...
കോക്കനട്ട് ക്രീമുണ്ടാക്കുന്ന ജപ്പാനീസ് മെഷിനുമായി വിക്ടര്‍ ലിം |
ഫുഡ്‌ടെക് പ്രദര്‍ശനം ഇന്ന് (ജനുവരി 14) സമാപിക്കും
കൊച്ചി: ഡെസിക്കേറ്റഡ് കോക്കനട്ടുണ്ടാക്കുന്ന (നാളികേരം ഈര്‍പ്പം നീക്കി തരിയാക്കുന്ന വ്യവസായം) 350-ഓളം യൂണിറ്റുകള്‍ കേരളത്തിലുണ്ട്. കിലോഗ്രാമിന് 145 രൂപയാണ് ഡെസിക്കേറ്റഡ് കോക്കനട്ടിന്റെ വില. ഇതില്‍ നിന്നുണ്ടാക്കുന്ന, വന്‍കയറ്റുമതി സാധ്യതയുള്ള കോക്കനട്ട് ക്രീമിന്റെ വിലയോ 300 രൂപ വരും. അതായത് ഇരട്ടിയിലേറെ മൂല്യവര്‍ധന! വാല്യൂ അഡിഷന്റെ ഈ ആകര്‍ഷക സാധ്യത ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്നതാണ് ജപ്പാനീസ് സ്ഥാപനമായ മാസുകോ സാങ്‌ഗ്യോ വികസിപ്പിച്ചെടുത്തിരിക്കുന്ന മ്കാസ്സ 10 സീരിസ്സിലുള്ള സൂപ്പര്‍മാസ്‌കൊളോയ്ഡര്‍ നാല് എന്ന മെഷീന്‍. സിംഗപ്പൂരിലെ ഐഎഫ്പിഎം ആഗോള വിതരണം നടത്തുന്ന ഈ മെഷീനുള്‍പ്പെടെ കേരളത്തിലെ ഭക്ഷ്യോല്‍പ്പന്ന മേഖലയ്ക്കാവശ്യമായ ഒട്ടേറെ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമാണ് കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫുഡ്‌ടെക് പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നത്. 'അമേരിക്കയിലേയ്ക്കും മറ്റും ആകര്‍ഷക കയറ്റുമതി സാധ്യതയാണ് കോക്കനട്ട് ക്രീമിനുള്ളത്. കിലോയ്ക്ക് 25 ഡോളര്‍ വരെ വരും ഇതിന്റെ ചില്ലറവില്‍പ്പന വില. 25-26 ലക്ഷം രൂപ വില മതിക്കുന്ന ഇതുപോലൊരു മെഷീന്‍ ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്,' സിംഗപ്പൂരില്‍ നിന്നുള്ള ഐഎഫ്പിഎം സാരഥി വിക്ടര്‍ ലിം പറയുന്നു. മണിക്കൂറില്‍ ആയിരം കിലോയാണ് ഇതിന്റെ ഉല്‍പ്പാദനശേഷി.
ഫുഡ് പ്രോസസിംഗ് രംഗത്തുപയോഗിക്കുന്ന മെഷീനറികളും ഘടകഭാഗങ്ങളും വൃത്തിയാക്കുന്നതിന് ഡീസലിനുപകരം ജൈവോല്‍പ്പന്നമായ ഓസീജ്യൂസ് ഉപയോഗിക്കുന്ന സ്മാര്‍ട്‌വാഷറാണ് ഫുഡ്‌ടെക്കിലെ മറ്റൊരു വിസ്മയം. ജൈവോല്‍പ്പന്നമായതുകൊണ്ട് ആരോഗ്യത്തിന് ഹാനികരമല്ലെന്നതാണ് അമേരിക്കയില്‍ നിന്നുള്ള കെംഫ്രീ ഉല്‍പ്പന്നമായ സ്മാര്‍ട് വാഷറിന്റെ ആകര്‍ഷണീയത. അമേരിക്കനും ജപ്പാനീസും മാത്രമല്ല മേക്ക് ഇന്‍ കേരളാ പതാകകളുമായി കേരളത്തില്‍ നിന്നുള്ള ഫുഡ് മെഷീനറി നിര്‍മാതാക്കളും പ്രദര്‍ശനത്തിലുണ്ട്. ഏത്തക്കായയും കപ്പയും സവാളയും നേര്‍പ്പിച്ചരിയാനുള്ള മെഷീനുകള്‍, അതിവേഗത്തില്‍ ഹല്‍വയും കിണ്ണത്തപ്പവുമുണ്ടാക്കുന്ന മെഷീന്‍ തുടങ്ങിവയുമായി പ്രദര്‍ശനത്തിലുള്ള തലശ്ശേരിയിലെ ബേക് ടെക്, ഫ്രൂട് പള്‍പ്പര്‍, സ്റ്റീം കെറ്റ്ല്‍, പിക്ക്ള്‍ ഫില്ലിംഗ് മെഷീന്‍, ലെമണ്‍ കട്ടര്‍, ക്യാപ്പിംഗ് മെഷീന്‍, റോസ്റ്റിംഗ് മെഷീന്‍ തുടങ്ങിയവയുമായെത്തിയിരിക്കുന്ന തൃശൂര്‍ ആളൂരിലുള്ള ടെക്‌നോ കണ്‍സള്‍ട്ടന്‍സി, ഉരുളി റോസ്റ്റര്‍, ഹാമര്‍മില്‍, കല്ലുപെറുക്കുന്ന മെഷീന്‍, പള്‍വറൈസറുകള്‍, പൗഡര്‍ അരിപ്പകള്‍, ഫ്രൂട്ട് മില്‍, ലിക്വിഡ് ഫില്ലിംഗ് മെഷീനുകള്‍ തുടങ്ങിയവയുമായി ഇരിങ്ങാലക്കുട കിഴുത്താണിയിലെ മെറ്റല്‍ ഏജ് എന്നിവയാണ് ഇവയില്‍ ചിലത്.
ആറ് ഘട്ടങ്ങളിലായി ശുദ്ധീകരിച്ച ജലമുപയോഗിച്ച് ഐസ് ക്യൂബുകള്‍ നിര്‍മിച്ച് പാക്കറ്റുകളിലാക്കി ജിസ് ക്രിസ് ബ്രാന്‍ഡില്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്ന ആലപ്പുഴ കരുവാറ്റ നോര്‍ത്തില്‍ നിന്നുള്ള മാവേലി മറൈന്റെ സ്റ്റാളിലും തിരക്കുണ്ട്. 2 ലിറ്റര്‍ കുപ്പിവെള്ളത്തിന് 40 രൂപയുള്ളപ്പോള്‍ രണ്ട് കിലോയുടെ ഐസ് ക്യൂബ് പാക്കറ്റിന് ഇവര്‍ ഈടാക്കുന്നത് 60 രൂപ മാത്രം. ആലപ്പുഴ പ്ലാന്റില്‍ നിന്ന് റീഫര്‍ കാര്‍ഗോയായാണ് കേരളമെങ്ങും വിതരണം ചെയ്യുന്നത്.
65-ലേറെ സ്ഥാപനങ്ങള്‍ ഭക്ഷ്യസംസ്‌കരണ രംഗത്തെ വിവിധ സാങ്കേതികവിദ്യകള്‍, ഉപകരണങ്ങള്‍, ഭക്ഷ്യസംസ്‌കരണത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന പ്രദര്‍ശനം ഇന്ന് (ജനുവരി 14) സമാപിക്കും. രാവിലെ 10:30 മുതല്‍ 6:30 വരെയാണ് പ്രദര്‍ശന സമയം. ട്രേഡ് സന്ദര്‍ശകര്‍ക്ക് രാവിലെ മുതലും പൊതുജനങ്ങള്‍ക്ക് ഉച്ചയ്ക്ക് 3 മുതലും പ്രദര്‍ശനം സന്ദര്‍ശിക്കാം.
No comments:
Post a Comment