ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളായ എയര്‍ടെല്ലിനോട് വിവാദമായ 4 ജി പരസ്യം പിന്‍വലിക്കണമെന്ന് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. പരസ്യം ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് ആസ്‌കി വിലയിരുത്തി.
എയര്‍ടെല്‍ ഏറ്റവും വേഗതയുള്ള നെറ്റ് വര്‍ക്കാണെന്നും ഇതിനേക്കാള്‍ വേഗതയുള്ളതാണ് നിങ്ങളുടെ നെറ്റ്‌വര്‍ക്കെങ്കില്‍ ആജീവാനന്തം നിങ്ങളുടെ മൊബൈല്‍ ഡേറ്റാ ബില്‍ എയര്‍ടെല്‍ അടക്കുമെന്നുമായിരുന്നു എയര്‍ടെല്‍ 4 ജിയുടെ വിവാദ പരസ്യം. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായതിനാല്‍ പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് അഡ്‌വെര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യ രാജ്യത്തെ ഏറ്റവും വലിയ മൊബൈല്‍ സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന് നോട്ടീസ് അയച്ചു. ഒക്ടോബര്‍ 7 മുന്‍പ് പരസ്യം പിന്‍വലിക്കുകകയോ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യണമെന്നാണ് ആസ്‌കി എയര്‍ടെല്ലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒരു എയര്‍ടെല്‍ ഉപയോക്താവ് നല്‍കിയ പരാതിയിലാണ് ആസ്‌കിയുടെ നടപടി. രാജ്യത്ത് ആദ്യമായി ഫോര്‍ ജി നെറ്റ്‌വര്‍ക്ക് എത്തിച്ചത് എയര്‍ടെല്ലാണ്. മറ്റ് സേവന ദാതാക്കള്‍ വേഗതയേറിയ നാലാം തലമുറ സേവനം എത്തിക്കുന്നതിന് മുന്നോടിയായായിരുന്നു പരസ്യം. ഇതിന് മുന്‍പ് ആസ്‌കിയുടെ നടപടി നേരിടുന്ന ടെലികോം സേവന ദാതാക്കള്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡായിരുന്നു. ഐഡിയ ഇന്റര്‍നെറ്റ് നെറ്റ്‌വര്‍ക്ക് അഥവാ ഐഐഎന്‍ ക്യാമ്പെയ്ന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന് ആരോപിച്ച് പരസ്യം ആസ്‌കി വിലക്കിയിരുന്നു.
No comments:
Post a Comment