Monday, May 22, 2017

മ്മ ന്യായവില ഹോട്ടലുകളുടെ മാതൃകയില്‍ കേരളത്തിലും

തമിഴ്‌നാട്ടില്‍ ജയലളിത പരീക്ഷിച്ച് വിജയിച്ച അമ്മ ന്യായവില ഹോട്ടലുകളുടെ മാതൃകയില്‍ കേരളത്തിലും നടപ്പാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തോടനുബന്ധിച്ച പ്രഖ്യാപനത്തില്‍ ന്യായവില ഹോട്ടലുകളും ഇടംപിടിച്ചേക്കും.
ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാകും ഹോട്ടലുകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളില്‍ വന്‍ വില ഈടാക്കുന്ന സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കില്‍ നല്ല ഭക്ഷണം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംരംഭം ആരംഭിക്കാനൊരുങ്ങുന്നത്.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രി സി. ദിവാകരന്‍ ഇത്തരമൊരു നീക്കം നടത്തിയെങ്കിലും വിജയം കണ്ടില്ല. ആ സാഹചര്യത്തിലാണ് മന്ത്രി പി. തിലോത്തമെന്റ നേതൃത്വത്തില്‍ ഇക്കുറി പദ്ധതി നടപ്പാക്കാന്‍ ലക്ഷ്യമിടുന്നത്.
നിലവില്‍ അവശ്യസാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കനുസരിച്ച് ഹോട്ടലുകള്‍ സ്വന്തംനിലക്ക് വില കൂട്ടുകയാണ്. ഭക്ഷണപദാര്‍ഥങ്ങളുടെ വിലവിവരം ഹോട്ടലുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും മിക്കയിടത്തും പാലിക്കുന്നില്ല. ഇത് ഉറപ്പുവരുത്താന്‍ പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒറ്റക്കും ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥരുമായി ചേര്‍ന്നും പരിശോധന നടത്തുന്നുണ്ടെങ്കിലും അതൊന്നും വിജയം കാണുന്നില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുന്നത്. എല്ലാ ജില്ലകളിലും ഹോട്ടലുകള്‍ ആരംഭിക്കാനാണ് ഉദ്ദേശ്യം. കുടുംബശ്രീ പോലുള്ള സന്നദ്ധസംഘടനകളുടെ സേവനം ഇതിനായി ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

No comments:

Post a Comment

10 APR 2025