Monday, February 29, 2016

കേന്ദ്ര ബജറ്റിലെ ചരിത്രപരമായ പ്രഖ്യാപനത്തെ വാഴ്‌ത്തി ധര്‍മ്മേന്ദ്ര പ്രഥാന്‍




ന്യൂഡല്‍ഹി, ഫെബ്രുവരി 29, 2016: ഗ്രാമീണ മേഖലകളിലെ പാവപ്പെട്ട സ്‌ത്രീകളുടെ ക്ഷേമം ലക്ഷ്യമിട്ട്‌ കേന്ദ്ര ബജറ്റില്‍ ദാരിദ്ര്യ രേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ ഒന്നര കോടി സ്‌ത്രീകള്‍ക്ക്‌ എല്‍പിജി കണക്ഷന്‍ നല്‍കാന്‍ 2000 കോടി രൂപ വകയിരുത്തി. ഇതാദ്യമായിട്ടാണ്‌ ഇത്തരത്തില്‍ സ്‌ത്രീകള്‍ക്ക്‌ എല്‍പിജി കണക്ഷനുകള്‍ക്കായി പണം വകയിരുത്തുന്നത്‌. അഞ്ച്‌ കോടി ബിപിഎല്‍ കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള പദ്ധതി വരുന്ന രണ്ടു വര്‍ഷത്തേക്കെങ്കിലും തുടര്‍ന്നേക്കും. കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച 'ഉജ്ജ്വല' പദ്ധതിയെ ചരിത്രപരമെന്ന്‌ വിശേഷിപ്പിച്ച പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ സഹമന്ത്രി ധര്‍മേന്ദ്ര പ്രഥാന്‍ കിടയറ്റ പാചകവാതകം ലഭിക്കുന്നത്‌ സ്‌ത്രീകളുടെയും അവരുടെ കുട്ടികളുടെയും ആരോഗ്യത്തിനൊപ്പം പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഉപകാരപ്രദമാണെന്ന്‌ പറഞ്ഞു. ലോകാരോഗ്യസംഘടനയുടെ കണക്ക്‌ അനുസരിച്ച്‌ സുരക്ഷിതമല്ലാത്ത പാചകവാതകം ഉപയോഗിക്കുന്നതിലൂടെ പ്രതിവര്‍ഷം അഞ്ച്‌ ലക്ഷം സ്‌ത്രീകള്‍ ഇന്ത്യയില്‍ മരിക്കുന്നുണ്ട്‌. അകാലത്തിലുള്ള ഈ മരണങ്ങളിലേറെയും സംഭവിക്കുന്നത്‌ ഹൃദയാഘാതം, പക്ഷാഘാതം, ശ്വസനസംബന്ധമായ രോഗം, ശ്വാസകോശത്തിലെ ക്യാന്‍സര്‍ തുടങ്ങിയവയിലൂടെയാണ്‌. 

പാവപ്പെട്ടവര്‍ക്ക്‌ ഉപകാരപ്രദമായ ഈ പദ്ധതിയ്‌ക്കായി കൈക്കൊണ്ട തീരുമാനത്തിന്‌ പ്രധാനമന്ത്രി, ധനമന്ത്രി എന്നിവരോട്‌ നന്ദിയുണ്ടെന്ന്‌ പ്രഥാന്‍ പറഞ്ഞു. പ്രധാനമന്ത്രിയില്‍നിന്ന്‌ സ്‌ത്രീകള്‍ക്ക്‌, പ്രത്യേകിച്ച്‌ ഗ്രാമങ്ങളില്‍ ഉള്ളവര്‍ക്കുള്ള സമ്മാനമാണ്‌ ഈ പദ്ധതിയെന്ന്‌ അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ കോടി കണക്കിന്‌ സ്‌ത്രീകളുടെ ക്ഷേമത്തിന്‌ ഉപകരിക്കുന്ന തരത്തില്‍ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ മന്ത്രാലയത്തില്‍നിന്ന്‌ ഇത്ര ബൃഹത്തായ പദ്ധതിയുണ്ടാകുന്നത്‌. 

ഉജ്ജ്വല എന്ന പദ്ധതിക്ക്‌ കീഴില്‍ ബിപിഎല്‍ കുടുംബങ്ങളിലെ ഒരു എല്‍പിജി കണക്ഷനായി 1600 രൂപ വരെ സഹായധനം കൈമാറും. സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കൂടിആലോചിച്ച ശേഷമായിരിക്കും പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്‌. പുതിയ എല്‍പിജി കണക്ഷന്‍ നല്‍കുമ്പോള്‍ ഇതുവരെ എല്‍പിജി കണക്ഷനുകള്‍ എത്തിപ്പെടാത്ത സംസ്ഥാനങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കുമായിരിക്കും മുന്‍ഗണന നല്‍കുക. കിഴക്കന്‍ ഇന്ത്യയുടെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ചിരിക്കുന്ന വീക്ഷണങ്ങള്‍ക്ക്‌ അനുസൃതമായി ഈ മേഖലയ്‌ക്ക്‌ പദ്ധതിയില്‍ പ്രത്യേക ഊന്നല്‍ നല്‍കും. 

പശ്ചാത്തലം
എല്‍പിജി സേവനങ്ങളുമായി ബന്ധപ്പെട്ട്‌ പെട്രോളിയം ആന്‍ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ മന്ത്രാലയത്തിന്റെ തൊപ്പിയില്‍ ഇപ്പോള്‍ തന്നെ നിരവധി പൊന്‍തൂവലുകളുണ്ട്‌. 15.2 കോടി ആളുകളുള്ള പഹല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പണം കൈമാറ്റ പദ്ധതിയാണ്‌. സര്‍ക്കാരിന്റെ തനതായ ഗീവ്‌ഇറ്റ്‌അപ്പ്‌ പദ്ധതിയുടെ കീഴില്‍ ഇപ്പോള്‍ തന്നെ 75 ലക്ഷം കുടുംബങ്ങളുണ്ട്‌. സ്വയമായി പാചകവാതക സബ്‌സിഡി വേണ്ടെന്നു വെച്ചവരാണിവര്‍. 50 ലക്ഷം ഗ്രാമീണ കുടുംബങ്ങള്‍ക്ക്‌ പുതിയ എല്‍പിജി കണക്ഷന്‍ നല്‍കിയ വര്‍ഷം കൂടിയായിരുന്നു 2015. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഗ്രാമീണ കണക്ഷനുകള്‍ നല്‍കിയ വര്‍ഷമായിരുന്നു ഇത്‌. 

No comments:

Post a Comment

10 APR 2025