Tuesday, September 15, 2015

സ്കൂട്ടറിലേറി യു എസ് പിടിക്കാൻ മഹീന്ദ്ര



യു എസ് നിരത്തിൽ അരങ്ങേറ്റത്തിന് ഇന്ത്യയിലെ പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം) ഒരുങ്ങുന്നു. നാലു ചക്രവാഹനങ്ങൾക്കു പകരം ഇരുചക്രവാഹനവുമായിട്ടാവും മഹീന്ദ്ര യു എസിലെത്തുകയെന്നതാണു പുതുമ.
കാഴ്ചയിൽ ‘വെസ്പ’യെ അനുസ്മരിപ്പിക്കുന്ന, വൈദ്യുത സ്കൂട്ടറായ ‘ജെൻസി’യിലേറിയാവും മഹീന്ദ്ര യു എസിൽ ചേക്കേറുക. വിദ്യാർഥികളെയും ക്യാംപസ് നിവാസികളെയും ലക്ഷ്യമിട്ട് ആദ്യഘട്ടത്തിൽ കലിഫോണിയ, ഒറിഗോൺ, മിച്ചിഗൻ എന്നിവിടങ്ങളിൽ വിൽപ്പനയ്ക്കെത്തുന്ന സ്കൂട്ടറിന് 2,999 ഡോളർ(ഏകദേശം രണ്ടു ലക്ഷം രൂപ) ആണു വില. ക്രമേണ യു എസിലെ മറ്റു സംസ്ഥാനങ്ങളിലും യൂറോപ്പിലും ‘ജെൻസി’ വിൽപ്പനയ്ക്കെത്തിക്കാൻ മഹീന്ദ്രയ്ക്കു പദ്ധതിയുണ്ട്. യു എസിലെ വാഹന വിൽപ്പനയിൽ ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയെയാണു മഹീന്ദ്ര മാതൃകയാക്കുന്നത്. 1970കളിൽ ഇരുചക്രവാഹനങ്ങളുമായാണു ഹോണ്ട യു എസ് വിപണിയിൽ പ്രവേശിച്ചത്; തുടർന്ന് കാറുകളും വിൽപ്പനയ്ക്കെത്തിക്കുകയായിരുന്നു. ‘ജെൻസി’യിലൂടെ യു എസ് വിപണി പരീക്ഷിക്കാനും പ്രതികരണം ആശാവഹമാണെങ്കിൽ യൂട്ടിലിറ്റി വാഹന ശ്രേണി കൂടി വിൽപ്പനയ്ക്കെത്തിക്കാനുമാണു കമ്പനിയുടെ പദ്ധതി.
അതേസമയം അപകടസാധ്യതയേറിയതാണു മഹീന്ദ്ര സ്വീകരിച്ചിരിക്കുന്ന വിപണന തന്ത്രം. മറ്റു വിപണികളിലെ പോലെ യു എസിൽ സ്കൂട്ടറുകൾ ജനപ്രിയമല്ലെന്നതാണു പ്രശ്നം. വൈദ്യുത സ്കൂട്ടർ വിഭാഗത്തിൽ ചൈനയിലെ പ്രതിദിന വിൽപ്പനയ്ക്കൊപ്പം മാത്രമാണു യു എസിലെ വാർഷിക വിൽപ്പന. പോരെങ്കിൽ യു എസ് സുരക്ഷാ നിലവാരം കൈവരിക്കാനാവാതെ അഞ്ചു വർഷം മുമ്പ് ഇരുചക്രവാഹന വിൽപ്പന തുടങ്ങാനുള്ള ശ്രമം ഉപേക്ഷിച്ച മഹീന്ദ്രയെ രണ്ടാം വരവിൽ ജനങ്ങൾ വിശ്വസിക്കുമോ എന്ന ചോദ്യവും ബാക്കിയാവുന്നു.
എന്നാൽ കാര്യങ്ങൾ വിജയത്തിൽ കലാശിക്കണമെന്ന കാര്യത്തിൽ സമ്മർദം ശക്തമാണെന്നു വൈദ്യുത സ്കൂട്ടറിന്റെ ചീഫ് ഡിസൈനറും ‘ജെൻസി’ കൺസ്യൂമർ എൻഗേജ്മെന്റ് മേധാവിയുമായ ടെറൻസ് ഡങ്കൻ വെളിപ്പെടുത്തുന്നു. സ്കൂട്ടറല്ല, മറിച്ച് മഹീന്ദ്ര ബ്രാൻഡിനെയാണു കമ്പനി അമേരിക്കൻ ഇടപാടുകാർക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
സ്കൂട്ടർ ആകർഷകമാക്കാനായി സിലിക്കൻ വാലിയിലാണു മഹീന്ദ്ര ‘ജെൻസി’യുടെ രൂപകൽപ്പന നിർവഹിച്ചത്; ‘ടെക്കി’കളെ വശീകരിക്കാനായി സീറ്റിനടിയിൽ ലാപ്ടോപ് ചാർജിങ് സൗകര്യം പോലുള്ള പുതുമകളും ലഭ്യമാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളോട് ആഭിമുഖ്യമുള്ള സാൻഫ്രാൻസിസ്കോയിലും പോർട്ലൻഡിലുമായി മഹീന്ദ്ര നാലു സ്റ്റോറുകൾ തുറന്നു കഴിഞ്ഞു. മിച്ചിഗനിലാവട്ടെ ‘ജെൻസി’ ഉൽപ്പാദിപ്പിക്കുന്ന ആൻ ആർബർ ശാലയിൽ നിന്നു തന്നെയാവും സ്കൂട്ടറിന്റെ വിൽപ്പന.

No comments:

Post a Comment

23 JUN 2025 TVM