Monday, May 23, 2016

മഹിന്ദ്രയും തേരിയും പരിസ്ഥിതി സൗഹൃദ കെട്ടിടനിര്‍മാണത്തിന്‌ അറിവുകള്‍ ലഭ്യമാക്കും




കൊച്ചി: രാജ്യത്തെ ഭവനമേഖലയിലെ ഊര്‍ജക്ഷമത മെച്ചപ്പെടുത്തുന്നതിനായി ദ എനര്‍ജി ആന്‍ഡ്‌ റിസോഴ്‌സസ്‌ ഇന്‍സ്റ്റിറ്റിയൂട്ടും (തേരി) മഹീന്ദ്ര ലൈഫ്‌ സ്‌പേസസ്‌ ഡവലപ്പേഴ്‌സും ചേര്‍ന്നു `മികവിന്റെ കേന്ദ്രം' സ്ഥാപിക്കും.
`മഹീന്ദ്ര തേരി സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌ ഫോര്‍ സസ്റ്റൈനബിള്‍ ഹബിറ്റാറ്റ്‌സ്‌' എന്ന പേരിലായിരിക്കും സെന്റര്‍ അറിയപ്പെടുക. പാരമ്പവും ആധുനികവുമായ സാങ്കേതിക വിദ്യകളും ഇന്ത്യന്‍ നിര്‍മാണ മേഖലയിലും വിവിധ കാലാവസ്ഥ മേഖലകളിലും ഇപ്പോഴുള്ളവയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന നിര്‍മാണ വസ്‌തുക്കളുടെ സാധ്യതകള്‍ സെന്റര്‍ വിലയിരുത്തും. ഇതു രാജ്യത്തെ ഗ്രീന്‍ ബില്‍ഡിംഗ്‌ മേഖലയ്‌ക്കു മുതല്‍ക്കൂട്ടാകുന്ന വിധത്തില്‍ കെട്ടിടനിര്‍മാണത്തില്‍ ഏറ്റവും യോജ്യമായ നിര്‍മാണ സാമഗ്രികള്‍ സംബന്ധിച്ചും സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദ കെട്ടിടം നിര്‍മിക്കുന്നതു സംബന്ധിച്ചുമുള്ള സാധ്യമായ അറിവുകള്‍ സെന്റര്‍ ലഭ്യമാക്കും. 
ഊര്‍ജം, വെള്ളം, ചെലവു കുറഞ്ഞ പരിസ്ഥിതി സൗഹൃദ കെട്ടിട നിര്‍മാണ വസ്‌തുക്കള്‍ എന്നിവ സെന്റര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്ന മേഖലകളാണ്‌. ഇന്ത്യയിലെ ഭവന നിര്‍മാണ മേഖലയില്‍ പ്രസക്തമായ സ്റ്റാറ്റിസ്റ്റിക്കല്‍ ഡേറ്റയിലെ വിടവു നികത്തുന്നതിനുള്ള ഗവേഷണമാണ്‌ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മറ്റൊരു മേഖല. സെന്ററിന്റെ ഗവേഷണ ഫലങ്ങള്‍ കോണ്‍ഫറന്‍സുകള്‍, ശില്‌പശാലകള്‍, റിപ്പോര്‍ട്ടുകള്‍, സെമിനാര്‍ തുടങ്ങിയവ വഴി വിവരങ്ങള്‍ ഈ മേഖലയുമായി ബന്ധപ്പെട്ട വിവിധ ആളുകളില്‍ എത്തിക്കുവാനും സെന്റര്‍ ഉദ്ദേശിക്കുന്നുവെന്ന്‌ തേരിയുടെ ഡയറക്‌ടര്‍ ജനറല്‍ ഡോ അജയ്‌ മാത്തൂര്‍ പറഞ്ഞു.
ഗുഡ്‌ഗാവിനടുത്തുള്ള തേരിയുടെ ഗുവാല്‍ പഹാരി കാമ്പസിലാണ്‌ ഈ മികവിന്റെ കേന്ദ്രം പ്രവര്‍ത്തിക്കുക. 
ഇന്ത്യയിലെ നഗര ജനസംഖ്യ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ദ്രുത വളര്‍ച്ചയാണു നേടുന്നത്‌. ഇത്‌ നഗരവത്‌കരണവും അവിടുത്തെ അടിസ്ഥാനസൗകര്യവികസനവും ത്വരിതപ്പെടുത്തുകയാണ്‌. ഇതു ഊര്‍ജത്തിനുള്ള ആവശ്യം ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്‌. 
ഇപ്പോള്‍ രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ 30 ശതമാനത്തോളം ബില്‍ഡിംഗ്‌ മേഖലയില്‍നിന്നാണ്‌. ഇതില്‍തന്നെ 72 ശതമാനത്തിന്റെ ഉപഭോക്താക്കള്‍ വീടുകളാണ്‌. ഈ മേഖലയിലെ പഠനം നല്‍കുന്ന സൂചന 2020-ടെ രാജ്യത്തെ വീടുകളുടെ ശരാശരി വൈദ്യുതി ഉപഭോഗം 2000-ലേതിന്റെ അഞ്ച്‌ ഇരട്ടിയാകുമെന്നാണ്‌.
ഇന്ത്യയിലെ കെട്ടിട നിര്‍മാണ മേഖലയില്‍ ഊര്‍ജ സംരക്ഷണത്തിനു വലിയ സാധ്യതയിലേക്കാണ്‌ ഇതു വിരല്‍ ചൂണ്ടുന്നത്‌. അതുകൊണ്ടുതന്നെ മഹീന്ദ്ര തേരി പോലുള്ള മികവിന്റെ കേന്ദ്രങ്ങള്‍ ഈ കാലത്തിന്റെ ആവശ്യമാണെന്ന്‌ മഹീന്ദ്ര ലൈഫ്‌സ്‌പേസ്‌ ഡവലപ്പേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ അനിത അര്‍ജുന്‍ദാസ്‌ പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...