Wednesday, March 1, 2017

കൊച്ചി ബിനാലെ കലയുടെ വാണിജ്യവത്‌കരണം തടയുന്നു: നിരൂപകര്‍






കൊച്ചി: സമകാലീന കലയെ വാണിജ്യവത്‌കരിക്കാതിരിക്കാന്‍ കൊച്ചിമുസിരിസ്‌ ബിനാലെ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന്‌ രാജ്യത്തെ പ്രമുഖ സമകാലീന കലാ നിരൂപകര്‍ അഭിപ്രായപ്പെട്ടു. സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ്‌ ഫോര്‍ ആര്‍ട്ട്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ച്ചറല്‍ ഹെറിറ്റേജ്‌ കണ്‍വീനര്‍ അഭയ്‌ മംഗള്‍ദാസ്‌ , ജോധ്‌പൂര്‍ ഫോര്‍ഡ്‌ മ്യൂസിയം ഡയറക്ടര്‍ കര്‍ണി സിംഗ്‌, ക്യൂറേറ്റര്‍ യാമിനി മേത്ത എന്നിവരാണ്‌ ബിനാലെ കണ്ടശേഷം പ്രശംസാ വാക്കുകള്‍ സമ്മാനിച്ചത്‌.

ബിനാലെയിലെ ജനാധിപത്യം തന്നെ ഏറെ ആകര്‍ഷിച്ചെന്ന്‌ അഭയ്‌ മംഗള്‍ദാസ്‌ പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ എത്തിയ കലാകാരന്മാര്‍ക്ക്‌ തുല്യമായ സ്ഥാനമാണ്‌ ബിനാലെ നല്‍കിയത്‌. ആഗോള തലത്തിലുള്ള പ്രശസ്‌തി മാനദണ്ഡമാക്കി കലാകാരന്മാര്‍ക്ക്‌ പരിഗണന നല്‍കുന്ന പതിവ്‌ കൊച്ചി ബിനാലെയില്‍ കാണാനില്ല. അതുതന്നെ ഏറെ ആശ്വാസം പകരുന്നതാണെന്നും അഭയ്‌ ചൂണ്ടിക്കാട്ടി. ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താത്ത ദ്വീപിലേക്കു വന്ന അനുഭൂതിയാണ്‌ ബിനാലെയിലെത്തുമ്പോഴെന്ന്‌ അദ്ദേഹം പറഞ്ഞു. അഭയ്‌ കഴിഞ്ഞ രണ്ടു ലക്കം ബിനാലെയ്‌ക്കുമെത്തിയിരുന്നു.

കൊച്ചി ബിനാലെയുടെ സാര്‍വദേശീയമായ സ്വഭാവം തന്നെ ആകര്‍ഷിച്ചെന്ന്‌ ക്യൂറേറ്റര്‍ യാമിനി മേത്ത പറഞ്ഞു. ജനനം, ജീവിതം, മരണം എന്നിവയിലൂടെയാണ്‌ പ്രമേയങ്ങള്‍ കടന്നു പോകുന്നത്‌. കലാസ്വാദകരെക്കൂടാതെ പൊതുജനങ്ങളെക്കൂടി ബിനാലെ ആകര്‍ഷിക്കുന്നു. ബിനാലെ വേദികളുടെ പരിസരം പ്രധാനഘടകമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. കലാസ്വാദനത്തിനൊപ്പം മാനസികോല്ലാസവും ബിനാലെ വേദികളിലൂടെ ലഭിക്കുന്നുണ്ടെന്ന്‌ യാമിനി പറഞ്ഞു.

ചരിത്രസ്‌മാരകങ്ങളെ സമകാലീന കലയുടെ കേന്ദ്രങ്ങളാക്കി എങ്ങിനെ മാറ്റാമെന്നതിന്റെ ഉദാഹരണമാണ്‌ കൊച്ചി ബിനാലെയെന്ന്‌ ജോധ്‌പൂര്‍ മ്യൂസിയം ഡയറക്ടര്‍ കര്‍ണി സിംഗ്‌ പറഞ്ഞു. ആളൊഴിഞ്ഞ പഴയ പാണ്ടികശാലകളും കെട്ടിടവളപ്പുകളുമാണ്‌ ഇന്ന്‌ ബിനാലെ വേദികളാകുന്നത്‌. കൊച്ചി ബിനാലെയില്‍നിന്ന്‌ ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികളുടെ പങ്കാളിത്തമാണ്‌ കൊച്ചി ബിനാലെയെ വ്യത്യസ്‌തമാക്കുന്നത്‌. ലോകത്തിന്റെ ഏതു ഭാഗത്തുള്ള കലാപ്രദര്‍ശനങ്ങളിലും പ്രാദേശികപ്രാതിനിധ്യം കുറവാണ്‌. എന്നാല്‍ കൊച്ചിയിലെ ഏതൊരാള്‍ക്കും ബിനാലെ എന്തെന്നറിയാം. അതില്‍ ഭൂരിഭാഗവും ബിനാലെ കണ്ടിട്ടുള്ളവരാണെന്നും കര്‍ണി സിംഗ്‌ നിരീക്ഷിച്ചു.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...