Wednesday, July 15, 2020

ബയോഫ്‌ളോക്ക് മത്സ്യകൃഷി കേരളത്തില്‍ പ്രചരിപ്പിക്കും




കൊച്ചി - കേരളത്തിന്റെ മത്സ്യോല്‍പാദനം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ വിട്ടുമുറ്റങ്ങളിലെ ബയോഫ്‌ളോക്ക് മത്സ്യകൃഷിക്ക് കഴിയുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ദേശിയ മത്സ്യകര്‍ഷക ദിനാചരണത്തോട് അനുബന്ധിച്ച്  കേരള ഫിഷറീസ്-സമുദ്രപഠന സര്‍വ്വകലാശാലയില്‍ (കുഫോസ്)  ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച കര്‍ഷകര്‍ക്കായുള്ള ബയോഫ്‌ളോക്ക് മത്സ്യകൃഷി പരിശീലന പരിപാടി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെ.മേഴ്‌സിക്കുട്ടിയമ്മ. ബയോഫ്‌ളോക്ക് മത്സ്യകൃഷിയില്‍ കേരളത്തിന് വലിയ പ്രതീക്ഷയുണ്ട്. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ചിങ്ങം ഒന്നിന് കര്‍ഷക ദിനത്തില്‍ സംസ്ഥാന വ്യാപകമായി ബയോഫ്‌ളോക്ക് യൂണിറ്റുകള്‍ നിലവില്‍ വരുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. ബയോഫ്‌ളോക്ക് യൂണിറ്റുകള്‍ക്ക് വേണ്ട മത്സ്യക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനായി മലമ്പുഴ, കുളുത്തൂപ്പുഴ, വരാപ്പുഴ എന്നിവിടങ്ങളില്‍ വ്യവസായിക അടിസ്ഥാനത്തിലുള്ള ഹാച്ചറികള്‍ തുടങ്ങുമെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഫിഷറീസ് വകുപ്പ് സെക്രട്ടറിയും കുഫോസ് വൈസ് ചാന്‍സലറുമായ റ്റിങ്കു ബിശ്വാള്‍ ഐ.എ.എസ്
 അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം.ജി.രാജമാണിക്യം ഐ.എ.എസ്  മുഖ്യപ്രഭാഷണം നടത്തി.  കുഫോസ് രജിസ്ട്രാര്‍ ഡോ.ബി.മനോജ്കുമാര്‍ സ്വാഗതവും ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്നേഷ്യഷ് മണ്‍റോ നന്ദിയും പറഞ്ഞു.


കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ.ദേവിക പിള്ളയുടെ നേതൃത്വത്തില്‍ നടക്കുന്ന നാല് ദിവസത്തെ ബയോഫ്‌ളോക്ക്  കര്‍ഷകപരിശീലനത്തില്‍ തെരഞ്ഞെുത്ത 20 കര്‍ഷകരാണ് പങ്കെടുക്കുന്നത്. പരിശീലന പരിപാടിയില്‍ ഓണ്‍ലൈനായി കേരളത്തിന്റെ ഏത് ഭാഗത്തുള്ള കര്‍ഷകനും പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്

No comments:

Post a Comment

10 APR 2025