കാർഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം സിഎംഎഫ്ആർഐക്ക്
രണ്ടാം തവണയാണ് സിഎംഎഫ്ആർഐക്ക് ഐസിഎആറിന്റെ ഉന്നത പുരസ്‌കാരം ലഭിക്കുന്നത്
കൊച്ചി: കാർഷിക-അനുബന്ധ മേഖലകളിലെ രാജ്യത്തെ ഏറ്റവും മികച്ച ഗവേഷണ സ്ഥാപനമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ കാർഷിക ഗവേഷണ കൗൺസിലിന്റെ (ഐസിഎആർ) ഏറ്റവും മികച്ച ഗവേഷണ സ്ഥാപനത്തിനുള്ള സർദാർ പട്ടേൽ പുരസ്‌കാരമാണ് സിഎംഎഫ്ആർഐക്ക് ലഭിച്ചത്. ഐസിഎആറിന്റെ ഏറ്റവും ഉന്നതമായ ഈ പുരസ്‌കാരം 10 ലക്ഷം രൂപയും പ്രശസ്തപത്രവും അടങ്ങുന്നതാണ്. 2014 മുതൽ 2019 വരെയുള്ള കാലയളവിൽ സമുദ്രമത്സ്യ ഗവേഷണ രംഗത്ത് നടത്തിയ സ്തുത്യർഹമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. രാജ്യത്തെ 110 ലധികമുള്ള ഐസിഎആറിന് കീഴിലെ കാർഷിക-അനുബന്ധ ഗവേഷണ സ്ഥാപനങ്ങളെ പിന്നിലാക്കിയാണ് സിഎംഎഫ്ആർഐ പട്ടികയിൽ ഒന്നാമതെത്തിയത്. ഇത് രണ്ടാം തവണയാണ് ഈ സുവർണ നേട്ടം സിഎംഎഫ്ആർഐയെ തേടിയെത്തുന്നത്. നേരത്തെ ലഭിച്ചത് 2007ലായിരുന്നു.
കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി, വിത്തുൽപാദനം തുടങ്ങി സമുദ്രകൃഷിരീതികളുമായി ബന്ധപ്പെട്ട ഗവേഷണപ്രവർത്തനങ്ങളാണ് ഇത്തവണ സിഎംഎഫ്ആർഐക്ക് ഈ നേട്ടം കരസ്ഥമാക്കാൻ വഴിയൊരുക്കിയത്. മത്സ്യത്തൊഴിലാളികളുടെ വരുമാനം കൂട്ടാൻ ഇത് വഴിയൊരുക്കി. കൂടാതെ, കടൽജൈവവൈവിധ്യത്തിൽ നിന്നുമുള്ള ഔഷധനിർമാണവുമായി (ന്യൂട്രാസ്യൂട്ടിക്കൽ) ബന്ധപ്പെട്ട ഗവേഷണങ്ങളിലൂടെയും ഇക്കാലയളവിൽ സിഎംഎഫ്ആർഐ ശ്രദ്ധേയമായി. പ്രമേഹം, സന്ധിവേദന, അമിതവണ്ണം, തൈറോയിഡ്, അമിതരക്തസമർദം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഉൽപന്നങ്ങളാണ് സിഎംഎഫ്ആർഐ പുറത്തിറക്കിയത്. സമുദ്രമത്സ്യ സമ്പത്തിന്റെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടുള്ള നയരൂപീകരണങ്ങൾക്ക് വേണ്ടി സിഎംഎഫ്ആർഐ നടത്തിയ ശ്രമങ്ങളും ഈ നേട്ടത്തിന് സഹായകരമായി. ദേശീയ കൂടുമത്സ്യ കൃഷി നയം, ചെറുമീനുകളെ പിടിക്കുന്നതിന് തടയിടുന്ന മിനിമം ലീഗൽ സൈസ് (എംഎൽഎസ്) അടക്കമുള്ള സിഎംഎഫ്ആർഐയുടെ പഠനനിർദേശങ്ങൾ മത്സ്യമേഖലയ്ക്ക മുതൽക്കൂട്ടായിരുന്നു.
ഐസിഎആറിന് കീഴിലുള്ള വലിയ സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് സിഎംഎഫ്ആർഐക്ക് മികച്ച സ്ഥാപനത്തിനുള്ള പുരസ്‌കാരം ലഭിച്ചത്. മുംബൈയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്് ഫോർ റിസർച്ച് ഓൺ കോട്ടൺ ടെക്നോളജി ചെറിയ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ പുരസ്‌കാരത്തിനർഹമായി. ഉത്തരാഖണ്ഢിലെ ഗോവിന്ദ് ബല്ലഭ് പന്ത് കാർഷിക-സാങ്കേതിക സർവകലാശാലയാണ് കാർഷിക സർവകലാശാലയുടെ വിഭാഗത്തിൽ പുരസ്‌കാരം നേടിയത്.
No comments:
Post a Comment