Saturday, April 29, 2017

ഇന്ത്യന്‍ നിര്‍മാണ മേഖലയ്‌ക്ക്‌ നിലവാരമില്ല: ഇ. ശ്രീധരന്‍



കൊച്ചി: പശ്ചാത്തല സൗകര്യ വികസന രംഗത്ത്‌ രാജ്യം മുന്നേറുകയാണെങ്കിലും നമ്മുടെ നിര്‍മാണ വ്യവസായത്തിന്‌ ആഗോള നിലവാരം കൈവരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന്‌ ഡല്‍ഹി മെട്രൊ റെയില്‍ കോര്‍പ്പറേഷന്‍ മുഖ്യ ഉപദേശകനായ ഇ. ശ്രീധരന്‍ അഭിപ്രായപ്പെട്ടു.
ഗുണനിലവാരം, സമയനിഷ്‌ഠ തുടങ്ങിയ കാര്യങ്ങളില്‍ രാജ്യത്തെ കോണ്‍ട്രാക്‌ടര്‍മാര്‍ വളരെ പിന്നിലാണെന്ന്‌ ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ (ബായ്‌) കൊച്ചി ചാപ്‌റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കവെ ശ്രീധരന്‍ പറഞ്ഞു.
ഇന്ത്യന്‍ കോണ്‍ട്രാക്‌റ്റര്‍മാരും വിദേശ കോണ്‍ട്രാക്‌റ്റര്‍മാരും തമ്മിലുള്ള വ്യത്യാസം ഡല്‍ഹി മെട്രോയുടെ ജോലി നടക്കവെ തനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചതായി ശ്രീധരന്‍ വ്യക്തമാക്കി. വിദേശ കരാറുകാര്‍ ഏറ്റെടുത്ത ഭാഗങ്ങളുടെ പണി സമയത്ത്‌ തന്നെ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യന്‍ കരാറുകാരുടേത്‌ ഇഴഞ്ഞു നീങ്ങുകയായിരുന്നു. രാജ്യത്തെ ഏറ്റവും മികച്ച കരാറുകാരെയാണ്‌ കൊച്ചി മെട്രോ ജോലികള്‍ക്കായി നിയോഗിച്ചതെങ്കിലും മൂന്ന്‌ വര്‍ഷത്തിനകം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞില്ല. രാജ്യത്ത്‌ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന്‌ 30 ലക്ഷം കോടിയിലേറെ രൂപയാണ്‌ പശ്ചാത്തല സൗകര്യ വികസനത്തിനായി ചെലവിടുന്നത്‌. പക്ഷെ അതില്‍ 10 ശതമാനം മാത്രമേ സയമബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുന്നുള്ളു.
കരാര്‍ എങ്ങനെയെങ്കിലും നേടിയെടുക്കുന്നതിനായി കുറഞ്ഞ നിരക്കില്‍ ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനാലാണ്‌ ഗുണനിലവാരം ഉറപ്പാക്കാനും സമയനിഷ്‌ഠ പാലിക്കാനും കഴിയാതെ പോകുന്നതെന്ന്‌ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. എല്ലാ വശങ്ങളും കണക്കിലെടുക്കാതെയാണ്‌ ടെണ്ടര്‍ നല്‍കുന്നത്‌. വിദേശ കോണ്‍ട്രാക്‌റ്റര്‍മാര്‍ തികച്ചും വ്യത്യസ്‌തമാണ്‌. ഭാവിയില്‍ സംഭവിക്കാവുന്ന പ്രതിബന്ധങ്ങള്‍ തുടങ്ങി എല്ലാ ഘടകങ്ങളും വിലയിരുത്തിയതിനുശേഷമാണ്‌ അവര്‍ ടെണ്ടര്‍ സമര്‍പ്പിക്കുക. നഷ്‌ടം നേരിടുന്ന സ്ഥിതിവിശേഷമുണ്ടായാലും ഗുണമേന്മയിലും സമയനിഷ്‌ഠയിലും വിട്ടുവീഴ്‌ച ചെയ്യാതെ വിശ്വാസ്യത കാത്തുസൂക്ഷിക്കാന്‍ വിദേശ കരാറുകള്‍ക്ക്‌ കഴിയുന്നു.
മികച്ച നിര്‍മ്മാണ സാമഗ്രികളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടേയും അഭാവം ഇന്ത്യന്‍ കരാറുകാരെ സംബന്ധിച്ചിടത്തോളം പ്രതികൂല ഘടകമാണ്‌. മികച്ച പരിശീലനം സിദ്ധിച്ച തൊഴിലാളികളില്ലാത്തതാണ്‌ വേറൊരു പ്രശ്‌നം. രാജ്യത്ത്‌ എല്‍ ആന്റ്‌ ടി മാത്രമാണ്‌ നിര്‍മ്മാണ തൊഴിലാളികള്‍ക്ക്‌ പരിശീലനം നല്‍കിവരുന്നത്‌.
ജിഎസ്‌ടി നടപ്പാക്കുന്നതോടെ കേരളത്തിലെ നിര്‍മ്മാണ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക്‌ നീങ്ങുമെന്ന്‌ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. സിമന്റ്‌, മണല്‍ തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ക്ക്‌ അയല്‍ സംസ്ഥാനങ്ങളിലേതിലും വില കൂടുതലാണ്‌ ഇവിടെ എന്നതാണ്‌ കാരണം. ബായ്‌ 
കൊച്ചി ചാപ്‌റ്റര്‍ ചെയര്‍മാനായി സഖറിയാ എബ്രഹാമും സെക്രട്ടറിയായി ജോളി വര്‍ഗീസും അധികാരമേറ്റു. ബായ്‌ കേരള ചാപ്‌റ്റര്‍ ചെയര്‍മാന്‍ വി. സന്തോഷ്‌ ബാബു, സ്ഥാനമൊഴിയുന്ന ചെയര്‍മാന്‍ മനേജ്‌ മാത്യു, സെക്രട്ടറി ജിബു പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.


ബില്‍ഡേഴ്‌സ്‌ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യ കൊച്ചി ചാപ്‌റ്റര്‍ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ ഇ. ശ്രീധരന്‍ പ്രസംഗിക്കുന്നു. ജിബു പി. മാത്യു, വി. സന്തോഷ്‌ ബാബു, മനോജ്‌ മാത്യു, സഖറിയ എബ്രഹാം, ജോളി വര്‍ഗ്ഗീസ്‌ എന്നിവര്‍ സമീപം. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...