Monday, September 15, 2014

തായ്‌ലന്റ്‌ 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കുന്നു



വിലയിടിവിന്റെ പ്രവണത തുടരാന്‍ സാധ്യത
അനു വി. പൈ,റിസര്‍ച്ച്‌ അനലിസ്റ്റ്‌, ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ്‌

ഇന്ത്യയ്‌ക്കകത്തും പുറത്തും സ്വാഭാവിക റബ്ബര്‍ വിപണിയില്‍ വിലയിടിവിന്റെ പ്രവണത തുടരുകയാണ്‌. കേരളത്തിലെ പ്രമുഖ വിപണിയായ കോട്ടയത്ത്‌ ആര്‍.എസ്‌.എസ്‌. നാലിന്റെ വില 2009 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്‌ന്ന നിലയിലാണ്‌. രാജ്യത്തെ സ്വാഭാവിക റബ്ബറിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളായ ടയര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള വളരെ താഴ്‌ന്ന തോതിലുള്ള ഡിമാന്റ്‌, ഉയര്‍ന്ന തോതിലുള്ള ഇറക്കുമതി, അന്താരാഷ്‌ട്ര വിപണിയിലെ വിലയിടിയല്‍ പ്രവണത എന്നിവയാണ്‌ ഇതിനു വഴി വെക്കുന്നതെന്ന്‌ ജിയോജിത്ത്‌ കോം ട്രേഡ്‌ ലിമിറ്റഡ ്‌ റിസര്‍ച്ച്‌ അനലിസ്റ്റ്‌ അനു വി. പൈ പറഞ്ഞു.
മഴയെ തുടര്‍ന്ന്‌ ടാപ്പിങ്‌ തടസ്സപ്പെട്ട സ്ഥിതി കേരളത്തിലുണ്ടായിട്ടു കൂടിയാണ്‌ ഈ സ്ഥിതി എന്നതും പരിഗണിക്കേണ്ടതുണ്ട്‌. സ്വാഭാവിക റബ്ബര്‍ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെങ്കിലും ടയര്‍ കമ്പനികളുടെ പ്രാദേശിക വാങ്ങല്‍ ദീര്‍ഘകാലമായി ഉയരുന്നില്ല. വന്‍ തോതില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നതാണിതിനു കാരണം. റബ്ബര്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച്‌ രാജ്യത്ത്‌ ഈ വര്‍ഷം ഏപ്രില്‍ -ജൂലൈ കാലയളവില്‍ 133789 ടണ്‍ സ്വാഭാവിക റബ്ബര്‍ ഇറക്കുമതിയാണുണ്ടായത്‌. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 90580 ടണ്ണിന്റെ സ്ഥാനത്താണിത്‌. മുന്‍ നിര റബ്ബര്‍ ഉല്‍പ്പാദകരായ തായ്‌ലന്റില്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലവാരത്തിലേക്കു വില വന്നു കൊണ്ടിരിക്കുന്നത്‌ ആഭ്യന്തര, അന്താരാഷ്‌ട്ര വിലകള്‍ തമ്മില്‍ വന്‍ വ്യത്യാസത്തിനാണു വഴി തുറക്കുന്നത്‌. അധിക ശേഖരം വിറ്റഴിക്കാനുള്ള തായ്‌ലന്റ്‌ നീക്കവും ആശങ്ക ഉയര്‍ത്തുന്നുണ്ട്‌. 210000 മെട്രിക്‌ ടണ്‍ റബ്ബര്‍ വിറ്റഴിക്കാനാണ്‌ തായ്‌ലന്റിലെ പീസ്‌ ആന്റ്‌ ഓര്‍ഡര്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്‌.
ഭാവിയിലേക്കു നോക്കുമ്പോള്‍ ദുര്‍ബലമായ അവസ്ഥയാണ്‌ ഇവിടെ പ്രതീക്ഷിക്കാനാവുക. മഴയ്‌ക്കു ശേഷം കേരളത്തിലെ ടാപ്പിങ്‌ പുനരാരംഭിക്കുകയും ഇറക്കുമതി കൂടുകയും ആവശ്യം കുറയുകയും ചെയ്യുമ്പോള്‍ വില സമീപ വര്‍ഷങ്ങളിലെ ഏറ്റവും താഴ്‌ന്ന നിലയിലേക്കു നീങ്ങനാണു സാധ്യതയെന്ന്‌ അനു വി. പൈ പറഞ്ഞു. റബ്ബര്‍ കര്‍ഷകര്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമോ എന്നതു മാത്രമാണ്‌ കാത്തിരുന്നു കാണേണ്ടത്‌.

No comments:

Post a Comment

ആപ്കോസ് സംഘം പ്രസിഡന്‍റുമാരുടെ യോഗം സംഘടിപ്പിച്ചു

  കൊച്ചി : ക്ഷീരമേഖലയിലെ ആനുകാലിക വിഷയങ്ങളും, സംഘങ്ങളുടെ പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിന് എറണാകുളം മേഖലാ യൂണിയന്‍ സംഘടിപ്പിച്ച ആപ്കോസ് സംഘ...