അതിരപ്പിള്ളി, വാഴച്ചാൽ, ചാർപ്പ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർക്ക് ഇനി അപകട, അപകട മരണ ഇൻഷുറൻസ് ആനുകൂല്യം ലഭിക്കും. വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനിടെ അപകടങ്ങളിൽ മരിക്കുന്നവർക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്ന ഇൻഷുറൻസ് പദ്ധതിക്കു തുടക്കമായി.
30 പേർക്കാണ് ഓരോ വർഷവും ഇതിന്റെ പ്രയോജനം ലഭിക്കുക. വാഴച്ചാൽ വനവികസന ഏജൻസിയുടെ നേതൃത്വത്തിലാണ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അപകടം പറ്റുന്നവർക്ക് 3000 രൂപയുടെ ഇൻഷുറൻസ് ആനുകൂല്യം നൽകും. കൂടാതെ അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിലെത്തിക്കാൻ വാഹന ചെലവ് ഇനത്തിൽ 500 രൂപയും നൽകും. ഓരോ വർഷവും ആദ്യത്തെ 28 പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
മുൻ വർഷങ്ങളിലെ കണക്കു പ്രകാരം അപകടങ്ങളുടെയും മരണങ്ങളുടെയും എണ്ണം ഇതിലും കുറവാണ്. അതിനാൽ തന്നെ അപകടങ്ങളിൽ പെടുന്ന മുഴുവൻ പേർക്കും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. വനസംരക്ഷണ സമിതിയുടെ പരിധിയിൽ വരുന്ന വിനോദസഞ്ചാര മേഖലയിൽ നടക്കുന്ന അപകടങ്ങളിൽ മാത്രമെ ധനസഹായം ലഭിക്കുകയുള്ളൂ. ഒാരോ മാസവും 70,000 പേർ സന്ദർശനം നടത്തുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കമ്പനി റീജനൽ മാനേജർ വി.ആർ. രാമചന്ദ്രനിൽ നിന്ന് പോളിസി സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ചാർപ്പ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.എസ്. സദാനന്ദൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വനസംരക്ഷണ സമിതി പ്രസിഡന്റ് പി.കെ. ഇന്ദിര അധ്യക്ഷത വഹിച്ചു.
വനസംരക്ഷണ സമിതി അംഗങ്ങൾക്കും ഇൻഷുറൻസ് ആനുകൂല്യം നൽകും. ഇവരുടെ വേതനം ബാങ്ക് അക്കൗണ്ട് വഴിയാക്കി. അതിരപ്പിള്ളിയിൽ എടിഎം കൗണ്ടർ ഉടൻ പ്രവർത്തനസജ്ജമാകുന്നതോടെ വേതനം ലഭിക്കുന്നതിലെ താമസത്തിനു പരിഹാരമാകും. ആദിവാസികൾക്കായി വാഴച്ചാൽ വനവികസന ഏജൻസിയുടെ നേതൃത്വത്തിൽ വാഴച്ചാൽ വനംവകുപ്പിന്റെ ഡോർമിറ്ററിയിൽ കരിയർ ഗൈഡൻസ്, പിഎസ്‌സി പരീക്ഷ പരിശീലന പദ്ധതി ആരംഭിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഓരോ മണിക്കൂർ വീതമായിരിക്കും ക്ലാസുകൾ. വനംവകുപ്പിലെ ഉദ്യോഗസ്ഥർ നേതൃത്വം നൽകുമെന്നു ചാർപ്പ റേഞ്ച് ഓഫിസർ ഇ.എസ്. സദാനന്ദൻ അറിയിച്ചു.
വനസംരക്ഷണ സമിതി അംഗങ്ങളെ പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിൽ ചേർത്തതിന്റെ പ്രഖ്യാപനം ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ എൻ. രാജേഷ് നിർവഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൽസരം, ഓണക്കിറ്റ് വിതരണം, കലാപരിപാടികൾ, ഓണസദ്യ, ഊരുസന്ദർശനം എന്നിവ നടത്തി. പഞ്ചായത്ത് അംഗം ദേവി സത്യൻ, ഊരുമൂപ്പത്തി വി.കെ. ഗീത, എഫ്ഡിഎ ഡിവിഷനൽ കോ–ഓർഡിനേറ്റർ കെ.എസ്. അരുൺകുമാർ, വനസംരക്ഷണ സമിതി സെക്രട്ടറി എം.എൻ. ഷൈമോൻ എന്നിവർ പ്രസംഗിച്ചു.
No comments:
Post a Comment