Monday, May 4, 2020

ജീവന്‍ സുരക്ഷാ� കിറ്റുമായി മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍



കോവിഡ്‌ 19 നെ പടികടത്താന്‍ 'ജീവന്‍ സുരക്ഷാ' കിറ്റുമായി മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍








എറണാകുളം: സോപ്പുകൊണ്ട്‌ കഴുകിയാല്‍ നശിക്കുന്ന വൈറസാണ്‌ ഇന്ന്‌ ജനങ്ങളുടെ ഉറക്കം ഇല്ലാതാക്കിയിരിക്കുന്നത്‌. വൈറസിനെ തുരത്താന്‍ ലോകത്തെ വൈദ്യശാസ്‌ത്രജഞരെല്ലാം നിരന്തര പരീക്ഷണങ്ങളിലും. കാണാമറയത്തിരുന്ന്‌ മനുഷ്യജീവനെടുക്കുന്ന ഈ വില്ലന്‍ വൈറസിനെ ഭയന്ന്‌ ലോകത്താകമാനം ലോക്‌ ഡൗണും. വര്‍ഷങ്ങളോളം ഈ അദൃശ്യനായ വൈറസ്‌ മനുഷ്യനൊപ്പമുണ്ടാകുമെന്നാണ്‌ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്‌. അപ്രതീക്ഷിതമായെത്തിയ മഹാമാരി ലോകത്തെ ഒന്നാകെ കീഴ്‌പ്പെടുത്തിയപ്പോള്‍ നമ്മുടെ കൊച്ചുകേരളത്തിലും വലിയ സംരംഭക മോഹവുമായി ബിസിനസ്സിനിറങ്ങിയ ആയിരക്കണക്കിന്‌ പേരാണ്‌ ദുരിതത്തിലായത്‌. കേരളത്തിന്റെ സമസ്‌ത മേഖലകളിലും സംരംഭക മോഹങ്ങള്‍ ഏതാണ്ട്‌ അസ്‌തമിച്ച മട്ടാണ്‌. നാളെ എന്ത്‌ സംഭവിക്കുമെന്ന്‌ ഉറപ്പിച്ചുപറയാനാവാത്ത സ്ഥിതി. മാസ്‌കും സാനിറ്റൈസറും ഗ്ലൗസുമില്ലാതെയുള്ള നാളെയെകുറിച്ച്‌ ചിന്തിക്കേണ്ടെന്നാണ്‌ ആരോഗ്യരംഗത്തുള്ളവര്‍ ദിവസവും ജനങ്ങളെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്‌.

മാസ്‌ക്‌ ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക്‌ കടുത്ത പിഴയാണ്‌ വിവിധ രാജ്യങ്ങള്‍ ചുമത്തുന്നത്‌. സമാനമായ അവസ്ഥ കേരളത്തിലും എത്തികഴിഞ്ഞു. സ്‌കൂളുകളിലും ജോലി സ്ഥലങ്ങളിലുമെന്നു വേണ്ട രണ്ടാള്‍ കൂടുന്നിടത്തെല്ലാം മുഖാവരണം അണിയാതെ പോകാനാവാത്ത സ്ഥിതിയിലാണ്‌ കാര്യങ്ങള്‍. ഇത്തരം പ്രതികൂല സാഹചര്യങ്ങള്‍ക്കിടെ ചെറിയ മുതല്‍ മുടക്കില്‍ പതിനായിരത്തോളം പേര്‍ക്ക്‌ തൊഴില്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്‌ മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍. കേരളത്തില്‍ തൊഴില്‍ രഹിതരാകുന്ന നൂറുകണക്കിന്‌ യുവാക്കള്‍ക്കും ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കും സ്വന്തം സ്ഥലങ്ങളില്‍ മാന്യമായ വേതനം ഉറപ്പാക്കാന്‍ കഴിയുമെന്ന്‌ ഫൗണ്ടേഷന്‍ ഉറപ്പു നല്‍കുന്നു. അന്താരാഷ്ട്ര ഗുണനിലവാരമുള്ള കഴുകി ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌ക്‌, യാത്രകളില്‍ ഉപയോഗിക്കാവുന്ന 100 എം എല്ലിന്റെ സാനിറ്റൈസര്‍, ഗ്ലൗസ്‌ എന്നിവ അടങ്ങുന്നതാണ്‌ ജീവന്‍സുരക്ഷാ കിറ്റായി ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്‌. വീടുകളില്‍ എല്ലാവര്‍ക്കും കിറ്റുകള്‍ നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിയാണ്‌ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന്‌ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത്‌ തോമസ്‌ തുരുത്തിപ്പള്ളി പറഞ്ഞു.

ഫാമിലി കിറ്റുകളും സിംഗിള്‍ കിറ്റുമുണ്ട്‌. ഫാമിലി കിറ്റില്‍ ഒരു കുടുംബത്തിലെ നാല്‌ അംഗങ്ങള്‍ക്ക്‌ വേണ്ട മാസ്‌കുകളും സാനിറ്റൈസറും ഗ്ലൗസുമാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഫാമിലി കിറ്റുകളിലെ മാസ്‌കുകള്‍ മാറിപ്പോകാതിരിക്കാന്‍ വ്യത്യസ്‌ത കളറിലുള്ള കോട്ടണ്‍ തുണികളിലുള്ള മുഖാവരണമാണ്‌ അടക്കം ചെയ്‌തിരിക്കുന്നത്‌. പദ്ധതി സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിന്‌ എല്ലാ പഞ്ചായത്തുകളിലും കുറഞ്ഞത്‌ പത്തുപേരെങ്കിലും സേവനത്തിന്‌ വേണ്ടിവരുമെന്നാണ്‌ കണക്കുകൂട്ടല്‍. 941 പഞ്ചായത്തുകളാണ്‌ സംസ്ഥാനത്തുള്ളത്‌. കൂടാതെ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ ഷോപ്പുകളിലും ജീവന്‍സുരക്ഷാ കിറ്റുകള്‍ ആവശ്യക്കാര്‍ക്ക്‌ ലഭിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. കോവിഡ്‌ ഭീതിയില്‍ സംരംഭ മേഖല ഒന്നാകെ പ്രതിസന്ധി നേരിടുമ്പോള്‍ കുറഞ്ഞ മുതല്‍മുടക്കില്‍ സംരംഭക രംഗത്ത്‌ നിലയുറപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ജീവന്‍സുരക്ഷാ കിറ്റുകള്‍ ലഭ്യമാക്കി മാന്യമായ വേതനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ വേറിട്ട ആശയവുമായി ഫൗണ്ടേഷന്‍ മുന്നോട്ടുവന്നിരിക്കുന്നത്‌.



'ജീവന്‍ സുരക്ഷ' എന്ന പേരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ട്രേഡ്‌ മാര്‍ക്ക്‌ രജിസ്‌ട്രേഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിച്ചു വരുന്നു. കേരളത്തില്‍ കുട്ടികള്‍ക്കിടയിലെ ജങ്ക്‌ഫുഡ്‌ ഉപയോഗത്തിനെതിരെ അടക്കം, നിരവധി പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയുള്ള മേഖലകളില്‍ സജീവമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ്‌ മീഡിയ റിസര്‍ച്ച്‌ ഫൗണ്ടേഷന്‍. പത്തനംതിട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ കഴിഞ്ഞ പ്രളയദുരിതാശ്വാസ രംഗത്തും മുന്‍പന്തിയിലുണ്ടായിരുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...