Wednesday, June 14, 2017

ഖത്തര്‍ എയര്‍വേയ്‌സിന്‌ വാര്‍ഷികലാഭത്തില്‍ 21.7 ശതമാനം വളര്‍ച്ച



കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ്‌ 2016-2017 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായത്തില്‍ 21.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വാര്‍ഷികവരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 10.4 ശതമാനം ഉയര്‍ന്നു. 
ആഗോള ഏവിയേഷന്‍ വ്യവസായരംഗത്ത്‌ ഇരുപത്‌ വര്‍ഷം പിന്നിടുന്ന ഖത്തര്‍ എയര്‍വേയ്‌സ്‌ വികസനത്തിന്റെയും പുതിയ നിക്ഷേപങ്ങളുടെയും തിരക്കിട്ട വര്‍ഷത്തിലാണ്‌ മികച്ച നേട്ടം കൈവരിച്ചത്‌. ഖത്തര്‍ എയര്‍വേയ്‌സിന്റെ അവെയ്‌ലബിള്‍ സീറ്റ്‌ കിലോമീറ്റര്‍ (എഎസ്‌കെ) 21.9 ശതമാനം വളര്‍ച്ചയുമായി 185,208 മില്ല്യണായി.
വികസനത്തിനും വളര്‍ച്ചയ്‌ക്കുമായി രൂപപ്പെടുത്തിയ പദ്ധതികളുടെ പ്രതിഫലനമാണ്‌ വാര്‍ഷികഫലമെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ ഗ്രൂപ്പ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ അക്‌ബര്‍ അല്‍ ബക്കര്‍ പറഞ്ഞു. ചെറിയൊരു പ്രദേശത്തുനിന്ന്‌ കഴിഞ്ഞ രണ്ട്‌ ദശകങ്ങള്‍കൊണ്ട്‌ ഏവിയേഷന്‍ രംഗത്തെ വന്‍ശക്തിയായി വളര്‍ന്നുവരാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്‌ കഴിഞ്ഞു. ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പേ ാള്‍ മികച്ച വാര്‍ഷികഫലം ലോകവുമായി പങ്കുവയ്‌ക്കുന്നതില്‍ സന്തോഷമുണ്ട്‌. പ്രതിബദ്ധതയുള്ള 43000-ത്തില്‍ അധികം ജീവനക്കാര്‍ ഒന്നിച്ചുചേര്‍ന്നുനിന്ന്‌ പരിശ്രമിക്കുന്നതിന്റെ വിജയമാണ്‌ ഖത്തര്‍ എയര്‍വേയ്‌സിന്റേതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 
2017 സാമ്പത്തികവര്‍ഷത്തില്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ സുപ്രധാനമായ നിക്ഷേപങ്ങളും പങ്കാളിത്തങ്ങളും അവതരിപ്പിച്ചിരുന്നു. പത്ത്‌ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്ക്‌ പുതിയ സര്‍വീസുകള്‍ തുടങ്ങുകയും ഓണ്‍-ബോര്‍ഡ്‌ ഉത്‌പന്നങ്ങളുടെ കാര്യത്തില്‍ പുതിയ മുന്നേറ്റങ്ങള്‍ നടത്തുകയും ചെയ്‌തു. ഖത്തര്‍ എയര്‍വേയ്‌സിന്റെ ആധുനിക വിമാനങ്ങളുടെ എണ്ണം ഇക്കാലത്ത്‌ 196 ആയി ഉയര്‍ന്നു. 
ലോകത്തിലെ ഏറ്റവും വലിയ എയര്‍ലൈന്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്‌ ഗ്രൂപ്പില്‍ (ഐഎജി) ഖത്തര്‍ എയര്‍വേയ്‌സിന്റെ ഓഹരിപങ്കാളിത്തം 2016 ജൂലൈയില്‍ 15.24 ശതമാനത്തില്‍നിന്ന്‌ 20.01 ശതമാനമായി വര്‍ദ്ധിപ്പിച്ചു. 2016 ഡിസംബറില്‍ ലാതാം എയര്‍ലൈന്‍ ഗ്രൂപ്പിന്റെ ഓഹരികളില്‍ പത്ത്‌ ശതമാനം ഖത്തര്‍ എയര്‍വേയ്‌സ്‌ സ്വന്തമാക്കി. 
ലണ്ടന്‍-ഹീത്രു-ദോഹ റൂട്ടില്‍ ഐഎജി സബ്‌സിഡിയറിയായ ബ്രിട്ടീഷ്‌ എയര്‍വേയ്‌സുമായി വരുമാനം പങ്കുവയ്‌ക്കുന്നതിനുള്ള കരാറിലേര്‍പ്പെട്ടതും കഴിഞ്ഞ സാമ്പത്തിവര്‍ഷത്തിലാണ്‌. കൂടാതെ ഫിന്‍എയര്‍, ഐബീരിയ, ശ്രീലങ്കന്‍, വ്യൂലിംഗ്‌, എയര്‍ ബോട്‌സ്വാന എന്നിവയുമായി കോഡ്‌ഷെയര്‍ പങ്കാളിത്തങ്ങളും ആരംഭിച്ചു. 
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ ഓസ്‌ട്രേലിയയിലെ അഡിലെയ്‌ഡ്‌, അമേരിക്കയിലെ അറ്റ്‌ലാന്റ, ന്യൂസിലാന്‍ഡിലെ ഓക്‌ലാന്‍ഡ്‌, ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി, തായ്‌ലന്‍ഡിലെ ക്രാബി, മൊറോക്കോയിലെ മരാക്കിഷ്‌, ഇറ്റലിയിലെ പിസ, സീഷെല്‍സിലെ മാഹി, നബീബിയയിലെ വിന്‍ധോക്ക്‌, അര്‍മീനിയയിലെ യെരവന്‍ എന്നീ പത്ത്‌ പുതിയ ലക്ഷ്യസ്ഥാനങ്ങളിലേയ്‌ക്കുള്ള സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ തുടങ്ങിയിരുന്നു. അടുത്ത വര്‍ഷം റിപ്പബ്ലിക്ക്‌ ഓഫ്‌ അയര്‍ലന്‍ഡിലെ ഡബ്ലിന്‍, യുഎസിലെ സാന്‍ ഫ്രാന്‍സിസ്‌കോ, ബ്രസീലിലെ റിയോ ഡി ജനീറോ, ചിലിയിലെ സാന്റിയാഗോ എന്നിങ്ങനെ 24 പുതിയ സ്ഥലങ്ങളിലേയ്‌ക്ക്‌ സര്‍വീസുകള്‍ ആരംഭിക്കുമെന്ന്‌ ഖത്തര്‍ എയര്‍വെയ്‌സ്‌ പ്രഖ്യപിച്ചിരുന്നു. 
മികച്ച വളര്‍ച്ചാലക്ഷ്യവുമായി വിമാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ച ഖത്തര്‍ എയര്‍വേയ്‌്‌സ്‌ 2017 മാര്‍ച്ച്‌ 31-ന്‌ ഏഴ്‌ എയര്‍ബസ്‌ എ380 വിമാനങ്ങളും 30 ബോയിംഗ്‌ 787 ഡ്രീംലൈനറുകളും 16 എയര്‍ബസ്‌ എ350-കളും അടക്കം 136 വിമാനങ്ങള്‍ സ്വന്തമാക്കിയിരുന്നു. മുന്നോട്ടുള്ള വളര്‍ച്ചയ്‌ക്കായി 2016 ഒക്ടോബറില്‍ ബോയിംഗുമായി 100 പുതിയ വിമാനങ്ങള്‍ വാങ്ങുന്നതിന്‌ ചരിത്രപരമായ കരാറിലേര്‍പ്പെട്ടു. 30 787-9 വിമാനങ്ങള്‍ക്കും 10 777-300ഇആര്‍ വിമാനങ്ങള്‍ക്കുമുള്ള ഉറച്ച വാഗ്‌ദാനവും 60 ബി737 മാക്‌സ്‌ 8 വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറും ഇതില്‍ ഉള്‍പ്പെടും.
2017 മാര്‍ച്ചില്‍ ഐടിബി ബെര്‍ളിനില്‍ ക്യൂസ്വീറ്റ്‌ എന്ന പേരില്‍ പുതിയ ബിസിനസ്‌ സീറ്റ്‌ അവതരിപ്പിച്ചു. പേറ്റന്റ്‌ നേടിയ ഈ രൂപകല്‍പ്പനയിലൂടെ പ്രീമിയം ക്ലാസ്‌ യാത്രക്കാര്‍ക്ക്‌ സുഖസൗകര്യങ്ങളുടെയും സ്വകാര്യതയുടെയും പുതിയ തലങ്ങള്‍ അവതരിപ്പിക്കുകയാണ്‌. ബിസിനസ്‌ ക്ലാസ്‌ കാബിനില്‍ പൂര്‍ണമായും കസ്റ്റമൈസ്‌ ചെയ്യാവുന്ന സ്വീറ്റുകള്‍ രണ്ട്‌ പേര്‍ക്കുവേണ്ടിയോ മൂന്നുപേര്‍ക്കുവേണ്ടിയോ നാല്‌ പേര്‍ക്കുവേണ്ടിയോ സജ്ജീകരിക്കാം. 
ഖത്തര്‍ എയര്‍വേയ്‌സിന്റെ വിജയത്തിന്റെ കാരണങ്ങളിലൊന്ന്‌ അതിന്റെ ഹബ്ബായ ഹമദ്‌ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ നല്‌കുന്ന പിന്തുണയാണ്‌. 2014-ല്‍ തുടക്കമിട്ട എയര്‍പോര്‍ട്ടില്‍ വര്‍ഷത്തില്‍ 38 ദശലക്ഷം യാത്രക്കാരാണ്‌ ഉപയോഗിക്കുന്നത്‌. രൂപകല്‍പ്പനയുടെയും കാര്യക്ഷമതയുടെയും തെളിവ്‌ എന്ന നിലയില്‍ ഈ നൂതന എയര്‍പോര്‍ട്ടിന്‌ 2017-ല്‍ സ്‌കൈട്രാക്‌്‌സ്‌ ലോക എയര്‍പോര്‍ട്ട്‌ അവാര്‍ഡുകളില്‍ ഫൈവ്‌ സ്റ്റാര്‍ എയര്‍പോര്‍ട്ട്‌ എന്ന പദവി നല്‌കിയിരുന്നു. മധ്യപൂര്‍വദേശത്ത്‌ ഈ പദവി ലഭിക്കുന്ന ആദ്യത്തെ എയര്‍പോര്‍ട്ടാണിത്‌. 
2017 ജൂണില്‍ സൗദി അറേബ്യ, ബഹറിന്‍, യുഎഇ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ഡിപ്ലോമാറ്റിക്‌ ബന്ധങ്ങള്‍ അവസാനിപ്പിച്ചിരുന്നു. ഈ രാജ്യങ്ങളിലേയ്‌ക്കുള്ള റോഡ്‌, കടല്‍, വിമാന മാര്‍ഗങ്ങള്‍ അടിച്ചിട്ടിരിക്കുകയാണ്‌. എന്നാല്‍, ഖത്തര്‍ എയര്‍വേയ്‌സ്‌ മറ്റുള്ള ശൃംഖലയില്‍ നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂള്‍ അനുസരിച്ച്‌ ഓപ്പറേഷണല്‍ വ്യാപാര കാര്യക്ഷമത ഉറപ്പുവരുത്തുന്ന രീതിയില്‍ ദൈനംദിന മാറ്റങ്ങളോടെ സര്‍വീസ്‌ നടത്തിവരികയാണ്‌. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...