കൊച്ചി: റോഡില്‍ ഉത്തരവാദിത്വമില്ലാതെ മൊബൈല്‍ ഫോണ്‍
ഉപയോഗിക്കുന്നതിനെതിരായ സാംസങിന്റെ `സേഫ് ഇന്ത്യ' പ്രചാരണത്തിന് മികച്ച
പ്രതികരണം. യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌ത പ്രചാരണ വീഡിയോ 32 ദിവസത്തിനുള്ളില്‍ 10
കോടി ആളുകള്‍ കണ്ടു.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ ഒരു
സര്‍വ്വെയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സാംസങ് `സേഫ് ഇന്ത്യ'
പ്രചാരണത്തിന് തുടക്കമിട്ടത്. ഇന്ത്യയിലെ 60 ശതമാനം ടൂവീലറുകാരും ഓട്ടത്തിനിടെ
മൊബൈലില്‍ വരുന്ന കോളുകള്‍ക്ക് മറുപടി നല്‍കാറുണ്ടെന്ന് സര്‍വ്വെയില്‍
സമ്മതിക്കുന്നു. 14 ശതമാനം കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ
സെല്‍ഫിയെടുക്കാറുണ്ടെന്നും സമ്മതിച്ചു.
റോഡ് അപകടങ്ങള്‍, പ്രത്യേകിച്ച്
ഉത്തരവാദിത്വമില്ലാതെ മൊബൈല്‍ ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാകുന്നത്,
കുറയ്‌ക്കാനുള്ള കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട്-ഹൈവേ മന്ത്രി നിതിന്‍
ഖഡ്‌കരിയുടെ നടപടികളെ പിന്തുണച്ചുകൊണ്ടാണ് സാംസങ് സേഫ് ഇന്ത്യ പ്രചാരണം
അവതരിപ്പിച്ചത്. https://www.youtube.com/watch?v=QZdP-G-F0a8 ആണ് വീഡിയോ
ലിങ്ക്.
രാജ്യത്തെ 12 നഗരങ്ങളിലായി നടത്തിയ സര്‍വ്വെയില്‍ മൂന്നിലൊന്ന് കാര്‍
ഡ്രൈവര്‍മാരും വാഹനം ഓടിക്കുമ്പോള്‍ തന്നെ പ്രധാന സന്ദേശങ്ങള്‍ക്ക് മറുപടി
അയക്കാറുണ്ടെന്ന് കണ്ടെത്തി. ഡ്രൈവര്‍മാരില്‍ നിന്നും ഒട്ടും വ്യത്യസ്‌തമല്ല കാല്‍
നടക്കാരുടെ റോഡ് സുരക്ഷാ ബോധം. സര്‍വ്വെയില്‍ പങ്കെടുത്ത 64 ശതമാനം പേരും റോഡ്
മുറിച്ചു കടക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാറുണ്ടെന്ന് പ്രതികരിച്ചു. ഓഫീസിലെ
മേലധികാരിയുടെ കോളാണെങ്കില്‍ റോഡ് മുറിച്ചു കടക്കുകയാണെങ്കിലും കോള്‍ അറ്റന്‍ഡ്
ചെയ്യുമെന്ന് 18 ശതമാനം പേര്‍ മറുപടി നല്‍കി.
ഇന്ത്യയില്‍ ഓരോ നാലു
മിനിറ്റിലും ഒരു അപകട മരണം സംഭവിക്കുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ആഗോള തലത്തില്‍ ഏറ്റവും അധികം റോഡ് അപകടങ്ങള്‍ സംഭവിക്കുന്നത് ഇന്ത്യയിലാണെന്ന്
മാത്രമല്ല ലോകത്ത് സെല്‍ഫിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അപകട മരണങ്ങളില്‍ 50
ശതമാനവും ഇന്ത്യയിലാണെന്നും കര്‍ണെഗി മെല്ലണ്‍ സര്‍വകാലശാല, ഡല്‍ഹിയിലെ
ഇന്ദ്രപ്രസ്‌ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി,
തിരുച്ചിറപ്പള്ളി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവരുടെ പഠന
റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറ്റവും കൂടുതല്‍ റോഡ് അപകടങ്ങള്‍ നടക്കുന്നത്
ഇന്ത്യയിലാണെന്നും ലോകത്തെ സെല്‍ഫി മരണങ്ങളില്‍ 50 ശതമാനവും ഇന്ത്യയിലാണെന്നും
നിരുത്തരവാദിത്തപരമായ മൊബൈല്‍ ഉപയോഗം, പ്രത്യേകിച്ച് റോഡിലെ സെല്‍ഫിയെടുക്കല്‍,
രാജ്യത്തെ റോഡ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുകയാണെന്നും ലോകത്തെ ഏറ്റവും
ഉയര്‍ന്ന അപകട മരണ നിരക്കായ 1.5 ലക്ഷം എന്നത് പകുതിയായി കുറയ്‌ക്കാനാണ്
സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിന് സാംസങിനെ പോലുള്ളവര്‍ പരസ്യ
പ്രചാരണത്തിലൂടെ പിന്തുണയ്‌ക്കുന്നതില്‍ സന്തോഷമുണ്ടെന്നും എല്ലാ മൊബൈല്‍
ഉല്‍പ്പാദകരെയും ഈ വഴിക്ക് സ്വാഗതം ചെയ്യുകയാണെന്നും കേന്ദ്രമന്ത്രി നിതിന്‍
ഗഡ്‌കരി പറഞ്ഞു.
പ്രചാരണത്തിന് ലഭിച്ച മികച്ച പ്രതികരണം മന്ത്രാലയത്തിന്റെ
ശ്രമങ്ങള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുന്നതിന് പ്രോല്‍സാഹനമാണെന്ന് സാംസങ്
ഇന്ത്യ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ രഞ്‌ജിവ്‌ജിത് സിങ് പറഞ്ഞു.
സേഫ്
ഇന്ത്യ സര്‍വ്വെ പ്രകാരം 11 ശതമാനം ടൂവീലറുകാരും വിളിക്കുന്നത് ആരാണെങ്കിലും
ഫോണിന് മറുപടി നല്‍കാറുണ്ടെന്നും 30 ശതമാനം വീട്ടുകാരുടെ കോള്‍ മാത്രം അറ്റന്‍ഡ്
ചെയ്യുന്നവരാണെന്നും 18 ശതമാനം പേര്‍ ജോലി സംബന്ധമായ കാര്യങ്ങള്‍ക്ക് മാത്രം
മറുപടി നല്‍കുന്നുവെന്നും കണ്ടെത്തി. 23 ശതമാനം പേര്‍ സന്ദേശങ്ങള്‍ വായിച്ച്
പ്രധാനപ്പെട്ടതാണെങ്കില്‍ മറുപടി നല്‍കുന്നവരാണെന്നതാണ് ഞെട്ടിക്കുന്ന
വസ്‌തുത.
റോഡിലെ ഫോണിന്റെ ദുരുപയോഗം തടയാന്‍ മൊബൈല്‍ ഉല്‍പ്പാദകര്‍ തന്നെ
എന്തെങ്കിലും മാര്‍ഗം കണ്ടെത്തണം എന്ന് 55 ശതമാനം പേര്‍ ചിന്തിക്കുന്നു.