജിത്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരണത്തില്‍ വ്യക്തമാക്കി.
ജോസ്‌ കെ. മാണി എം.പി വിശിഷ്ടാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ സനില്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ സോമന്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ബിജു തോമസ്‌, പഞ്ചായത്ത്‌ അംഗം കെ.എസ്‌.രാധാകൃഷ്‌ണന്‍, കെഎസ്‌ഐഡിസി എജിഎം എം.ടി. ബിനില്‍കുമാര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...