Wednesday, October 14, 2015

ഏറ്റവും വലിയ സംരംഭക സമ്മേളനം 'ടൈക്കോണ്‍ കേരള' കൊച്ചിയില്‍



കൊച്ചി
: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനം 'ടൈക്കോണ്‍ കേരള 2015' നവംബര്‍ 6, 7 തീയതികളിലായി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചു നടക്കും. സംരംഭകത്വം സംബന്ധിച്ച അറിവുകള്‍ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നുനല്‍കാനും കൂടുതല്‍ യുവ സംരംഭകരെ സൃഷ്ടിക്കുവാനും വളര്‍ത്തുവാനൂമാണ്‌ സമ്മേളനം ലക്ഷ്യമിടുന്നത്‌. 
സംരംഭകത്വം പ്രോത്സാഹിപ്പിക്കുതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ്‌ എന്റര്‍-പ്രണേഴ്‌സ്‌(ടൈ)ന്റെ കേരളാ ഘടകമായ ടൈ കേരളയാണ്‌ സമ്മേളനത്തിന്റെ സംഘാടകര്‍. ടൈ ഒരുക്കുന്ന 4-ാം മത്തെ സമ്മേളനമാണിത്‌. കേരളത്തിനകത്തും പുറത്തുനിന്നുമായി രണ്ടായിരത്തിലധികം യുവസംരംഭകരും പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പുമായുള്ള സഹകരണത്തോടെയാണ്‌ ടൈക്കോണ്‍ കേരള സംഘടിപ്പിക്കുന്നത്‌. ഫെഡറല്‍ ബാങ്കാണ്‌ സമ്മേളനത്തിന്റെ മുഖ്യ അവതാരകര്‍. 
മെന്ററിങ്ങ്‌, നെറ്റ്‌വര്‍ക്കിങ്ങ്‌, എജ്യുക്കേഷന്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ യുവ തലമുറയെ തൊഴിലന്വേഷകരില്‍ നിന്ന്‌ സംരംഭകരും തൊഴില്‍ദാതാക്കളുമായി പരിവര്‍ത്തനം ചെയ്യാനും അതുവഴി രണ്ടായിരത്തി ഇരുപതോടെ ഒരു കുടുംബത്തില്‍ ഒരു വ്യവസായ സംരംഭകന്‍ എന്ന ആശയം സാക്ഷാത്‌കരിക്കാനുമാണ്‌ സമ്മേളനവും തുടര്‍നടപടികളും കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. 'പ്രതിസന്ധികള്‍ തരണം ചെയ്‌തുകൊണ്ട്‌ സംരംഭകത്വം' എന്നതാണ്‌ ഈ നാലാമത്‌ സമ്മേളനത്തിന്റെ പ്രമേയമെന്ന്‌്‌ ടൈകേരള പ്രസിഡന്റ്‌ ശ്രീ എ.വി. ജോര്‍ജ്ജ്‌ പറഞ്ഞു.
ആറ്‌ വേദികളിലായി നാല്‍പതു സെഷനുകളായാണ്‌ പരിപാടികള്‍ നടക്കുക. സംരംഭകര്‍, വ്യവസായികള്‍, പ്രൊഫഷണലുകള്‍, വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, മെന്റര്‍മാര്‍, മാനേജ്‌മെന്റ്‌ വിദഗ്‌ധര്‍ തുടങ്ങി നൂറിലധികം പ്രഭാഷകര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും. ഇന്‍ഫോസിസ്‌ സ്ഥാപകാംഗവും സീനിയര്‍ അഡ്‌വൈസറുമായ ക്രിസ്‌ ഗോപാലകൃഷ്‌ണന്‍, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്ക്‌ പ്രസിഡന്റ്‌ പദ്‌മജ രൂപരേല്‍, ഗോയിങ്ങ്‌ ടു സ്‌കൂള്‍ സ്ഥാപകയും ഡയറക്ടറുമായ ലിസ ഹെയ്‌ഡ്‌ലൊഫ്‌, പ്രശസ്‌ത ഹൃദ്രോഗ ശസ്‌ത്രക്രിയാ വിദഗ്‌ധനും, സംരംഭകനുമായ ഡോ.ശ്രീറാം നെനെ, യുവര്‍ സ്റ്റോറി മീഡിയ സ്ഥാപക ശ്രദ്ധ ശര്‍മ്മ, ഹെഡ്‌ ഹെല്‍ഡ്‌ ഹൈ സര്‍വ്വീസസ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ മദന്‍ പധകി, അപ്‌ഗ്രാഡ്‌ സ്ഥാപകനും സിഇഒയുമായ മായന്‍ക്‌ കുമാര്‍, ഗൂഗിള്‍ ബ്രാന്‍ഡ്‌ മാര്‍ക്കറ്റിങ്ങ്‌ തലവന്‍ ഗോപി കല്ലായില്‍, ഹോളിഡേ ഐക്യു സ്ഥാപകന്‍ ഹരി നായര്‍, പവര്‍ കമ്മ്യൂണിക്കേഷന്‍ സിഇഒ ജോസഫ്‌ പ്രഭാകര്‍, മള്‍ട്ടികോര്‍ വെയര്‍ ഇന്‍ക്‌ പ്രസിഡന്റ്‌ എ.ജി. കരുണാകരന്‍, മസാലാ ബോക്‌സ്‌ സ്ഥാപകയായ ഹര്‍ഷാ തച്ചേരി തുടങ്ങിയവരാണ്‌ പങ്കെടുക്കുന്നവരില്‍ പ്രമുഖര്‍.
യുവസംരംഭകര്‍ക്ക്‌ ബിസിനസ്‌ പ്ലാനുകള്‍ക്ക്‌ രൂപം നല്‍കാന്‍ സഹായിക്കുതോടൊപ്പം തന്നെ നല്ല പ്ലാനുകള്‍ അനുഭവ സമ്പരായ നിക്ഷേപകര്‍ക്കും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ക്കും മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കുന്ന പിച്ച്‌ ഫെസ്റ്റിവെല്‍, ഐഡിയ എക്‌സ്‌ചേഞ്ച്‌ സെഷന്‍ എന്നിവ സമ്മേളനത്തിന്റെ പ്രത്യേകതയാണ്‌. തിരഞ്ഞെടുത്ത സംരഭകര്‍ക്ക്‌ നുതന ആശയങ്ങളും, ഉല്‍പ്പന്നങ്ങളും സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ അവസരം ഒരുക്കുന്ന സ്‌റ്റാര്‍ട്ടപ്പ്‌്‌ പവലിയനുകളാണ്‌ മറ്റൊരു പ്രധാന ആകര്‍ഷണം. നിക്ഷേപകരേയും മെന്റര്‍മാരേയും ആകര്‍ഷിക്കാന്‍ നേരിട്ട്‌ അവസരമൊരുക്കുന്നതാണ്‌ പവലിയനുകള്‍. ഉന്നത നിലവാരം പുലര്‍ത്തുന്നവയ്‌ക്ക്‌ ക്യാഷ്‌ അവാര്‍ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ടെറുമോ പെന്‍പോള്‍, കേരള ഗവണ്‍മെന്റ്‌ സ്‌റ്റാര്‍ട്ടപ്പ്‌ മിഷന്‍, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ പിന്തുണയോെടയാണ്‌ സ്‌റ്റാര്‍ട്ടപ്പ്‌ പവലിയനുകള്‍ ഒരുങ്ങുന്നത്‌. 
സമ്മേളനത്തിന്റെ ഗുണഫലങ്ങള്‍ പരമാവധി യുവജനങ്ങളിലെത്തിക്കാന്‍ വിപുലമായ പ്രചരണ പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിട്ടുള്ളതെന്ന്‌ സംഘാടകര്‍ അറിയിച്ചു. സമ്മേളനത്തിനു മുന്നോടിയായി വിവിധ ജില്ലകളിലായി പ്രൊഫഷണല്‍ കോളേജുകള്‍, ഇന്‍ഫോപാര്‍ക്ക്‌, ടെക്‌നോപാര്‍ക്ക്‌, സ്‌പെഷ്യല്‍ എക്കണോമിക്‌ സോണുകള്‍ എന്നിവ കേന്ദ്രീകരിച്ച്‌ വരും ദിവസങ്ങളില്‍ റോഡ്‌ ഷോകള്‍ സംഘടിപ്പിക്കും. 
സമ്മേളനത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സംരംഭകര്‍ക്കും സ്‌റ്റാര്‍ട്ടപ്പ്‌ കമ്പനികള്‍ക്കും, പ്രൊഫഷണലുകള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. . www.tieconkerala.org , ഫോണ്‍ നമ്പര്‍: 9387522021 , ഇമെയില്‍: info@tiekerala.org എന്നിവ വഴി പ്രതിനിധികളായി രജിസ്‌റ്റര്‍ ചെയ്യാം. 
എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ വിങ്ങ്‌ കമാന്‍ഡര്‍ (Retd.) ശ്രീ.കെ.ചന്ദ്രശേഖരന്‍, മറ്റു സംഘാടകരായ ടൈ കേരളാ പ്രസിഡന്റ്‌ ശ്രീ. എ.വി. ജോര്‍ജ്ജ്‌, പ്രോഗ്രാം കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രാജേഷ്‌ നായര്‍, മുന്‍ പ്രസിഡന്റുമാരായ എസ്‌. ആര്‍. നായര്‍, ശിവദാസ്‌ മേനോന്‍, ചാര്‍ട്ടേഡ്‌ മെമ്പര്‍മാരായ കുര്യന്‍ എബ്രഹാം, ദീപക്‌ അസ്വാനി, പര്‍വീണ്‍ ഹാഫിസ്‌ , അലക്‌സ്‌ തോമസ്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
*****

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...