Tuesday, September 4, 2018

ഭാരതി അക്‌സ ഇന്‍ഷുറന്‍സ്‌ നടപടികള്‍ ലളിതമാക്കി




കൊച്ചി: ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌, ഭാരതി അക്‌സ്‌ ജനറല്‍ ഇന്‍ഷുറന്‍സ്‌ എന്നിവ വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ക്ലെയിം നടപടിക്രമങ്ങള്‍ ലളിതമാക്കി. പുതിയ നിര്‍ദേശപ്രകാരം ക്ലെയിം ഉന്നയിക്കുന്നതിന്‌ നോമിനിയുടെ കാന്‍സല്‍ ചെയ്‌ത ബാങ്ക്‌ ചെക്കിനൊപ്പമുള്ള കുറിപ്പ്‌, അംഗീകൃത ആശുപത്രിയില്‍നിന്നോ പൊലീസില്‍നിന്നോ സായുധ സേനയില്‍നിന്നോ ഉള്ള മരണസര്‍ട്ടിഫിക്കറ്റ്‌, നോമിനിയുടെ ആധാര്‍കാര്‍ഡ്‌ എന്നിവ മതിയാവും. കാലതാമസമില്ലാതെ ക്ലെയിം നല്‍കുന്നതിന്‌ എല്ലാ ജില്ലകളിലും സഹായകേന്ദ്രങ്ങളും ഏര്‍പ്പെടുത്തി. 
പ്രിമിയം അടയ്‌ക്കുന്നതിനുള്ള 15, 30 ദിവസത്തെ അധികദിവസ കാലാവധി 60 ദിവസമാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്‌. 2018 ജുലൈ 15 മുതല്‍ സെപ്‌റ്റംബര്‍ 30 വരെ ഇത്‌ ബാധകമാണ്‌. വൈകി അടക്കുന്ന പ്രിമിയങ്ങളില്‍ പിഴ ഒഴിവാക്കി. സമാനമായി കസ്റ്റമേഴ്‌സിനെ സഹായിക്കുന്നതിനായി കൊച്ചി, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ എന്നിവിടങ്ങില്‍ ഹെല്‍പ്പ്‌ ഡെസ്‌കുകള്‍ ഒരുക്കുകയും ക്ലെയിം നടപടികള്‍ വേഗത്തിലാക്കുന്നതിന്‌ നോഡല്‍ ഓഫിസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കുകയും ചെയ്‌തതായി ഭാരതി അക്‌സ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സിഇഒ വികാസ്‌ സേത്‌, ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ എംഡിയും സിഇഒയുമായ സഞ്‌ജീവ്‌ ശ്രീനിവാസന്‍ എന്നിവര്‍ അറിയിച്ചു. 
മോട്ടൊര്‍ ക്ലെയിംസുകളുടെ കാര്യത്തില്‍ രേഖകള്‍ പലതും ഒഴിവാക്കിയിട്ടുണ്ട്‌. ചെറിയ കേടുപാടുകള്‍ക്ക്‌ ഡിജിറ്റല്‍ മീഡിയ വഴി ഫോട്ടൊ നല്‍കിയാല്‍ സര്‍വേ ഒഴിവാക്കും. വെള്ളപ്പൊക്കത്തില്‍ ആര്‍സി നഷ്‌ടപ്പെട്ടിട്ടുണ്ടെങ്കില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ സോഫ്‌റ്റ്‌ കോപ്പിയുടെ അടിസ്ഥാനത്തില്‍ അപേക്ഷ പരിഗണിക്കും. ഒരു ലക്ഷം രൂപവരെയുള്ള നഷ്‌ടപരിഹാരത്തിന്‌ ഭാരതി അക്‌സ ജനറല്‍ ഇന്‍ഷുറന്‍സ്‌ മോണിറ്ററി ക്ലെയിം ലെറ്ററും ഡാമേജ്‌ സര്‍ട്ടിഫിക്കറ്റും ബദല്‍ ലെറ്ററും ഒഴിവാക്കിയിട്ടുണ്ട്‌. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക്‌ നഷ്‌ടപരിഹാര എസ്റ്റിമേറ്റ്‌ ഒഴിവാക്കുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്‌തിട്ടുണ്ട്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...