Friday, July 11, 2014

വ്യവസായ മേഖലയില്‍ ഉണര്‍വും ഭേദപ്പെട്ട വേതന വര്‍ദ്ധനാ നിരക്കും പഠന റിപ്പോര്‍ട്ട്‌



കൊച്ചി: രാജ്യത്ത്‌ വ്യവസായാധിഷ്‌ഠിതമായ തൊഴില്‍ മേഖലകളില്‍ ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കാവുന്ന ശരാശരി വേതന വര്‍ദ്ധന 5-14 ശതമാനമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. അതി വിദഗ്‌ധരുടെ കാര്യത്തില്‍ ഇത്‌ 20 ശതമാനത്തിലേറെയാകാനും സാധ്യതയുണ്ട്‌. ബാംഗ്‌ളൂര്‍ ആസ്ഥാനമായി റിക്രൂട്ട്‌മെന്റ്‌ രംഗത്തും മാനവശേഷി വികസന പ്രവര്‍ത്തനങ്ങളിലും മികവു തെളിയിച്ച പ്രമുഖ സ്ഥാപനമായ ടീംലീസ്‌ ആണ്‌ വിശദ പഠനത്തിന്റെ അനുബന്ധമായി റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌. രാജ്യത്ത്‌ ഈ വര്‍ഷം 11.3 % ഉദ്യോഗ വര്‍ദ്ധനയുണ്ടാകുമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മുംബൈ,ഡല്‍ഹി, പൂനെ, ബാംഗ്‌ളൂര്‍, ചെന്നൈ, കൊല്‍ക്കത്ത, ചണ്ഡിഗര്‍, അഹമ്മദാബാദ്‌, ഹൈദരാബാദ്‌ നഗരങ്ങള്‍ കേന്ദ്രീകരിച്ചു തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ മറ്റു നിഗമനങ്ങള്‍:
ഊര്‍ജ്ജ വ്യവസായ രംഗത്തായിരിക്കും ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള വേതന വര്‍ദ്ധന-13.5%. വിവര സാങ്കേതിക, വിജ്ഞാന സേവന മേഖലകളില്‍ 12% വേതന വര്‍ദ്ധന പ്രതീക്ഷിക്കാം. ഗാര്‍ഹികോപകരണങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും വില്‍പന, നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ്‌ മേഖല, മാധ്യമ-വിനോദ മേഖല, റീട്ടെയ്‌ല്‍ വിപണനം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുകളിലേര്‍പ്പട്ടിരിക്കുന്നവരുടെ വേതന നിരക്കുകളില്‍ പത്തു ശതമാനത്തിലേറെ ഉയര്‍ച്ചയുണ്ടാകാം. വേതന നിരക്കു വര്‍ദ്ധനയുടെ കാര്യത്തില്‍ ബാംഗ്‌ളൂരിനാണ്‌ ഒന്നാം സ്ഥാനം. 15ല്‍ 7 വ്യവസായങ്ങളിലും ഒന്നാമതാണ്‌ ബാംഗ്‌ളൂര്‍. ഈ വിഷയത്തില്‍ രണ്ടാം സ്ഥാനമുണ്ടായിരുന്ന ഡല്‍ഹി ഇപ്പോള്‍ അഞ്ചാം സ്ഥാനത്തേക്കാണു താഴ്‌ന്നിരിക്കുന്നത്‌. ചണ്ഡിഗഡും അഹമ്മദാബാദും ഓരോ വ്യവസായത്തിന്റെ കാര്യത്തില്‍ വീതം മുന്നിട്ടുനില്‍ക്കുന്നു. പഠനവിധേയമായ 15 വ്യവസായങ്ങളില്‍ പത്തെണ്ണം വളര്‍ച്ചയുടെ പാതയിലാണ്‌. ഇവയുടെ വളര്‍ച്ചാനിരക്ക്‌ 8% മുതല്‍ 15% വരെയുണ്ട്‌. ഇതിന്റെ ഫലമായി ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന ഉദ്യോഗ വര്‍ദ്ധനാ നിരക്ക്‌ 11.3 %.
അഗ്രോ കെമിക്കല്‍ മേഖലയില്‍ സേഫ്‌റ്റി ഓഫീസര്‍, ഗാര്‍ഹിക വസ്‌തു വിപണന രംഗത്ത്‌ സാപ്‌ കണ്‍സള്‍ട്ടന്റ്‌, ബാങ്കിംഗ്‌-ഇന്‍ഷുറന്‍സ്‌- സാമ്പത്തിക നിക്ഷേപ രംഗങ്ങളില്‍ ബിസിനസ്‌ അനലിസ്റ്റ്‌, വാര്‍ത്താ വിനിമയ രംഗത്ത്‌ നെറ്റ്‌വര്‍ക്ക്‌ ആര്‍ക്കിടെക്‌റ്റ്‌ തുടങ്ങി പ്രത്യേക വൈദഗ്‌ധ്യം സ്വന്തമായുള്ളവര്‍ക്ക്‌ വളരെ ഉയര്‍ന്ന വേതനത്തിനുള്ള സാധ്യത സുലഭം.
കഴിഞ്ഞ 24 മാസമായി തൊഴില്‍ മേഖലയിലെ ശുഭാപ്‌തി വിശ്വാസം അതിജാഗ്രതയുടെ അയവില്ലാത്ത പരിധിയില്‍ ശ്വാസം മുട്ടുകയായിരുന്നുവെന്ന്‌ റിപ്പോര്‍ട്ട്‌ അവലോകനം ചെയ്‌തുകൊണ്ട്‌ ടീംലീസ്‌ സര്‍വീസസിന്റെ സഹസ്ഥാപകനും സീനിയര്‍ വൈസ്‌ പ്രസിഡന്റുമായ റിതുപര്‍ണ ചക്രവര്‍ത്തി പറഞ്ഞു. പുതിയ സര്‍ക്കാരിന്റെ ഉദയമുള്‍പ്പെടെയുള്ള ചില അനുകൂല ഘടകങ്ങളാല്‍ അടുത്ത 12 മാസക്കാലം ഈയവസ്ഥ മാറിവരുമെന്ന്‌ അദ്ദേഹം ആത്മ വിശ്വാസം പ്രകടിപ്പിച്ചു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...