Wednesday, June 28, 2017

ഡബ്ലിളിനിലേയ്‌ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യ വിമാനസര്‍വീസ്‌ ആരംഭിച്ചു




കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സിന്റെ ഡബ്ലിളിനിലേയ്‌ക്കുള്ള പുതിയ വിമാന സര്‍വീസ്‌ ആരംഭിച്ചു. ആദ്യ വിമാനത്തിലെത്തിയ ഖത്തര്‍ എയര്‍വേയ്‌സ്‌ യൂറോപ്പ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ ജോനാഥന്‍ ഹാര്‍ഡിംഗിനെ ഡാ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കെവിന്‍ ടോളണ്ട്‌, ഡബ്ലിന്‍ എയര്‍പോര്‍ട്ട്‌ മാനേജിംഗ്‌ ഡയറക്ടര്‍ വിന്‍സെന്റ്‌ ഹാരിസണ്‍, അയര്‍ലണ്ട്‌ ടൂറിസം ചീഫ്‌ എക്‌സിക്യൂട്ടീവ്‌ നിയാല്‍ ഗിബ്ബണ്‍സ്‌ എന്നിവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. 
ഈ പ്രത്യേകാവസരത്തിനായി എയര്‍ബസ്‌ എ350 വിമാനമാണ്‌ സര്‍വീസ്‌ നടത്തിയത്‌. വിഐപി അതിഥികള്‍ക്കൊപ്പം പ്രധാന മാധ്യമങ്ങളും പുതിയ വിമാനത്തില്‍ ഡബ്ലിളിനെത്തി. ഐറിഷ്‌ മണ്ണിലിറങ്ങിയ ആദ്യ കൊമേഴ്‌സ്യല്‍ എയര്‍ബസ്‌ എ350 വിമാനമായിരുന്നു ഖത്തര്‍ എയര്‍വേയ്‌സിന്റേത്‌. യാത്രക്കാരില്‍നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. 
തുടര്‍ന്ന്‌ എല്ലാ ദിവസവും ഖത്തര്‍ എയര്‍വേയ്‌സ്‌ ഡബ്ലിളിനിലേയ്‌ക്ക്‌ ബോയിംഗ്‌ 787 ഡ്രീംലൈനറായിരിക്കും സര്‍വീസ്‌ നടത്തുക. ബിസിനസ്‌ ക്ലാസില്‍ 22 സീറ്റുകളും ഇക്കണോമി ക്ലാസില്‍ 232 സീറ്റുകളുമായിരിക്കും ഈ വിമാനത്തിലുണ്ടായിരിക്കുക. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലാണ്‌ ഡബ്ലിളിനിലേയ്‌ക്കുള്ള പുതിയ സര്‍വീസെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ഐറിഷ്‌ ജനതയെ ലോകം മുഴുവനുമായി ബന്ധിപ്പിക്കുന്നതിന്‌ ഫൈവ്‌ സ്റ്റാര്‍ സേവനം ലഭ്യമാക്കുന്നതിനും ഇതുവഴി കഴിയും. പുതിയ യാത്രക്കാരെ സ്വീകരിക്കുന്നതിനും അവരെ ദോഹയിലേയ്‌ക്കും അതിനുമപ്പുറത്തേയ്‌ക്കുമെത്തിക്കുന്നതിനായി കാത്തിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. 
ഖത്തര്‍ എയര്‍വേയ്‌സിനും പുതിയ ഡബ്ലിന്‍-ദോഹ റൂട്ടിനേയും ഊഷ്‌മളമായി സ്വാഗതം ചെയ്യുകയാണെന്ന്‌ ഡാ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ കെവിന്‍ ടോളണ്ട്‌ പറഞ്ഞു. പുതിയ ലക്ഷ്യസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നതിനും അയര്‍ലണ്ട്‌ ടൂറിസം വളര്‍ത്തുന്നതിനുമുള്ള മികച്ച അവസരമായാണ്‌ കാണുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. 
അയര്‍ലണ്ടിലേയ്‌ക്കുള്ള ഖത്തര്‍ എയര്‍വേയ്‌സിന്റെ ആദ്യത്തെ സര്‍വീസ്‌ യാത്രക്കാര്‍ക്ക്‌ മിഡില്‍ ഈസ്റ്റ്‌, ഏഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളുമായി എളുപ്പത്തില്‍ എത്തുന്നതിനും സിഡ്‌നി, ഹോങ്കോംഗ്‌, മെല്‍ബണ്‍ എന്നിങ്ങനെ ഒട്ടേറെ ആകര്‍ഷകമായ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്ക്‌ എത്തുന്നതിനും വഴിയൊരുക്കും. 
ആയിരത്തിലധികം മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഹബ്ബായ ഡബ്ലിളിനില്‍നിന്നും ബിസിനസ്‌, വിനോദയാത്രക്കാര്‍ക്ക്‌ ദൈനംദിന നോണ്‍-സ്‌റ്റോപ്‌ സര്‍വീസുകള്‍ ഏറെ സൗകര്യമായിരിക്കും. അയര്‍ലണ്ടില്‍നിന്നുള്ളവര്‍ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ പേരെടുത്ത ഓണ്‍ബോര്‍ഡ്‌ സര്‍വീസുകളും മൂവായിരത്തിലധികം വിനോദസൗകര്യങ്ങളുള്ള മികവേറിയ ഓറിക്‌സ്‌ വണ്‍ വിനോദോപാദികളും ആസ്വദിക്കുന്നതിന്‌ അവസരം ലഭിക്കും. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ നേരിട്ടുള്ള പുതിയ ഡബ്ലിന്‍ വിമാനങ്ങളില്‍ ഓരോ ആഴ്‌ചയും 80 ടണ്‍ കാര്‍ഗോ ശേഷിയുണ്ടാകും. അയര്‍ലണ്ടില്‍നിന്ന്‌ പുറത്തേയ്‌ക്ക്‌ പോകുന്ന ഉത്‌പന്നങ്ങളില്‍ ഭൂരിഭാഗവും ശീതികരിച്ച വസ്‌തുക്കളാണ്‌. ഫാര്‍മസ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങള്‍ക്കായി ക്യൂആര്‍ ഫാര്‍മയും പെട്ടെന്നു നശിച്ചുപോകുന്ന വസ്‌തുക്കള്‍ക്കായി ക്യൂആര്‍ ഫ്രഷും സജ്ജമാണ്‌. ഏറ്റവും നൂതനമായ ദോഹയിലെ ഓട്ടോമേറ്റഡ്‌ ഹബ്‌ താപനില സൂക്ഷിക്കേണ്ട ഏത്‌ വസ്‌തുക്കള്‍ക്കുമായി പൂര്‍ണമായി കൂള്‍ ചെയ്‌ന്‍ ട്രാന്‍സ്‌ഫര്‍ സൗകര്യം ലഭ്യമാക്കും. അയാട്ട ചാപ്‌റ്റര്‍ 17 നിലവാരവും ഗുഡ്‌ ഡിസ്‌ട്രിബ്യൂഷന്‍ പ്രാക്ടീസ്‌ (ജിഡിപി) എന്നിവയ്‌ക്ക്‌ പൂര്‍ണമായും വിധേയമായാണ്‌ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി ചേര്‍ന്ന്‌ പ്ലസ്‌ ഖത്തര്‍ പ്രചാരണപരിപാടിയുടെ ഭാഗമായി ഐറിഷ്‌ യാത്രക്കാര്‍ക്ക്‌ ദോഹയിലെ ഏറ്റവും മികച്ച ഹോട്ടലുകളില്‍ സൗജന്യമായി താമസിക്കുന്നതിനും സൗജന്യ ട്രാന്‍സിറ്റ്‌ വിസ ലഭിക്കുന്നതിനുമുള്ള അവസരമുണ്ട്‌. 
നഗരത്തിലെ ആകര്‍ഷമായ ഡബ്ലിന്‍ ഹോഴ്‌സ്‌ ഷോ, കുറാഗ്‌ റേയ്‌സ്‌ട്രാക്കിലെ ഡാര്‍ളി ഐറിഷ്‌ ഓക്‌സ്‌ ഡേ എന്നിവിടങ്ങളില്‍ സ്‌പോണ്‍സര്‍ഷിപ്പ്‌ സാധ്യതകളും എയര്‍ലൈന്‍ ഉപയോഗപ്പെടുത്തിയിരുന്നു. ഖത്തറും അയര്‍ലന്‍ഡും കുതിരകളോട്‌ കാണിക്കുന്ന സ്‌നേഹത്തിന്റെ നിദാനമായിരുന്നു ഈ പങ്കാളിത്തം. 
ഡബ്ലിളിനുശേഷം ഖത്തര്‍ എയര്‍വേയ്‌സ്‌ 2017, 2018 വര്‍ഷങ്ങളില്‍ ഐവറി കോസ്‌റ്റിലെ അബിജാന്‍, ഘാനയിലെ അക്‌റ, ഓസ്‌ട്രേലിയയിലെ കാന്‍ബെറ, തായ്‌ലന്‍ഡിലെ ചിയാംഗ്‌ മായ്‌, ബംഗ്ലാദേശിലെ ചിറ്റഗോംഗ്‌, കെനിയയിലെ മൊംബാസ, തായ്‌ലന്‍ഡിലെ യുട്ടാപാവോ എന്നിവിടങ്ങളിലേയ്‌ക്കും സര്‍വീസ്‌ ആരംഭിക്കുന്നുണ്ട്‌.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...