Tuesday, September 1, 2015

മുത്തൂറ്റ്‌ ഫിനാന്‍സ്‌ ലിമിറ്റഡ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡ്‌ രൂപീകരിച്ചു




കൊച്ചി: രാത്രി കാലങ്ങളില്‍ തങ്ങളുടെ ശാഖകളിലെ സുരക്ഷിതത്വം കൂടുതല്‍ ശക്തമാക്കുന്നതിനായി മുത്തൂറ്റ്‌ ഫിനാന്‍സ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡിന്‌ രൂപം നല്‍കി. ഈ സ്‌ക്വാഡുകള്‍ രാത്രികാലങ്ങളില്‍ കമ്പനിയുടെ ശാഖകള്‍ സന്ദര്‍ശിച്ചാവും അധിക സുരക്ഷിതത്വം ഉറപ്പാക്കുക. 
ബാങ്ക്‌ ഇതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ്‌ ഫിനാന്‍സിന്റെ ശാഖകളില്‍ സൂക്ഷിക്കുന്ന ഉപഭോക്താക്കളുടെ സ്വര്‍ണം അടക്കമുള്ളവയ്‌ക്ക്‌ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ്‌ ഈ പുതിയ സംവിധാനം ഒരുക്കുന്നത്‌. കവര്‍ച്ചക്കാര്‍ കൂട്ടത്തോടെ എത്തുന്നതു പോലുള്ള സംഭവങ്ങളില്‍ പോലും കൂടുതല്‍ മെച്ചപ്പെട്ട സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഈ പുതിയ സംവിധാനം സഹായിക്കും. രാത്രി കാവല്‍ക്കാര്‍, ശാഖകളില്‍ സുരക്ഷാ അലാം തുടങ്ങി നിലവിലുള്ള സംവിധാനങ്ങള്‍ക്കു പുറമേയാണ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക. വിദൂര കേന്ദ്രങ്ങളിലുള്ള ശാഖകള്‍ക്കു പോലും ഏറ്റവും മെച്ചപ്പെട്ട സുരക്ഷ ഉറപ്പാക്കാന്‍ ഇതിലൂടെ സാധ്യമാകും. 

സുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായുള്ള സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്‌. മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ രാത്രി കാലങ്ങളില്‍ തങ്ങള്‍ക്കു കീഴിലുള്ള ശാഖകള്‍ സന്ദര്‍ശിക്കും. 

സുരക്ഷിതത്വം സംബന്ധിച്ച്‌ ഏറ്റവും ഉന്നത നിലവാരം കാത്തു സൂക്ഷിക്കാനാണ്‌ തങ്ങള്‍ മുത്തൂറ്റ്‌ ഫിനാന്‍സില്‍ ശ്രമിക്കുന്നതെന്ന്‌ മുത്തൂറ്റ്‌ ഫിനാന്‍സ്‌ മാനേജിങ്‌ ഡയറക്‌ടര്‍ ജോര്‍ജ്ജ്‌ അലക്‌സാണ്ടര്‍ മുത്തൂറ്റ്‌ ഇതേക്കുറിച്ചു സംസാരിക്കവെ ചൂണ്ടിക്കാട്ടി. മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകളുടെ രൂപീകരണത്തോടെ തങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പുതിയൊരു നിലവാരത്തിലേക്ക്‌ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോഷണങ്ങള്‍ക്ക്‌ ഇടയാകുന്ന സാഹചര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളത്തിലും തമിഴ്‌നാട്ടിലുമായി കമ്പനിയുടെ 1371 ശാഖകള്‍ നിരീക്ഷിക്കാനായി സെപ്‌റ്റംബര്‍ ഒന്നു മുതലാണ്‌ മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ രംഗത്തെത്തുക. അടുത്ത ഘട്ടത്തില്‍ കര്‍ണാടക, ആന്ധ്രാ പ്രദേശ്‌, തെലുങ്കാന എന്നിവിടങ്ങളിലേക്കും ഇതു വ്യാപിപ്പിക്കും. 

മൂന്ന്‌ അംഗങ്ങള്‍ ഉള്ള ഈ സംഘം നാലു ചക്ര വാഹനങ്ങളില്‍ ശാഖകള്‍ സന്ദര്‍ശിക്കുകയും സുരക്ഷ സംബന്ധിച്ച പരിശോധനകള്‍ നടത്തുകയും ചെയ്യും. സംഘങ്ങളിലുള്ള ഗാര്‍ഡുകള്‍ക്കും ഡ്രൈവര്‍ക്കും ഫലപ്രദമായ സുരക്ഷാ ജോലികള്‍ നിര്‍വ്വഹിക്കുന്നതിനു പരിശീലനം നല്‍കിയിട്ടുണ്ട്‌. ശാഖകളില്‍ നിന്നു ലഭിക്കുന്ന അലാറം അലര്‍ട്ട്‌ കോളുകള്‍ക്ക്‌ പ്രതികരിക്കാനും വേണ്ട നടപടികള്‍ എടുക്കാനും ഈ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്‌. ജി.പി.എസ്‌. സംവിധാനം ഘടിപ്പിച്ചിട്ടുള്ള ഈ സംഘങ്ങളുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്നത്‌ നിരീക്ഷിക്കാനും സംവിധാനമുണ്ട്‌. 

ശാഖകളില്‍ ഘടിപ്പിച്ചിട്ടുള്ള അത്യാധുനിക അലാം സംവിധാനം അകത്തും പുറത്തും ചെറിയ തോതിലുള്ള നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും അത്‌ കണ്ടു പിടിക്കുകയും സ്വയം അലാം പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും. ഇതിന്റെ കേന്ദ്രീകൃത നിയന്ത്രണ സംവിധാനം അപകടസൂചന മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡിനെ നിരീക്ഷിക്കുന്ന കണ്‍ട്രോള്‍ സെന്ററിനെ അറിയിക്കുകയും ചെയ്യും. അവിടെ നിന്നു ക്ലസ്റ്ററുകളിലുള്ള സ്‌ക്വാഡിന്‌ വിവരം ലഭിക്കുകയും മിനിറ്റുകള്‍ക്കുള്ളില്‍ അവര്‍ ശാഖയിലെത്തുകയും ചെയ്യും. ഇതു വഴി ക്രിമിനലുകളുടെ നീക്കങ്ങള്‍ തടയാനാവും. തങ്ങളുടെ സഞ്ചാരത്തിനിടെ ദൃശ്യമാകുന്ന സംശയകരമായ നീക്കങ്ങള്‍ പോലീസിനെ അറിയിച്ച്‌ മറ്റു കുറ്റകൃത്യങ്ങളും മോഷണങ്ങളും തടയാനും മൊബൈല്‍ സര്‍വൈലന്‍സ്‌ സ്‌ക്വാഡുകള്‍ക്കു കഴിയും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...