കേരളത്തിലെ ഗ്രാമങ്ങളിലെ 99.1 ശതമാനം
ടിവി പ്രക്ഷേപണം എത്തുന്നത് കേബിളുകളിലൂടെ
കൊച്ചി: കേരളത്തിലെ ഗ്രാമങ്ങളിലെ 99.1 ശതമാനം വീടുകളിലും ടിവി ലഭിക്കുന്നത്
കേബിള്‍ വഴിയെന്ന് അഖിലേന്ത്യാ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഡി.ടിഎച്ച്.
ഉപയോഗിക്കുന്നത് 0.9 ശതമാനം പേര്‍ മാത്രമാണ്. കേരളത്തിന്റെ ഗ്രാമങ്ങളില്‍ ഭൂതല
സംപ്രേഷണം പ്രയോജനപ്പെടുത്തുന്നത് പൂര്‍ണമായിത്തന്നെ ഇല്ലാതായ അവസ്ഥയുമാണ്. മറ്റു
സംസ്ഥാനങ്ങളില്‍ നിന്നു തികച്ചും വ്യത്യസ്ഥമായ ഒരു സ്ഥിതി വിശേഷമാണ് കേരളത്തിലെ
പ്രേക്ഷകരുടെ കാര്യത്തില്‍ ദൃശ്യമായിട്ടുളളത്. ക്രോം റൂറല്‍ ട്രാക്ക് എന്ന
പേരില്‍ നടത്തിയ അഖിലേന്ത്യാ സര്‍വ്വേയാണ് ഇതു വെളിപ്പെടുത്തിയത്. 105,000
ഗ്രാമങ്ങളിലെ ഗ്രാമീണരുടെ ടിവി വീക്ഷണ ശീലങ്ങളാണ് സര്‍വ്വേയില്‍ വിലയിരുത്തിയത്.
ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ സര്‍വ്വേയാണിതെന്ന് സംഘാടകര്‍
ചൂണ്ടിക്കാട്ടി. കേബിള്‍, ഡി.ടി.എച്ച്., ഭൂതല സംപ്രേഷണങ്ങളെ വിവിധ സംസ്ഥാനങ്ങളിലെ
ജനങ്ങള്‍ ആശ്രയിക്കുന്നതു സംബന്ധിച്ച രസകരമായ വിശദാംശങ്ങളും ഈ സര്‍വ്വേ
ചൂണ്ടിക്കാട്ടുന്നുണ്ട്. ഗുജറാത്തിലും മഹാരാഷ്‌ട്രയിലുമുള്ള ഗ്രാമീണരില്‍ യഥാക്രമം
85.4 ശതമാനവും 70.3 ശതമാനവും കേബിള്‍ വഴിയാണ് ടിവി കാണുന്നത്. ഉത്തര്‍ പ്രദേശിലും
ബീഹാറിലും 62.4 ശതമാനം ഗ്രാമീണര്‍ ഡി.ടിഎച്ച്. വഴിയാണ് ടിവി കാണുന്നത്.
ഇന്ത്യയിലെ ഏക ഡിസ്‌ട്രിബൂഷന്‍ വിശകലന കമ്പനിയായ ക്രോം ഡി.എം. വഴിയാണ് ടിവി
പ്രേക്ഷകരുടെ വിശദാംശങ്ങള്‍ വിശകലനം ചെയ്‌തതെന്ന് ക്രോം റൂറല്‍ ട്രാക്ക്
വ്യക്തമാക്കി.
രാജ്യ വ്യാപകമായി എല്ലാ മാസവും ടിവി വീക്ഷണത്തെ സംബന്ധിച്ച
വിശകലനങ്ങള്‍ ക്രോം ഇന്ത്യാ ട്രാക്ക് പഠനം നടത്താറുണ്ട്. ഫീല്‍ഡ് സ്റ്റാഫ്,
ടെലി കോളര്‍മാര്‍, ആധുനീക സാങ്കേതിക വിദ്യ എന്നിവയുടെ പിന്‍ബലത്തിലാണ് 22
ഭാഷകളിലായി ഈ പഠനം നടത്തുന്നത്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സാമൂഹ്യ സാംസ്‌ക്കാരിക
പശ്ചാത്തലവും വലുപ്പവും സംബന്ധിച്ച വ്യത്യസ്ഥതകള്‍ ഇത്ര വിപുലമായ ട്രാക്കിങ്
ആവശ്യമാക്കുകയാണെന്ന് ക്രോം ഡി.എം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും സ്ഥാപകനുമായ
പങ്കജ് കൃഷ്‌ണ പറഞ്ഞു. ഗ്രാമങ്ങളിലെ ഉപഭോക്തൃ ശീലങ്ങള്‍, അവരുടെ
താല്‍പ്പര്യങ്ങള്‍, വാങ്ങല്‍ ശേഷി എന്നിവ നഗരങ്ങളിലേതില്‍ നിന്നു വ്യത്യസ്ഥമാണ്.
വിപുലമായ നമ്മുടെ രാജ്യത്തെ വ്യത്യസ്ഥതകള്‍ അതേ രീതിയില്‍ ചിത്രീകരിക്കുന്നതിനാണ്
തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഗ്രാമീണ ഉപഭോക്താക്കളുടെ
വിശദാംശങ്ങള്‍ പഠിക്കുന്ന കാര്യത്തില്‍ വലിയ ഒരു വിടവ് ദൃശ്യമാണെന്ന്
ഇതേക്കുറിച്ചു പ്രതികരിച്ച ക്രോം ഡാറ്റാ അനലറ്റിക്‌സ് ആന്റ് മീഡിയ ഉപദേശക സമിതി
അംഗം മോണിക്ക ടാറ്റ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്താനുള്ള
ഏറ്റവും ശക്തമായ ഉപാധിയാണ് ടിവി. അതു കൊണ്ടു തന്നെ ടിവി വീക്ഷണം സംബന്ധിച്ച ഉന്നത
തലത്തിലുള്ള വിശദാംശങ്ങള്‍ ബ്രാന്‍ഡുകളെ സംബന്ധിച്ച് വളരെ ആവശ്യമായ ഒന്നാണെന്നും
മോണിക്ക ടാറ്റ ചൂണ്ടിക്കാട്ടി.
No comments:
Post a Comment