,
കൊച്ചി- ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു
കൊച്ചി ലുലു മാളും നിര്‍മാണം പുരോഗമിക്കുന്ന ബോള്‍ഗാട്ടിയിലെ ഹയാത്ത്
കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ചു. വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് 3000 കോടി
മുതല്‍ മുടക്കില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്‌തീര്‍ണമുള്ള ഷോപ്പിംഗ് മാളും
മാരിയറ്റ് ഹോട്ടലും വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററും നിര്‍മിക്കുന്നതിന്
മുന്നോടിയായി കൊച്ചിയിലെ ലുലു മാളും കണ്‍വന്‍ഷന്‍ സെന്ററും സന്ദര്‍ശിക്കാന്‍
ചന്ദ്രബാബു നായിഡു ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ
താല്‍പര്യമറിയിക്കുകയായിരുന്നു.
ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍
നിന്ന് എം എ യൂസഫലിക്കൊപ്പം ബോള്‍ഗാട്ടിയിലെ കണ്‍വെന്‍ഷന്‍ സെന്ററിലെത്തിയ
ചന്ദ്രബാബു നായിഡു അരമണിക്കൂര്‍ അവിടെ ചെലവഴിച്ച് സെന്ററിന്റെ സവിശേഷതകള്‍ നേരില്‍
കാണ്ടു. 12 മണിയോടെ ലുലു മാളില്‍ എത്തിച്ചേര്‍ന്ന നായുഡു യൂസഫലി ഓടിച്ച ബഗ്ഗിയില്‍
മാളിന്റെ താഴത്തെ നിലയിലെ സ്ഥാപനങ്ങള്‍ നോക്കിക്കാണുകയും ലുലു
ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്തുകയും ചെയ്‌തു. ബേക്കറി
കൗണ്ടറില്‍ യൂസഫലി നല്‍കിയ മധുരപലഹാരങ്ങള്‍ നായിഡു ആസ്വദിച്ചു. അവിടെ നിന്ന്
മുകളിലെ നിലയിലെ സ്ഥാപനങ്ങളും മൂന്നാം നിലയിലെ സ്‌പാര്‍ക്കീസ് ഏരിയയും ചുറ്റി
നടന്നു കണ്ടു. ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫലിയും
ഒപ്പമുണ്ടായിരുന്നു.
ലുലു മാളിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ലോക
നിലവാരം ബോധ്യപ്പെട്ടതായി ഒരു മണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ശേഷം നായിഡു
മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് മാളാണ് ഇതെന്നും 5000
പേര്‍ക്കിരിക്കാവുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ ലോക നിലവാരത്തിലുള്ളതാണെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. ആന്ധ്രപ്രദേശ് സര്‍ക്കാര്‍ മിഡില്‍ ഈസ്റ്റില്‍ കഴിഞ്ഞ മാസം
നടത്തിയ നിക്ഷേപക സംഗമത്തിലാണ് എം എ യൂസഫലി വിശാഖപട്ടണത്ത് ഷോപ്പിംഗ് മാളും
കണ്‍വെന്‍ഷന്‍ സെന്ററുമുള്‍പ്പെട്ട സമുച്ചയം നിര്‍മിക്കുന്നതിനുള്ള പ്രോജക്ട്
അവതരിപ്പിച്ചത്. വിശാഖപട്ടണത്തെ അഭിമാന പദ്ധതിക്ക് ലുലു ഗ്രൂപ്പിന് ടെണ്ടര്‍
നല്‍കിയതായി നായിഡു അറിയിച്ചു. 5000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതാണ് ഈ
ബൃഹദ്‌പദ്ധതി. കൊച്ചിയില്‍ നിര്‍മിച്ചതു പോലുള്ള ഷോപ്പിംഗ് മാളും കണ്‍വെന്‍ഷന്‍
സെന്ററും നിര്‍മിക്കാന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയോട് താന്‍
അഭ്യര്‍ഥിക്കുകയായിരുന്നു. പദ്ധതി ലോക നിലവാരത്തില്‍ നടപ്പാക്കാനുള്ള ശേഷി ലുലു
ഗ്രൂപ്പിനുണ്ടെന്ന് ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും സന്ദര്‍ശിച്ചതില്‍ നിന്ന്
ബോധ്യപ്പെട്ടു. വിശാഖപട്ടണം വലിയ സാധ്യതകള്‍ മുന്നോട്ടുവെക്കുന്ന നഗരമാണ്.
കേരളത്തിന് ലുലു ഗ്രൂപ്പ് വലിയ സംഭാവനകള്‍ നല്‍കിക്കഴിഞ്ഞുവെന്നാണ് തനിക്ക്
മനസിലാക്കാന്‍ സാധിച്ചതെന്നും ഇന്ത്യയിലെമ്പാടും ഇത്തരം നിക്ഷേപ പദ്ധതികള്‍
വരേണ്ടതുണ്ടെന്നും നായിഡു പറഞ്ഞു.
ആന്ധ്രപ്രദേശില്‍ നിന്നുള്ള ഉന്നത
ഉദ്യോഗസ്ഥരും നായിഡുവിനെ അനുഗമിച്ചിരുന്നു. യൂസഫലിയുടെ കടവന്ത്രയിലെ വസതിയും
സന്ദര്‍ശിച്ച ശേഷം അദ്ദേഹം നെടുമ്പാശേരിയില്‍ വഴി മടങ്ങി.
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു
നായിഡു ലുലു മാള്‍ സന്ദര്‍ശിക്കുന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ . യൂസഫലി
സമീപം.
No comments:
Post a Comment