Monday, May 2, 2016

ഓട്ടോ ഷ്‌റെഡിംഗിന്‌ മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ -എംഎസ്‌ടിസി ധാരണയില്‍




കൊച്ചി: രാജ്യത്തെ ആദ്യത്തെ ഓട്ടോ ഷ്‌റെഡിംഗ്‌ കേന്ദ്രം (പഴയ വാഹനങ്ങള്‍ ശാസ്‌ത്രീയമായി പൊളിക്കുന്നതിനു സൗകര്യമൊരുക്കുന്ന കേന്ദ്രം) സ്ഥാപിക്കുന്നതിന്‌ ഓട്ടോ മോട്ടീവ്‌ സ്റ്റീല്‍ സര്‍വീസ്‌ സെന്ററുകള്‍ നടത്തുന്ന മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ പൊതുമേഖല സ്ഥാപനമായ എംഎസ്‌ടിസിയുമായി (പഴയ പേര്‌ മെറ്റല്‍ സ്‌ക്രാപ്‌ ട്രേഡിംഗ്‌ കോര്‍പറേഷന്‍) ധാരണാപത്രം ഒപ്പുവച്ചു.
കേന്ദ്ര ഉരുക്കു-ഖനി മന്ത്രി നരേന്ദ്ര സിംഗ്‌ തോമര്‍, കേന്ദ്ര സ്റ്റീല്‍ സെക്രട്ടറി അരുണ സുന്ദരരാജന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ ധാരണാപത്രം ഒപ്പിട്ടത്‌.
പഴയ വാഹനങ്ങള്‍ പൊളിക്കുന്നത്‌ ജോലികള്‍ പ്രധാനമായും അസംഘടിത മേഖലയിലാണ്‌ ചെയ്‌തുവരുന്നത്‌. അതും വളരെ അശാസ്‌ത്രീയമായിട്ടാണ്‌ ഇക്കാര്യം നടത്തി വരുന്നത്‌. പ്രത്യേകിച്ചും ഗ്രാമീണ, അര്‍ധനഗരമേഖലകളില്‍. പഴയ വാഹനങ്ങള്‍ ഇത്തരത്തില്‍ പൊളിക്കുന്നതു പരിസ്ഥിതിക്കു ദോഷകരമാണ്‌. ഇങ്ങനെ പൊളിക്കുന്ന വാഹനങ്ങളുടെ പുനരുപയോഗവും കുറവാണ്‌. ശേഷിക്കുന്ന അവശിഷ്‌ടങ്ങള്‍ ഭൂമി നികത്തുന്നതിലാണ്‌ ചെന്നെത്തുന്നത്‌. നിര്‍ദ്ദിഷ്‌ഠ കേന്ദ്രം പൂര്‍ണമായും ഓട്ടോമാറ്റിക്കാണെന്നു മാത്രമല്ല പൂര്‍ണമായും റീസൈക്കിളിംഗിനും വിധേയമായിരിക്കും.
``മഹീന്ദ്ര ഇന്റര്‍ട്രേഡുമായി ഇത്തരമൊരു പദ്ധതിയില്‍ സഹകരിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്‌. സ്‌ക്രാപ്‌ റീസൈക്കിളിംഗിനും അതുവഴി പരിസ്ഥിതി സംരക്ഷണത്തിനും എംഎസ്‌ടിസി നവീനമായ വഴികള്‍ എപ്പോഴും സ്വീകരിച്ചുപോരുന്നു. ഈ സൗകര്യം ഇന്ത്യയുടെ കാര്‍ബണ്‍ പ്രസരം കുറയ്‌ക്കാന്‍ സഹായിക്കും'' എംഎസ്‌ടിസി ചെയര്‍മാനും മാനേജിംഗ്‌ ഡയറക്‌ടറുമായ എസ്‌ കെ ത്രിപാഠി പറഞ്ഞു.
`` പാശ്ചാത്യ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പഴയ വാഹനങ്ങള്‍ ശാസ്‌ത്രീയ രീതിയില്‍ പൊളിച്ച്‌ റീസൈക്കില്‍ ചെയ്യുന്ന ആശയം ഇന്ത്യയില്‍ പുതിയതാണ്‌. അവിടെ ഇതു ആകര്‍ഷകമായ ഒരു വ്യവസായമാണ്‌. കഴിഞ്ഞ രണ്ടുദശകമായി ഇന്ത്യന്‍ കാറുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്‌. എന്നാല്‍ പഴയ വാഹനങ്ങളുടെ ഷ്‌റെഡിഗ്‌- റീസൈക്കിളിംഗ്‌ സംബന്ധിച്ച്‌ ഒരു മാര്‍ഗനിര്‍ദ്ദേശങ്ങളുമുണ്ടാക്കിയിട്ടില്ല. വാഹനങ്ങളുടെ പൊളിക്കലും മറ്റും ശാസ്‌ത്രീയമായി നടത്തിയാല്‍ ഇതു വളരെ പരിസ്ഥിതി സൗഹൃദമാണെന്നു മാത്രമല്ല പഴയ വാഹനങ്ങള്‍ റോഡില്‍നിന്നു അപ്രത്യക്ഷമാക്കാനും സഹായിക്കും.'' മഹീന്ദ്ര പാര്‍ടണേഴ്‌സ്‌ മാനേജിംഗ്‌ പാര്‍ട്‌ണര്‍ സൂബെന്‍ ഭിവാന്‍ഡിവാല പറഞ്ഞു.
`` ഇന്ത്യ വാഹനങ്ങളുടെ പൊളിക്കലില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സ്റ്റീല്‍, അലുമിനിയം, പ്ലാസ്റ്റിക്‌, റബര്‍ സ്‌ക്രാപ്പുകള്‍ തുടങ്ങിയവ ഇതില്‍നിന്നു ലഭ്യമാക്കാന്‍ സാധിക്കും. റീസൈക്കിളിംഗ്‌ ഊര്‍ജം ലാഭിക്കുവാന്‍ സഹായിക്കുന്നുവെന്നു മാത്രമല്ല സ്റ്റീല്‍ ഉത്‌പാദനത്തിനു വേണ്ടി വരുന്ന മറ്റു അസംസ്‌കൃതവസ്‌തുക്കളെ ആശ്രയിക്കുന്നതു കുറയ്‌ക്കുവാനും സഹായിക്കുന്നു'' മഹീന്ദ്ര ഇന്റര്‍ട്രേഡ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ സുമിത്‌ ഇസാര്‍ പറയുന്നു.
നിരത്തിലിറക്കാവുന്ന വാഹനങ്ങളുടെ നിലവാരം സംബന്‌ധിച്ചു പുതിയ നിബന്ധനകള്‍ വരുന്നതോടെ വലിയൊരു വിഭാഗം വാഹനങ്ങള്‍ റോഡില്‍നിന്നു പിന്‍വലിക്കേണ്ട സാഹചര്യമാണ്‌ ഉണ്ടാക്കുന്നത്‌. ഈ സംരഭം അതുകൊണ്ടുതന്നെ ഓട്ടോമോട്ടീവ്‌ സ്‌ക്രാപ്‌ മേഖലില്‍ വലിയ വിപ്ലവമാണ്‌ കൊണ്ടുവരിക. സ്റ്റീല്‍ മില്ലുകള്‍ സ്‌ക്രാപ്പിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത്‌ കുറയ്‌ക്കുകയും ചെയ്യും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...