കൊച്ചി: ഐ സി ഐ സി ഐ ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ ഇനി ട്വിറ്ററിലൂടെയുമാകാം. ഇന്ത്യയിലെവിടെയും മണി ട്രാന്‍സ്‌ഫര്‍, പ്രീപെയ്‌ഡ് മൊബൈല്‍ ചാര്‍ജിംഗ് എന്നിവയ്‌ക്കു പുറമേ അക്കൗണ്ടിലെ നീക്കിയിരുപ്പ് പരിശോധന നടത്താനും ഏറ്റവും ഒടുവില്‍ നടത്തിയ മൂന്ന് ഇടപാടുകളുടെ വിവരമറിയാനും ട്വിറ്ററിലൂടെ അക്കൗണ്ട് ഉടമകള്‍ക്കു സാധ്യമാകും.
ട്വിറ്ററിലൂടെയുള്ള ബാങ്കിംഗ് ഇടപാടുകള്‍ക്കായി രാജ്യത്തു നിലവില്‍ വന്ന ആദ്യ സംരംഭമായ ഐ സി ഐ സി ഐ ബാങ്ക്‌പേ വഴി ഐ സി ഐ സി ഐ ബാങ്കില്‍ അക്കൗണ്ടില്ലാത്തവര്‍ക്കും സുരക്ഷിതമായി പണം അയച്ചുകൊടുക്കാന്‍ കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു. അനുദിന ജീവിതത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ് ഇടപാടുകാര്‍ക്ക് ഏറ്റവും സൗകര്യപ്രദമായ ഈ നവീന സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഐ സി ഐ സി ഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജീവ് സബര്‍വാള്‍ പറഞ്ഞു. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്‌ത മൊബൈല്‍ ഫോണ്‍ നമ്പറും ട്വിറ്റര്‍ ഹാന്‍ഡിലും ഉള്ളവര്‍ക്ക് അനായാസ സന്ദേശങ്ങളിലൂടെ ഐ സി ഐ സി ഐ ബാങ്ക്‌പേ സുഗമമായി ഉപയോഗപ്പെടുത്താനാവുമെന്ന് ട്വിറ്ററിന്റെ ഏഷ്യ-പസഫിക് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ അരവിന്ദ് ഗുജ്‌റാള്‍ അറിയിച്ചു.
2013 മുതല്‍ ഫേസ്‌ബുക്കുമായി ചേര്‍ന്നുള്ള സമഗ്ര ബാങ്കിംഗ് സംവിധാനം നിലവിലുണ്ട് ഐ സി ഐ സി ഐ ബാങ്കിന്. കാര്യക്ഷമമായ ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് സൗകര്യങ്ങള്‍ക്കും പുറമെയാണ് സോഷ്യല്‍ മീഡിയയുമായി ചേര്‍ന്നുള്ള സംവിധാനങ്ങള്‍.
No comments:
Post a Comment