കൊച്ചി: ചുരുങ്ങിയ കാലയളവില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ മലയാളത്തിലെ ഏറ്റവും പുതിയ വിനോദ ചാനല്‍ സീ കേരളം പ്രേക്ഷകര്‍ക്കായി പുതിയ സീരിയല്‍ ആരംഭിക്കുന്നു. ഇതുവരെ ആരും പറയാത്ത പുതുമയുള്ള പരമ്പര 'സത്യ എന്ന പെണ്‍കുട്ടി' നവംബര്‍ 18 മുതല്‍ പ്രക്ഷേപണം തുടങ്ങും. മലയാള സീരിയല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായി ടോംബോയ് വേഷത്തിലെത്തുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ് മുഖ്യകഥാപാത്രം. മെക്കാനിക്കായി ജോലി ചെയ്യുന്ന സത്യ എല്ലാത്തരം ബൈക്കുകളും അനായാസം കൈകാര്യം ചെയ്യും. സ്വന്തം തീരുമാനങ്ങളില്‍ ഉറച്ചു വിശ്വസിക്കുകയും അവയുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രമാണ് സത്യ. മൂത്ത സഹോദരിയോട് കലഹിച്ചു കൊണ്ടിരിക്കുന്ന സത്യയാണ് കുടുംബത്തെ പോറ്റുന്നതും. നീനുവാണ് സത്യ എന്ന മുഖ്യ കഥാപാത്രത്തിനു ജീവന്‍ നല്‍കുന്നത്. ബിഗ് ബോസ് ഫെയ്ം ശ്രീനിഷ് നായക വേഷത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചു വരുന്നതും ഈ സീരിയലിലൂടെയാണ്.
വേറിട്ട കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കാമെന്ന പ്രതീക്ഷയിലാണ് നീനു. "സത്യ തീര്‍ത്തും വ്യത്യസ്തവും വളരെ വെല്ലുവിളികള്‍ നിറഞ്ഞതുമായി കഥാപാത്രമാണ്. ബൈക്ക് ഓടിക്കേണ്ടി വന്നതെല്ലാം ആദ്യ പ്രയാസമുണ്ടാക്കി. എങ്കിലും ഷൂട്ട് തുടങ്ങുന്നതിനു മുമ്പു തന്നെ എല്ലാ പഠിച്ചെടുത്തു. വളരെ ആത്മവിശ്വാസത്തോടെയാണ് അഭിനയിച്ചത്," നീനു പറഞ്ഞു.
ചെറിയൊരു ഇടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തുന്ന ശ്രീനിഷും പ്രതീക്ഷയോടെയാണ് ഈ സീരിയലിനെ കാണുന്നത്. "കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പല ഓഫറുകളും വന്നിരുന്നെങ്കിലും മികച്ച അവസരത്തിനായി കാത്തിരിക്കുകയായിരുന്നു. സീ നെറ്റ്‌വര്‍ക്ക് അവതരിപ്പിക്കുന്ന സീരിയലുകളുടെ മികവ് കണക്കിലെടുത്താണ് ഈ സീരിയലില്‍ നായക കഥാപാത്രം ഏറ്റെടുത്തത്. ഞാന്‍ സീ തമിഴിന്റെ ഒരു ആരാധകന്‍ കൂടി ആയതിനാല്‍ ഓഫര്‍ വന്നപ്പോള്‍ പിന്നെ ഒന്നും നോക്കേണ്ടി വന്നില്ല. എന്റെ റോളില്‍ വലിയ പ്രതീക്ഷയുണ്ട്-," ശ്രീനിഷ് പറഞ്ഞു.
No comments:
Post a Comment