Monday, October 17, 2016

ഫെഡറല്‍ ബാങ്ക്‌ മൂക്കന്നൂര്‍ ടൗണിനെ ദത്തെടുക്കുന്നു

ഫെഡറല്‍ ബാങ്ക്‌ സിഎസ്‌ആര്‍ ഹെഡ്‌ രാജു ഹൊര്‍മീസ്‌, എച്ച്‌ആര്‍ ഹെഡ്‌ തമ്പി കുര്യന്‍, എറണാകുളം സോണല്‍ ഹെഡും ഡിജിഎമ്മുമായ സണ്ണി എന്‍.വി. തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍


കൊച്ചി
ഫെഡറല്‍ ബാങ്ക്‌ സ്ഥാപകനായി കെ.പി ഹോര്‍മിസിന്റെ ജന്മശതവാര്‍ഷികാഘോഷളുടെ ഭാഗമായി അദ്ദേഹത്തിന്റെ ജന്മനാടായ മൂക്കന്നൂര്‍ ടൗണിനെ ഫെഡറല്‍ ബാങ്ക്‌ ദത്തെടുക്കും.
മൂക്കന്നൂരിനെ ദത്തെടുത്ത്‌ സ്‌മാര്‍ട്‌ ടൗണ്‍ഷിപ്പാക്കി മാറ്റുന്ന പദ്ധതിക്ക്‌ ഇന്ന്‌ തുടക്കം കുറിക്കുംമൂക്കന്നൂര്‍ സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി സെന്റിനറി ഹാളില്‍ ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ നടക്കുന്ന ചടങ്ങില്‍ റോജിജോണ്‍ എംഎല്‍എ പദ്ധതി ഉദ്‌ഘാടനം ചെയ്യും.

എല്ലാവര്‍ഷവും ബാങ്കിന്റെ നേതൃത്വത്തില്‍ ആഘോഷിക്കാറുള്ള സ്ഥാപകദിനത്തോടനുബന്ധിച്ച്‌ ഇത്തവണ ഇന്ത്യയിലുടനീളം ഒട്ടേറെ സിഎസ്‌ആര്‍ പദ്ധതികള്‍ക്കാണ്‌ ബാങ്ക്‌ രൂപം കൊടുത്തിരിക്കുന്നത്‌.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഫെഡറല്‍ ബാങ്ക്‌ ജീവനക്കാര്‍, അവരുടെ
കുടുംബാംഗങ്ങള്‍, ഇടപാടുകാര്‍ തുടങ്ങിയവരില്‍ നിന്ന്‌ സന്നദ്ധരായവര്‍ തങ്ങളുടെ കണ്ണുകളും
അവയവങ്ങളും മരണാനന്തരം ദാനം ചെയ്യുന്നതിന്‌ സമ്മതപത്രം നല്‍കുന്ന പദ്ധതിയും നടപ്പിലാക്കും.
ഫെ0ഡറല്‍ ബാങ്കിന്റെ ശാഖകള്‍ വഴി 1252 സ്‌കൂളുകളില്‍ കംപ്യൂട്ടറുകള്‍ നല്‍കും. കഴിഞ്ഞവര്‍ഷം സിഎസ്‌ആര്‍ പദ്ധതികളുടെ ഭാഗമായി 150ഓളം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സ്‌കില്‍ അക്കാദമി നടപ്പിലാക്കിയിരുന്നു. 13 കോടിയോളം രൂപയാണ്‌ സിഎസ്‌ആര്‍ പദ്ധതികള്‍ക്കായി ഫെഡറല്‍ ബാങ്ക്‌ കഴിഞ്ഞവര്‍ഷം ചെലവഴിച്ചത്‌. ശ്രദ്ധ ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള പ്രത്യേക സഹായവും കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയിരുന്നു.
കുളങ്ങര പൗലോസ്‌ ഹോര്‍മിസ്‌ എന്ന കെ. പി. ഹോര്‍മിസ്‌ 1917 ഒക്ടോബര്‍ 18നാണ്‌ ഏറണാകുളം ജില്ലയിലെ മൂക്കന്നൂരില്‍ ജനിച്ചത്‌. ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം തിരുവനന്തപുരത്തും, തിരുച്ചിറപ്പള്ളിയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. നിയമത്തില്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം പെരുമ്പാവൂര്‍ മുന്‍സിഫ്‌ കോടതിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു.
അഭിഭാഷകവൃത്തിയില്‍ സംതൃപ്‌തനാകാതിരുന്ന ഹോര്‍മിസ്‌, 1945ല്‍ തിരുവല്ലയ്‌ക്കടുത്ത്‌ നെടുമ്പുറം ആസ്ഥാനമായിരുന്ന, പ്രവര്‍ത്തനരഹിതമായ തിരുവിതാംകൂര്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി 5000 രൂപയ്‌ക്ക്‌ വാങ്ങിക്കൊണ്ട്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പദവി ഏറ്റെടുത്തു. അദ്ദേഹമാണ്‌ ബാങ്കിന്റെ ആസ്ഥാനം ആലുവയിലേയ്‌ക്ക്‌ മാറ്റിയത്‌. 1947ലാണ്‌ ബാങ്ക്‌ ദി ഫെഡറല്‍ ബാങ്ക്‌ ലിമിറ്റഡ്‌ എന്ന പേരു സ്വീകരിച്ചത്‌. ദീര്‍ഘവീക്ഷണത്തോടെ കെ.പി.ഹോര്‍മിസ്‌ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നം കൊണ്ടും 1973 ആയപ്പോഴേക്കും കേരളത്തിന്‌ പുറത്തു ശാഖകള്‍ തുടങ്ങാന്‍ ബാങ്കിന്‌ സാധിച്ചു. അതേ വര്‍ഷം തന്നെ ഇന്ത്യാഗവണ്മെന്റില്‍ നിന്നു വിദേശ നാണ്യവ്യവഹാരത്തിനുള്ള അനുമതിയും ഫെഡറല്‍ ബാങ്കിന്‌
ലഭിച്ചു. ഒരു ശാഖ മാത്രമുണ്ടായിരുന്ന ചെറിയൊരു ബാങ്കിനെ, ചെയര്‍മാന്‍ സ്ഥാനത്തുനിന്നു വിരമിച്ച്‌ 1979 ആയപ്പോഴേക്കും ഇന്ത്യയിലൊട്ടാകെയായി 285 ശാഖകളുള്ള വലിയൊരു ബാങ്കിംഗ്‌ സ്ഥാപനമാക്കി മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ഫെഡറല്‍ ബാങ്ക്‌ സിഎസ്‌ആര്‍ ഹെഡ്‌ രാജു ഹൊര്‍മീസ്‌, എച്ച്‌ആര്‍ ഹെഡ്‌ തമ്പി കുര്യന്‍, എറണാകുളം സോണല്‍ ഹെഡും ഡിജിഎമ്മുമായ സണ്ണി എന്‍.വി. തുടങ്ങിയവര്‍ പങ്കെടുത്തു.






No comments:

Post a Comment

10 APR 2025