Monday, May 22, 2017

ആഭ്യന്തര സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് ഗ്രൂപ്പ്

ഇന്ത്യന്‍ വ്യോമയാന സേവന രംഗത്ത് വമ്പിച്ച കുതിച്ചു ചാട്ടത്തിന് സഹായകമാവുന്ന രീതിയില്‍ ഖത്തര്‍ എയര്‍വെയ്‌സിന്റെ ആഭ്യന്തര സര്‍വീസുകള്‍ ഉടനെ ആരംഭിക്കുമെന്ന് ഖത്തര്‍ എര്‍വെയ്‌സ് ഗ്രൂപ്പ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കര്‍ അറിയിച്ചു. ദുബൈയില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന്റെ ഭാഗമായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എയര്‍ലൈനിന്റെ പുതിയ പദ്ധതികള്‍ അദ്ദേഹം വിശദീകരിച്ചത്.
കണിശമായ നിയമവ്യവസ്ഥകള്‍ പാലിച്ച് തികഞ്ഞ അച്ചടക്കത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി എന്ന നിലക്ക് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് ഖത്തര്‍ എയര്‍വെയ്‌സ് ഇന്ത്യന്‍ ആഭ്യന്തര വ്യോമയാന സര്‍വീസ് ആരംഭിക്കുക. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനിയുടെ പേര് ഖത്തര്‍ എയര്‍വെയ്‌സ് എന്നായിരിക്കില്ല. തികച്ചും ഇന്ത്യന്‍ പേരായിരിക്കും കമ്പനി സ്വീകരിക്കുക. എന്നാല്‍ കമ്പനിയുടെ പേര് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
ഇരുപതുവര്‍ഷം കൊണ്ട് ലോകത്ത് തന്നെ ശ്രദ്ദേയമായ എയര്‍ലൈനുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ഖത്തര്‍ എര്‍വെയ്‌സ് വണ്‍ വേള്‍ഡില്‍ എലൈറ്റ് മെമ്പര്‍ഷിപ്പുള്ള ജി.സി.സിയില്‍ നിന്നുള്ള ഏക വിമാന കമ്പനിയാണ്. തുടര്‍ച്ചയായി മികച്ച എയര്‍ലൈനിനുള്ള അംഗീകാരങ്ങളും പഞ്ചനക്ഷത്ര പദവിയുമുള്ള ഖത്തര്‍ എയര്‍വെയ്‌സ് കൂടുതല്‍ ആകര്‍ഷകങ്ങളായ സൗകര്യങ്ങളോടെ ജൈത്ര യാത്ര തുടരുകയാണ്. മെയ് മാസത്തോടെ ഖത്തര്‍ എയര്‍വെയ്‌സ് വിമാനങ്ങളില്‍ ബ്രോഡ് ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം നല്‍കുന്ന ആദ്യ വിമാനകമ്പനി എന്ന സ്ഥാനം ഇതോടെ ഖത്തര്‍ എയര്‍വെയ്‌സ് ഉറപ്പിക്കുകയാണ്.
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്ന പുതിയ വെബ്‌സൈറ്റ്, കൂടുതല്‍ ഇന്‍ ഫ് ളൈറ്റ് വിനോദ പരിപാടികള്‍, നൂതനമായ മൊബൈല്‍ അപ്ലിക്കേഷന്‍ തുടങ്ങിയവയും ഖത്തര്‍ എയര്‍വെയ്‌സിന്റെ വ്യതിരിക്തതയാകുമെന്ന് അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു.
അടുത്ത പന്ത്രണ്ട് മാസം കൊണ്ട് പുതുതായി ഇരുപ്പത്താറ് സര്‍വീസുകളാണ് ഖത്തര്‍ എയര്‍വെയ്‌സ് ആരംഭിക്കുക. ഇതില്‍ പതിനാലെണ്ണം നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. എയര്‍ ബസ് ലഭിക്കുവാനുള്ള കാലതാമസം കൊണ്ട് നീണ്ടുപോയ ഈ പതിനാല് സര്‍വീസുകളും പുതുതായി പ്രഖ്യാപിക്കുന്ന 12 സര്‍വീസുകളും 2018 മാര്‍ച്ച് 31ന് മുമ്പായി ആരംഭിക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നത്. വിമാനങ്ങള്‍ ലഭ്യമായാല്‍ സര്‍വീസുകള്‍ തുടങ്ങുവാന്‍ ഖത്തര്‍ എയര്‍വെയ്‌സ് സജ്ജമാണെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറില്‍ നിന്നും ഓക്‌ലാന്റിലേക്ക് സര്‍വീസ് ആരംഭിച്ച് ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യം കൂടിയ വിമാന സര്‍വീസ് നടത്തുന്ന കമ്പനിയായി ഖത്തര്‍ എയര്‍വെയ്‌സ് റെക്കോര്‍ഡ് സൃഷ്ടിച്ച് കഴിഞ്ഞു. കാര്‍ഗോ സര്‍വീസുകളടക്കം മൊത്തം 195 ഓളം ഡെസ്റ്റിനേഷനുകളിലേക്കാണ് കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഇരുപത് വര്‍ഷം കൊണ്ട് ഇത്രയും വലിയ ഒരു നെറ്റ് വര്‍ക്ക് സ്വന്തമാക്കുന്ന വിമാനകമ്പനി എന്നത് ഖത്തര്‍ എയര്‍വെയ്‌സിന്റെ മാത്രം പ്രത്യേകതയാണ്.
അമേരിക്കന്‍ വിമാനകമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് ഗള്‍ഫില്‍ നിന്നുമുള്ള വിമാനകമ്പനികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു നല്ല ബിസിനസുകാരനും വിവേകശാലിയായ ഭരണാധികാരിയുമാണ്.
അമേരിക്കന്‍ ജനതക്ക് ഗുണകരമായ, തൊഴിലും നിക്ഷേപവും വളര്‍ത്തുന്ന ഗള്‍ഫ് വിമാന കമ്പനികളുടെ ബിസിനസ് അദ്ദേഹം നിരുത്സാഹപ്പെടുത്തുമെന്ന് താന്‍ കരുതുന്നില്ലെന്നാണ് അല്‍ ബാക്കര്‍ പ്രതികരിച്ചത്. അമേരിക്കയിലെ മൂന്ന് സ്വകാര്യ വിമാനകമ്പനികളുടെ സമ്മര്‍ദത്തെത്തുടര്‍ന്നുള്ള ചില നിയന്ത്രണങ്ങളാണ് വന്നിട്ടുള്ളത്.
ഇത് നിലനില്‍ക്കുമെന്ന് വിചാരിക്കുന്നില്ല. വളരെ ആരോഗ്യകരമായ മാറ്റം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടൂറിസം രംഗത്ത് കുതിച്ച് ചാട്ടം നടത്തുന്ന ഖത്തര്‍ ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ക്ക് പുറമെ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും ടൂറിസ്റ്റ് വിസകള്‍ ഇതിനകം തന്നെ ഉദാരമാക്കി കഴിഞ്ഞു.
ഇതിനൊക്കെ വമ്പിച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇനിയും കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് വിസകള്‍ ഉദാരമാക്കുകയും ഖത്തറിന്റെ ടൂറിസം ഭൂപടം വിശാലമാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് കമ്പനി ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അക്ബര്‍ അല്‍ ബാക്കറിന് പുറമെ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ ഇഹാബ് അമീന്‍, മാര്‍ക്കറ്റിംഗ് ആന്റ് കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സലാം സവ്വ എന്നിവരും പങ്കെടുത്തു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...