ഉയര്‍ച്ചയുടെ പാത വീണ്ടെടുത്ത് കേരളത്തിലെ സ്വര്‍ണ വില. 120 രൂപ വര്‍ദ്ധിച്ച് 35960 രൂപയ്‌ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. വില ഇന്നലെ ഇടിഞ്ഞിരുന്നു. പവന് 320 രൂപ കുറഞ്ഞ് 35840 രൂപയ്‌ക്കാണ് ഇന്നലെ വ്യാപാരം നടന്നത്.
ഗ്രാമിന് 4495 രൂപയാണ് കേരളത്തിലെ ഇന്നത്തെ സ്വര്‍ണ വില. ജൂലൈ ഒന്നിന് വില പവന് 36160 രൂപയെന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. അതേസമയം, എംസിഎക്‌സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 48,171 രൂപയിലെത്തി. ഈ ആഴ്‌ച ആദ്യം 10 ഗ്രാമിന് 48,982 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തിയെങ്കിലും തുടര്‍ന്ന് നേട്ടങ്ങള്‍ നിലനിര്‍ത്താനായില്ല.
ഇന്ന് ആഗോള വിപണിയിലും വില കുറഞ്ഞു. സ്‌പോട്ട് സ്വര്‍ണം ഔണ്‍സിന് 0.1 ശതമാനം ഇടിഞ്ഞ് 1,773.13 ഡോളറിലെത്തി. യുഎസ് സ്വര്‍ണ്ണ ഫ്യൂച്ചേഴ്‌സ് 0.3 ശതമാനം ഇടിഞ്ഞ് 1,785.60 ഡോളറിലാണ്. ബുധനാഴ്‌ച വില എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,788.96 ല്‍ എത്തിയിരുന്നു.
രാഷ്ട്രീയവും സാമ്‌ബത്തികവുമായ അനിശ്ചിതത്വത്തില്‍ സ്വര്‍ണത്തെ സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ് കണക്കാക്കുന്നത്.കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും അവരുടെ സമ്‌ബദ്വ്യവസ്ഥയെ പിന്തുണയ്‌ക്കുന്നതിനുള്ള ഉത്തേജക നടപടികള്‍ തുടരുമെന്ന പ്രതീക്ഷ ഇന്ത്യയില്‍ സ്വര്‍ണത്തിന് പിന്തുണ നല്‍കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് പറയുന്നു. നിക്ഷേപകരുടെ താല്‍പര്യം ആകര്‍ഷിക്കുന്നതില്‍ സ്വര്‍ണ്ണ ഇടിഎഫുകള്‍ മികച്ച പ്രകടനം കാഴ്‌ച്ച വയ്‌ക്കുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള ഇടിഎഫായ എസ്‌പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ 0.8 ശതമാനം ഉയര്‍ന്ന് 1,191.47 ടണ്ണായി.
രാജ്യവ്യാപകമായി ലോക്‌ഡൗണ്‍ ചെയ്‌തതോടെ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി ഇടിഞ്ഞിരുന്നു. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നതും ജൂണ്‍ മാസത്തില്‍ ഇറക്കുമതി കുറയാനിടയായി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 86 ശതമാനമാണ് ഇടിവ്.ഇറക്കുമതി 608.76 മില്യണ്‍ ഡോളറിന്റേതായിരുന്നു. കഴിഞ്ഞ വര്‍ഷം 77.73 ടണ്‍ ഇറക്കുമതി ചെയ്‌തു. കഴിഞ്ഞ വര്‍ഷം ജൂണില്‍ 2.7 ബില്യണ്‍ ഡോളറും.
അന്താരാഷ്ട്ര വിമാന യാത്ര നിരോധിക്കുകയും നിരവധി ജ്വല്ലറി ഷോപ്പുകള്‍ അടയ്‌ക്കുകയും ചെയ്‌തതാണ് ഇറക്കുമതി കുറയാന്‍ ഇടയാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജൂണ്‍ മാസത്തില്‍ 11 ടണ്‍ സ്വര്‍ണം ആണ് ഇറക്കുമതി ചെയ്‌തത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ.