Friday, November 6, 2015

മൊബൈല്‍ ബാങ്കിംഗില്‍ ഐസിഐസിഐ ബാങ്ക്‌ മുന്നില്‍




കൊച്ചി: മൊബൈല്‍ ബാങ്കിംഗില്‍ മറ്റു ബാങ്കുകളെ പിന്തള്ളി ഐസിഐസിഐ ബാങ്ക്‌ മുന്നില്‍. ജൂലൈയില്‍ 6,800 കോടി രൂപയുടെ ഇടപാടുകളാണ്‌ ബാങ്കിന്റെ മൊബൈല്‍ ബാങ്കിംഗ്‌ സംവിധാനത്തിലൂടെ നടത്തിയത്‌. ജൂലൈയിലെ ഇടപാടുകളുടെ എണ്ണം 53.2 ലക്ഷമാണ്‌.
ഐസിഐസിഐ ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഐ- മൊബൈല്‍ അടുത്തയിടെ നവീകരിച്ചു പുറത്തിറക്കിയതാണ്‌ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്ന്‌. നടപ്പുവര്‍ഷം മൊബൈല്‍ ബാങ്കിംഗിലൂടെ 80,000 കോടി രൂപയുടെ ഇടപാടുകളാണ്‌ ലക്ഷ്യം വച്ചിട്ടുള്ളത്‌. 
ഭവന വായ്‌പ കമ്പനിയായ എച്ച്‌ഡിഎഫ്‌സി 6461 കോടി രൂപയുടെ ഇടപാടു നടത്തിരണ്ടാം സ്ഥാനത്തെത്തി. ബാങ്കിംഗ്‌ മേഖലയില്‍നിന്നുള്ള ആക്‌സിസ്‌ ബാങ്ക്‌ ജൂലൈയില്‍ 2590 കോടി രൂപയുടെ ഇടപാടു നടത്തിയപ്പോള്‍ കോട്ടക്‌ ബാങ്ക്‌ 1713 കോടി രൂപയുടേയും സിറ്റി ബാങ്ക്‌ 474 കോടി രൂപയുടേയും മൊബൈല്‍ ബാങ്കിംഗ്‌ ഇടപാടു നടത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐയുടെ മൊബൈല്‍ ബാങ്കിംഗ്‌ ഇടപാട്‌ ജൂലൈയില്‍ 1907 കോടി രൂപയുടേതാണ്‌.
മൊബൈലിലൂടെ നടത്തിയ ഇടപാടുകളുടെ എണ്ണത്തില്‍ എസ്‌ബിഐയാണ്‌ മുന്നില്‍. ബാങ്ക്‌ രേഖപ്പെടുത്തിയത്‌ 80.8 ലക്ഷം ഇടപാടുകളാണ്‌. ആക്‌സിസ്‌ ബാങ്ക്‌ 32.6 ലക്ഷവും കോട്ടക്‌ ബാങ്ക്‌ 11.9 ലക്ഷവും ഇടപാടുകള്‍ രജിസ്റ്റര്‍ ചെയ്‌തു. എച്ച്‌ഡിഎഫ്‌സി 21 ലക്ഷം ഇടപാടുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.
റിസര്‍വ്‌ ബാങ്കിന്റെ കണക്കുകളനുസരിച്ച്‌ 2014-15-ല്‍ ഐസിഐസിഐ ബാങ്ക്‌ മൊബൈല്‍ ബാങ്കിംഗിലൂടെ നടത്തിയ ഇടപാടുകള്‍ 16,000 കോടി രൂപയുടേതാണ്‌. നടപ്പുവര്‍ഷത്തിന്റെ ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ബാങ്ക്‌ ഈ ലക്ഷ്യം മറി കടന്നിരുന്നു.
സ്വന്തമായി പേമെന്റ്‌ ഗേറ്റ്‌വേയുള്ള ഏകബാങ്കായ ഐസിഐസിഐ ബാങ്ക്‌ മൊബൈല്‍ ബാങ്കിംഗ്‌ ഇടപാടില്‍ വന്‍ വിജയം കൈവരിച്ചിരിക്കുകയാണെന്നു ബാങ്കിന്റെ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ രാജീവ്‌ സബര്‍വാള്‍ പറഞ്ഞു. സ്വന്തമായി പേമെന്റ്‌ ഗേറ്റ്‌വേ ഉള്ളതിനാല്‍ ഇടപാടുകാരുടെ ആവശ്യത്തിനനുസരിച്ചുള്ള ആപ്‌ളിക്കേഷനുകള്‍ ലഭ്യമാക്കുവാന്‍ ബാങ്കിനു കഴിയുന്നുണ്ട്‌. മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിനേക്കാള്‍ 700 ശതമാനം വളര്‍ച്ചയാണ്‌ ഷോപ്പിംഗിലുണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഐ-മൊബൈല്‍ ആപ്‌ളിക്കേഷന്‍ വഴി നൂറ്റിയിരുപത്തിയഞ്ചോളം സേവനങ്ങളാണ്‌ ബാങ്ക്‌ ഇടപാടുകാര്‍ക്കു മുമ്പില്‍ എത്തിച്ചിട്ടുള്ളത്‌. ഫണ്ട്‌ ട്രാന്‍സ്‌ഫര്‍ മുതല്‍ പ്രീപെയ്‌ഡ്‌ മൊബൈല്‍ റീച്ചാര്‍ജ്‌ വരെയുള്ള സേവനങ്ങള്‍ ഇതിലുള്‍പ്പെടുന്നു. വിദേശനാണ്യ വിനിമയം, മ്യൂച്വല്‍ ഫണ്ട്‌ വാങ്ങല്‍ തുടങ്ങിയവ ഐ-മൊബൈലിലൂടെ നടത്താം.
ബാങ്കിന്റെ ഇടപാടുകളുടെ 60 ശതമാനത്തോളം ഇന്റര്‍നെറ്റ്‌, മൊബൈല്‍ ബാങ്കിംഗ്‌ വഴിയാണിപ്പോള്‍. മാത്രവുമല്ല മൊബൈല്‍ ബാങ്കിംഗിലൂടെ സംഭവിക്കുന്ന ഇടപാടുകളില്‍ പകുതിയിലധികവും രാജ്യത്തെ 20 മുന്‍നിര നഗരങ്ങള്‍ക്കു പുറത്തുനിന്നുമാണെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്തെ ആദ്യ ഡിജിറ്റല്‍ ബാങ്കായ `പോക്കറ്റ്‌സും' മൊബൈല്‍ ബാങ്കിന്റെ ദ്രുത വളര്‍ച്ചയ്‌ക്കു സഹായകമായിട്ടുണ്ട്‌. ഡിജിറ്റല്‍ വാലറ്റായ പോക്കറ്റ്‌ ഇതുവരെ 25 ലക്ഷം പേരാണ്‌ ഡൗണ്‍ലോഡ്‌ ചെയ്‌തത്‌. ഇതില്‍ 70 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ ഇടപാടുകാരല്ല. പോക്കറ്റ്‌ ഉപയോക്തക്കള്‍ക്കായി ബാങ്ക്‌ എം-വിസ എന്ന പേരില്‍ മൊബൈല്‍ പേമെന്റ്‌ സൊലൂഷനും പുറത്തിറക്കിയിരുന്നു. ഇതുപയോഗിച്ച്‌ പോക്കറ്റ്‌ ഉപയോക്താക്കള്‍ക്കു സ്‌മാര്‍ട്ട്‌ഫോണ്‍ വഴി കാഷ്‌ലെസ്‌ പേമെന്റ്‌ നടത്താന്‍ കഴിയും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...