Monday, October 17, 2016

അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യം



കൊച്ചി: അക്കൗണ്ടന്റുമാര്‍ ബിസിനസ്‌ രൂപപ്പെടുത്തുവാന്‍ സഹായിക്കുകയും അതിനെ പിന്തുണയ്‌ക്കുകയും ബിസിനസിനെ മാത്രമല്ല, എല്ലാ വിധത്തിലും വലുപ്പത്തിലുമുള്ള ബഹുരാഷ്‌ട്ര സ്ഥാപനങ്ങളേയും സമ്പദ്‌ഘടനകളേയും പിന്തുണ നല്‍കി സഹായിക്കുകയും ചെയ്യുന്നു.
ഇന്ന്‌ സമ്പദ്‌ഘടനകള്‍ വളരെ ചടുലവും ചുറുചുറുക്കുള്ളതുമാണ്‌. അതുകൊണ്ടുതന്നെ മാറ്റം ഒരു തുടര്‍ക്കഥയാണ്‌. ആധുനികകാലത്തെ കമ്പനികള്‍ അവരുടെ അക്കൗണ്ടന്റുമാരെ ഡേറ്റ അനലിസ്റ്റുകളായോ അക്കങ്ങളുമായി പൊരുതുന്നവരായോ അല്ല കാണുന്നത്‌. മറിച്ച്‌, തന്ത്രപ്രധാനമായ ബിസിനസ്‌ ചിന്തകരും പങ്കാളികളുമായിട്ടാണ്‌ കാണുന്നത്‌ അതിനാല്‍ അക്കൗണ്ടിങ്ങ്‌ കരിയറിന്‌ ആഗോള നിലവാരത്തിലുള്ള നൈപുണ്യം അനിവാര്യമാണെന്ന്‌ അസോസിയേഷന്‍ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍ട്ടിഫൈഡ്‌ അക്കൗണ്ടന്റ്‌സ്‌ (എസിസിഎ) ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്‌ ഹെഡ്‌ സജിദ്‌ ഖാന്‍ പറഞ്ഞു.
അക്കൗണ്ടന്റ്‌ മേഖലയില്‍ വിജയകരമായ തൊഴില്‍ കെട്ടിപ്പടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ പരിഗണിക്കേണ്ടിയിരിക്കുന്നു. ഏറ്റവും ജനപ്രിയ അക്കൗണ്ടന്‍സി കോഴ്‌സുപോലും ഇന്ന്‌ ആവശ്യം നിറവേറ്റുന്നില്ല. അക്കൗണ്ടന്റ്‌ ആകുവാന്‍ ആഗ്രഹിക്കുന്നവര്‍, ഇന്നു വിപണിയില്‍ ലഭ്യമായ കോഴ്‌സുകളുടെ കോസ്റ്റ്‌-ബെനിഫിറ്റ്‌ വിശകലനം വിശദമായി പരിശോധിക്കുകയും ആഗോള വിപണി എന്താണ്‌ ആഗ്രഹിക്കുന്നതെന്നു വിലയിരുത്തുകയും വേണം. കമ്പനികള്‍ കൂടുതല്‍ കൂടുതലായി അക്കൗണ്ടിംഗില്‍ ആഗോള സര്‍ട്ടിഫിക്കേഷന്‌ ഊന്നല്‍ നല്‍കിവരികയാണെന്ന്‌ സാജിദ്‌ ഖാന്‍ അഭിപ്രായപ്പെട്ടു.
ആഗോള നിലവാരത്തിലുള്ള അക്കൗണ്ടിംഗ്‌ നൈപുണ്യം ഒഴിച്ചുകൂടുവാന്‍ വയ്യാത്തതായി മാറുകയാണ്‌, ഇന്ത്യയില്‍ ആരംഭിക്കുന്ന ബഹുരാഷ്‌ട്ര കമ്പനികളുടെ എണ്ണം ദിനംപ്രതി വളരുകയാണെന്നതു പരിഗണിക്കുമ്പോള്‍, ഇന്ത്യയിലെ അക്കൗണ്ടന്‍സി കൊണ്ടു മാത്രം ആവശ്യം നിറവേറ്റപ്പെടുകയില്ല.
ഇതിനു പുറമേ, വിദ്യാര്‍ത്ഥികളില്‍ ആഗോളനിലവാരത്തിലുള്ള യോഗ്യതയെക്കുറിച്ചുള്ള ആഗ്രഹവും വര്‍ധിക്കുകയാണ്‌. ലോകത്തിന്റെ ഏതു ഭാഗത്തും ജോലി ചെയ്യാന്‍ സാധിക്കുംവിധമുള്ള അക്കൗണ്ടിംഗ്‌ പ്രാവിണ്യം നേടുന്നതിന്‌ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്‌. ഉറപ്പായ തൊഴില്‍, ജോലി സുരക്ഷ, ജോലി സംതൃപ്‌തി, ഉയര്‍ന്ന ശമ്പളം, മെച്ചപ്പെട്ട ജീവിത നിലവാരം തുടങ്ങിയവയ്‌ക്കാണ്‌ പുതിയ തലമുറയുടെ അന്വേഷണം. ഉയര്‍ന്ന യോഗ്യത ഇതെല്ലാം ഉറപ്പു നല്‍കുന്നു.
അക്കൗണ്ടന്‍സിയില്‍ അസോസിയേഷന്‍ ഓഫ്‌ ചാര്‍ട്ടേഡ്‌ സര്‍ട്ടിഫൈഡ്‌ അക്കൗണ്ടന്റ്‌സ്‌ (എസിസിഎ) നല്‍കുന്നതുപോലുള്ള ആഗോള വിദ്യാഭ്യാസം വ്യക്തികളെ ഭാവി ആവശ്യത്തിനു ഉപയുക്തമാക്കുന്ന വിധത്തില്‍ വളര്‍ത്തിയെടുക്കുന്നു. ആഗോള സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സുകള്‍ അതിന്റെ ഉള്ളടക്കത്തിലും സാങ്കേതികവിദ്യയിലും മാത്രമല്ല, ധാര്‍മികത, ബിസിനസ്‌ വിശകലനം, കോര്‍പറേറ്റ്‌ ഗവേണന്‍സ്‌ തുടങ്ങിയവയിലും ശ്രദ്ധ നല്‍കുന്നു. ഇതു പൂര്‍ണനായ അക്കൗണ്ടന്റിനെ വളര്‍ത്തിയെടുക്കുവാന്‍ സഹായിക്കുമെന്നും സാജിദ്‌ ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴത്തെ സാമ്പത്തികാന്തരീക്ഷത്തില്‍ അക്കൗണ്ടന്‍സിയിലുള്ള ആഗോള സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ്‌ വളരെ ആകര്‍ഷകമാണ്‌. വളരെ വിശാലമായ സമീപനമാണ്‌ അക്കൗണ്ടന്‍സി കോഴ്‌സില്‍ സ്വീകരിച്ചിട്ടുള്ളത്‌. അതായത്‌ ഈ പരിശീലനം സിദ്ധിച്ച ഒരാള്‍ക്ക്‌ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നുവെന്നു മാത്രമല്ല, സ്ഥാപനത്തിന്റെ സിഇഒ ആയി വരെ ഉയരാന്‍ സഹായിക്കുന്ന വിധത്തിലുള്ള പ്രാവിണ്യമാണ്‌ ലഭിക്കുന്നത്‌.
ഇതുപോലുള്ള യോഗ്യത ഒരാള്‍ക്ക്‌ രാജ്യാന്തര അംഗീകാരം നല്‍കുന്നുവെന്നു മാത്രമല്ല, ഫിനാന്‍സ്‌, ഓര്‍ഗനൈസേഷണല്‍ മാനേജ്‌മെന്റ്‌, സ്‌ട്രാറ്റജി തുടങ്ങിയമേഖലകളില്‍ അയാളുടെ പ്രാവീണ്യം കൂടുതല്‍ മെച്ചപ്പെടുത്താനും സഹായിക്കുന്നു. അക്കൗണ്ടന്റുമാര്‍ക്ക്‌ അവരുടെ സ്ഥാപനത്തിന്റെ ബിസിനസിന്റെ ഗതിമാര്‍ഗം മനസിലാക്കുവാനും അതിനനുസരിച്ച്‌ പ്രധാനപ്പെട്ട ബിസിനസ്‌ തീരുമാനങ്ങളില്‍ പങ്കാളികളാവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്നു.
മികച്ച അക്കൗണ്ടന്റായി തീരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രവീണ്യം വര്‍ധിപ്പിക്കുവാന്‍ ഉതകുന്ന വിധത്തിലുള്ള യോഗ്യതയ്‌ക്കൊപ്പം വിപുലവും മാറിക്കൊണ്ടിരിക്കുന്നതുമായ ഈ മേഖലയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുളള യോഗ്യതയ്‌ക്കും ലക്ഷ്യമിടണം.
അക്കൗണ്ടന്റുമാരില്‍നിന്ന്‌ ഇന്ന്‌ ഏറെ പ്രതീക്ഷിക്കുന്നുണ്ട്‌. അക്കങ്ങള്‍ക്കും ധനകാര്യങ്ങള്‍ക്കും അപ്പുറത്തേക്കു നോക്കുവാനുള്ള തങ്ങളുടെ കഴിവു വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനുമുള്ള പാടവമാണ്‌ അതിലൊന്ന്‌. സ്ഥാപനങ്ങളുടെ ഹ്രസ്വവും ദീര്‍ഘവുമായ ലക്ഷ്യങ്ങള്‍ നേടാന്‍ സഹായിക്കുന്ന വിധത്തില്‍ വ്യക്തമായ കാഴ്‌ചപ്പാടും പങ്കാളിത്തവും നല്‍കുവാനുള്ള കഴിവാണ്‌ മറ്റൊന്ന്‌. തീരുമാനങ്ങളില്‍ കൂടുതല്‍ പങ്കാളികളാകാന്‍ സാധിക്കുന്നവിധത്തിലുള്ള ചിന്തയും തന്ത്രവും അവരില്‍നിന്നു പ്രതീക്ഷിക്കുന്നു.
മികച്ച ബിസിനസ്‌ കാഴ്‌ചപ്പാടോടെയുള്ള സാങ്കേതിക വൈദഗ്‌ധ്യത്തിനു ആഗോളതലത്തില്‍ ദീര്‍ഘകാലത്തില്‍ ആവശ്യം വര്‍ധിച്ചുവരികയാണ്‌. ഭാവിയിലെ ബിസിനസ്‌ അന്തരീക്ഷം എന്തുതന്നെയായാലും അതു വളരെ അയവുള്ളതും ധാര്‍മികതയില്‍ ഉന്നിയുള്ളതുമായിരിക്കും. അതുകൊണ്ടുതന്നെ അക്കൗണ്ടന്റുമാരാകന്‍ ആഗ്രഹിക്കുന്നവര്‍ സാങ്കതിക പരിജ്ഞാനത്തോടൊപ്പം വ്യക്തിഗത പ്രാവിണ്യവും പ്രഫഷണല്‍ യോഗ്യതയും നേടുന്നതിനു ഊന്നല്‍ നല്‍കണം. ഇതിനുള്ള ഏറ്റവും ശരിയായ ദിശയിലുള്ള ചുവടുവയ്‌പാണ്‌ ആഗോള യോഗ്യത നേടുകയെന്നതെന്ന്‌ സാജിദ്‌ ഖാന്‍ അഭിപ്രായപ്പെട്ടു.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...