Saturday, August 27, 2016

ദോഹ ബാങ്കിന്റെ കൊച്ചി ശാഖ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു




കൊച്ചി: ദോഹ ബാങ്കിന്റെ കൊച്ചി ശാഖ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇടപ്പള്ളിയിലെ ലുലു മാളിന്റെ ഒന്നാം നിലയിലാണ്‌ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്‌. ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി, ദോഹ ബാങ്ക്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍, ഡയറക്ടര്‍ ബോര്‍ഡംഗങ്ങള്‍ തുടങ്ങിയവര്‍ക്ക്‌ പുറമേ കേരള സര്‍ക്കാര്‍ പ്രതിനിധികളും ഖത്തറില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളും ഗള്‍ഫ്‌ രാജ്യങ്ങളിലും ആഗോളതലത്തിലും ബിസിനസ്‌ താല്‍പ്പര്യങ്ങളുള്ള പ്രാദേശിക കോര്‍പ്പറേറ്റ്‌ തലവ�ാരും ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. 

കോര്‍പ്പറേറ്റ്‌ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള എല്ലാ ബാങ്കിംഗ്‌ സേവനങ്ങളും ശാഖയില്‍ ലഭ്യമാകും. നിലവില്‍ രാജ്യത്ത്‌ മുംബൈയില്‍ രണ്ട്‌ ശാഖകളാണ്‌ ബാങ്കിനുള്ളത്‌.

ഫോട്ടോ ക്യാപ്‌ഷന്‍: ദോഹ ബാങ്കിന്റെ കൊച്ചി ശാഖ ലുലു മാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്ത്‌ നിന്ന്‌) ഖത്തറിലെ ബിസിനസ്‌ പ്രമുഖന്‍ ഇബ്രാഹിം നബിന, ദോഹ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍, ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി എന്നിവരെയും കാണാം.


കേരളത്തില്‍ വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ 
അനുകൂല സാഹചര്യമൊരുക്കുമെന്ന്‌ മുഖ്യമന്ത്രി

� ദോഹ ബാങ്ക്‌ കൊച്ചി ശാഖയുടെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 'കേരള-ഖത്തര്‍ നിക്ഷേപാവസരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ പങ്കെടുത്തു 

കൊച്ചി: കേരളത്തില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ സംസ്ഥാന സര്‍ക്കാര്‍ അനുകൂല സാഹചര്യമൊരുക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചിയില്‍ ദോഹ ബാങ്കിന്റെ ശാഖ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 'കേരള-ഖത്തര്‍ നിക്ഷേപാവസരങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന നിക്ഷേപക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. `നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‌ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരത്തിലേക്കുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രതിബദ്ധമാണ്‌. ഈ കൊച്ചു കേരളത്തില്‍ നാല്‌ വിമാനത്താവളങ്ങളും നിരവധി തുറമുഖങ്ങളുമുണ്ട്‌. ഇവ കേരളത്തിലെ വ്യാവസായിക, വാണിജ്യ വികസനത്തില്‍ നിര്‍ണായക സംഭാവന നല്‍കുന്നു. ടൂറിസം, പരമ്പരാഗത വ്യവസായം, അഗ്രോ പ്രോസസ്സിംഗ്‌, ഐടി, ലോജിസ്‌റ്റിക്‌സ്‌, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളില്‍ നിക്ഷേപം നടത്താന്‍ ഖത്തര്‍ സര്‍ക്കാരിനെയും വ്യാവസായിക പ്രമുഖരെയും സ്വാഗതം ചെയ്യുന്നു,` മുഖ്യമന്ത്രി പറഞ്ഞു. ലുലു ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്ടര്‍ എം.എ. യൂസഫലി, ദോഹ ബാങ്ക്‌ ചെയര്‍മാന്‍ ഷെയ്‌ഖ്‌ ഫഹദ്‌ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍ താനി, മാനേജിംഗ്‌ ഡയറക്ടര്‍ ഷെയ്‌ഖ്‌ അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ ജാബര്‍ അല്‍താനി, ദോഹ ബാങ്ക്‌ സിഇഒ, ഡോ. ആര്‍. സീതാരാമന്‍ എന്നിവരെ കൂടാതെ കേരളത്തിലെയും ഖത്തറിലെയും പ്രമുഖ നിക്ഷേപകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. 

സമ്മേളനത്തെ അഭിസംബോധന ചെയ്‌ത ദോഹ ബാങ്ക്‌ സിഇഒ ഡോ. ആര്‍. സീതാരാമന്‍ ഇന്ത്യയിലെ, വിശേഷിച്ച്‌ കേരളത്തിലെ നിക്ഷേപ സാഹചര്യങ്ങളെക്കുറിച്ചും ആഗോള സമ്പദ്‌ഘടനയെക്കുറിച്ചും സംസാരിച്ചു. 2016-17 വര്‍ഷം കേരളം 9.5% വളര്‍ച്ചയാണ്‌ ലക്ഷ്യമിടുന്നത്‌. വന്‍ പ്രകൃതി വിഭവശേഖരവും ലളിതവും സുതാര്യവുമായ നടപടിക്രമങ്ങളും രാജ്യാന്തര വാണിജ്യ ഇടനാഴിയിലെ തന്ത്രപരമായ സ്ഥാനവും കേരളത്തെ ടൂറിസം, ഐടി, ഐടി അനുബന്ധ വ്യവസായം, ഖനനം തുടങ്ങിയ രംഗങ്ങളില്‍ നിക്ഷേപത്തിന്‌ അനുയോജ്യമായ സംസ്ഥാനമായി മാറ്റിയിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഈയിടെ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ അടിസ്ഥാനസൗകര്യ വികസനത്തിന്‌ 5000 കോടി രൂപ വകയിരുത്തിയിട്ടുണ്ടന്നെും സീതാരാമന്‍ ചൂണ്ടിക്കാട്ടി. വന്‍ ഐടി പദ്ധതിയായ കൊച്ചിയിലെ സ്‌മാര്‍ട്‌സിറ്റി 2020-ല്‍ പൂര്‍ണസജ്ജമാകുന്നതോടെ ഐടി, ഐടി അനുബന്ധ മേഖലകളില്‍ കേരളം വന്‍ കുതിച്ചുച്ചാട്ടം നടത്തും. കുമരകം, വയനാട്‌, കോവളം, മുസിരീസ്‌ ഹെറിറ്റേജ്‌ സര്‍ക്യൂട്ട്‌ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ പരിസ്ഥിതി സൗഹൃദ ഗ്രാമീണ ടൂറിസം പാക്കേജുകള്‍ നടപ്പാക്കുന്നതിലൂടെ ടൂറിസം രംഗത്തും സംസ്ഥാനം വന്‍ മുന്നേറ്റമാണ്‌ ലക്ഷ്യമിടുന്നത്‌. ഇലക്ട്രോണിക്‌ ഹാര്‍ഡ്‌ വെയര്‍ നിര്‍മാണം, ഗവേഷണം, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന്‌ കേരള സര്‍ക്കാരിന്റെ കൊച്ചിയിലെ നിര്‍ദ്ദിഷ്ട ഇലക്ട്രോണിക്‌ ഹബ്‌ പദ്ധതി രാജ്യത്തെ ഇലക്ട്രോണിക്‌ ഭൂപടത്തില്‍ സംസ്ഥാനത്തിന്‌ നിര്‍ണായക സ്ഥാനം ഉറപ്പുവരുത്തുമെന്നും ഡോ. സീതാരാമന്‍ പറഞ്ഞു. 

ജിസിസിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2015-16 വര്‍ഷത്തില്‍ 100 ബില്യന്‍ ഡോളറിനടുത്തായിരുന്നുവെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്ന്‌ ഇന്ത്യയിലേക്കുള്ള നിക്ഷേപത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2.2% കുറവുണ്ടായെങ്കിലും കേരളത്തിലെ പ്രധാന നിക്ഷേപസ്രോതസ്സായി അത്‌ നിലനില്‍ക്കുന്നു. ഗള്‍ഫ്‌ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപത്തിന്റെ 38.7% യുഎഇയില്‍ നിന്നാണ്‌. 28.2%-വുമായി സൗദി അറേബ്യയാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനത്തിന്‌ യുഎഇയും ഇന്ത്യയും ചേര്‍ന്ന്‌ 75 ബില്യന്‍ ഡോളറിന്റെ ഫണ്ട്‌ രൂപീകരിക്കാനുള്ള പദ്ധതിയേയും ഡോ. സീതാരാമന്‍ പരാമര്‍ശിച്ചു. ജിസിസി സോവറിന്‍ വെല്‍ത്ത്‌ ഫണ്ടിന്‌ കേരളത്തിലുള്ള സാധ്യതകള്‍ ആരായാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

`പ്രധാനമായും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോയ സാഹചര്യത്തില്‍ ഐഎംഎഫിന്റെ 2016 ജൂലൈയിലെ അവലോകനം പ്രകാരം 2016-ലെ പുതുക്കിയ ആഗോള വളര്‍ച്ചാനിരക്ക്‌ 3.1% ആയി കുറഞ്ഞിട്ടുണ്ട്‌. വികസിത രാജ്യങ്ങളുടെ വളര്‍ച്ചാനിരക്ക്‌ 1.8%-വും വികസ്വര രാജ്യങ്ങളുടേത്‌ 4.1%- വുമാണ്‌. വളര്‍ച്ചയിലെ ഈ മാന്ദ്യം കാരണം വളര്‍ന്നു വരുന്ന പ്രധാന വിപണികളില്‍ മാന്ദ്യം, സാമ്പത്തിക വിപണികളോടുള്ള നിലപാടുകളില്‍ വന്‍ മാറ്റങ്ങള്‍, വികസിത സമ്പദ്‌ഘടനകളില്‍ സ്‌തംഭനം, കമ്മോഡിറ്റികളുടെ വിലകള്‍ തിരിച്ചുകയറുന്നതില്‍ വന്‍വെല്ലുവിളികള്‍ തുടങ്ങി ആഗോള സമ്പദ്‌ഘടന നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്‌,` അദ്ദേഹം പറഞ്ഞു.

`യുഎന്‍സിടിഎഡിയുടെ കണക്ക്‌ പ്രകാരം 2015-ല്‍ ആഗോളതലത്തിലെ നേരിട്ടുള്ള വിദേശനിക്ഷേപം 36% വര്‍ധിച്ച്‌ കണക്കാക്കപ്പെട്ട 1.7 ട്രില്യന്‍ യുഎസ്‌ ഡോളറില്‍ എത്തിയിരുന്നു. വികസിത രാജ്യങ്ങളിലെ വിദേശ നിക്ഷേപം 2015-ല്‍ 936 ബില്യന്‍ ഡോളറും വികസ്വര രാജ്യങ്ങളിലേത്‌ 741 ബില്യന്‍ ഡോളറുമായിരുന്നു. പ്രാദേശിക സംഘര്‍ഷങ്ങളും ആഗോള കമ്മോഡിറ്റി വിലകളിലെ ഇടിവും നേരിട്ടുള്ള വിദേശ നിക്ഷേപത്തെ ബാധിച്ചത്‌ കാരണം മാറുന്ന സമ്പദ്‌ഘടനകളിലേക്കുള്ള നിക്ഷേപ ഒഴുക്ക്‌ 22 ബില്യന്‍ ഡോളറിലേക്ക്‌ താഴ്‌ന്നു. അതേസമയം ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം 55 ബില്യന്‍ ഡോളര്‍ കടന്നു,` ഡോ. സീതാരാമന്‍ ചൂണ്ടിക്കാണിച്ചു. 

2016-17 ല്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനം വളരുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എണ്ണവില കുറഞ്ഞത്‌ അക്കൗണ്ട്‌ കമ്മിയിലും സാമ്പത്തികകമ്മിയിലും ഇന്ത്യക്കു മേലുള്ള സമ്മര്‍ദ്ദം കുറച്ചിട്ടുണ്ട്‌. ഉപഭോക്തൃവിലകള്‍ 2016 ജൂലൈയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ 7.4 ശതമാനമായി ഉയര്‍ന്നു. 2017 ഏപ്രില്‍ 1-ാം തീയതി മുതല്‍ പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാകുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന ചരക്ക്‌, സേവന നികുതി (ജിഎസ്‌ടി) ഇന്ത്യക്കു കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. 

ഖത്തര്‍ സമ്പദ്‌ഘടനയെക്കുറിച്ചും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും ഡോ. സീതാരാമന്‍ വിശദീകരിച്ചു. `ഖത്തര്‍ സമ്പദ്‌ഘടന 2016-ല്‍ 3.9% വളരുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. 9.9% വളര്‍ച്ച ലക്ഷ്യമിടുന്ന നിര്‍മാണ മേഖലയിലാണ്‌ ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നത്‌. 100 ബില്യന്‍ ഡോളറോളമായിരുന്നു 2015-16-ല്‍ ജിസിസി - ഇന്ത്യ ഉഭയകക്ഷി വ്യാപാരം. ഇതില്‍ ഖത്തര്‍-ഇന്ത്യ വ്യാപാരം 10 ബില്യന്‍ ഡോളറോളം വരും. ഖത്തറിലെ എല്‍എന്‍ജി, എണ്ണ, പെട്രോകെമിക്കല്‍ മേഖലകള്‍ക്ക്‌ ഇന്ത്യയില്‍ വലിയ വിപണിയുണ്ട്‌. 2016 മുതല്‍ ഇന്ത്യയ്‌ക്ക്‌ പ്രതിവര്‍ഷം ഒരു മില്യന്‍ ടണ്‍ എല്‍എന്‍ജി കൂടുതല്‍ നല്‍കുന്നതിന്‌ 2015 ഡിസംബറില്‍ റാസ്‌ ഗ്യാസ്‌ കമ്പനിയും പെട്രോനെറ്റ്‌ എല്‍എന്‍ജിയും സെയില്‍ ആന്‍ഡ്‌ പര്‍ച്ചേസ്‌ എഗ്രിമെന്റ്‌ ഒപ്പുവെച്ചിട്ടുണ്ട്‌. പെട്രോനെറ്റിന്റെ കൊച്ചിയിലെ എല്‍എന്‍ജി ടെര്‍മിനലിലേക്ക്‌ റാസ്‌ ഗ്യാസ്‌ എല്‍എന്‍ജി കാര്‍ഗോ എത്തിച്ചിരുന്നു. 2013 മെയ്‌ മാസത്തില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലിന്റെ 5% ഓഹരി 1.26 ബില്യന്‍ ഡോളറിന്‌ ഖത്തര്‍ വാങ്ങിച്ചിരുന്നു. എല്‍ ആന്‍ഡ്‌ ടി, ടാറ്റാ പ്രോജക്ട്‌സ്‌, വോള്‍ട്ടാസ്‌, പഞ്ച്‌ ലോയിഡ്‌ എന്നീ ഇന്ത്യന്‍ കമ്പനികള്‍ ഖത്തറിലെ വിവിധ പദ്ധതികളില്‍ സജീവ പങ്കാളികളാണ്‌,` അദ്ദേഹം പറഞ്ഞു. 

ജിസിസിയില്‍ ചെറുകിട-ഇടത്തര സംരംഭങ്ങളുടെ (എസ്‌എംഇ) സംഭാവന വളരെ വലുതാണെന്ന്‌ ഡോ. സീതാരാമന്‍ പറഞ്ഞു. `യുഎഇയുടെ ജിഡിപിയില്‍ എസ്‌എംഇകളുടെ സംഭാവന 60 ശതമാനത്തിലേറെയാണ്‌. സ്വകാര്യ മേഖലയില്‍ 86 ശതമാനത്തോളം തൊഴിലും ഇവ ലഭ്യമാക്കുന്നു. പെട്രോളിയം അധിഷ്‌ഠിത വ്യവസായങ്ങളില്‍ നിന്നുള്ള ഖത്തറിന്റെ വൈവിധ്യവല്‍ക്കരണത്തില്‍ (നോണ്‍ ഹൈഡ്രോകാര്‍ബണ്‍ ഡൈവേഴ്‌സിഫിക്കേഷന്‍) എസ്‌എംഇകള്‍ക്ക്‌ പങ്കാളികളാകാം. സംസ്ഥാനത്തിന്റെ വികസനത്തിന്‌ വിവിധ എസ്‌എംഇ ക്ലസ്റ്ററുകളെ കേരളം കണ്ടെത്തിയിട്ടുണ്ട്‌. ഭക്ഷ്യ സംസ്‌കരണം, കൈത്തറി, ടെക്‌സ്റ്റൈല്‍ ആന്‍ഡ്‌ ഗാര്‍മെന്റ്‌സ്‌, റബര്‍, തടി വ്യവസായങ്ങള്‍, ആയുര്‍വേദം, ഹെര്‍ബല്‍ ആന്‍ഡ്‌ കോസ്‌മെറ്റിക്‌സ്‌എന്നീ മേഖലകളില്‍ നിന്നുള്ളവയാണ്‌ ഈ എസ്‌എംഇകള്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ എസ്‌എംഇകള്‍ക്കും ഐടി മേഖലയ്‌ക്കും വലിയ സംഭാവനകള്‍ നല്‍കാന്‍ കഴിയും,` അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലെ ഏറ്റവും നൂതനസാങ്കേതികവിദ്യ കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി

  കൊച്ചി: ഇടുപ്പെല്ലുകള്‍ മുഴുവനായി മാറ്റിവെയ്ക്കുന്നതിനുള്ള അതിനൂതന ഡയറക്റ്റ് ആന്‍റീരിയര്‍ രീതി കേരളത്തിലാദ്യമായി അവതരിപ്പിച്ച് ആസ്റ്റര്‍ മ...